പച്ച പപ്പായയും പഴുത്ത പപ്പായയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏതു കാലാവസ്ഥയിലും ഏത് പറമ്പിലും തഴച്ചുവളരുന്നവയാണിവ. പ്രത്യേക പരിപാലനത്തിന്റെ ആവശ്യമൊന്നുമില്ല. കേരളത്തില്‍ തന്നെ കപ്ലങ്ങ, പപ്പായ, ഓമക്ക, കപ്പങ്ങ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഡയറ്റ് പിന്തുടരുന്നവര്‍ക്കും ഏറെ ഗുണപ്രദമാണ് പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്ന പപ്പായ. വൈറ്റമിനുകളുടേയും ധാതുക്കളുടേയും കലവറ കൂടിയാണ് പപ്പായ.
പപ്പായ കഴിച്ചാല്‍ പലതുണ്ട് ഗുണം. പ്രകൃതിദത്തമായ പഞ്ചസാരയും പോഷകങ്ങളും ധാതുക്കളും നിറഞ്ഞ പപ്പായ വെറുംവയറ്റിലും കഴിക്കാവുന്നതാണ്. ഉണര്‍വും ഊര്ജവും പ്രദാനം ചെയ്യുന്ന പപ്പായ പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കുന്നതും നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളെല്ലാം അകറ്റാന്‍ ഒരു അസ്സല്‍ മരുന്ന് കൂടിയാണ് പപ്പായ. ഭക്ഷണം കഴിച്ച് രണ്ടുമൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പപ്പായ കഴിച്ചാൽ വേറെയും ഗുണങ്ങളുണ്ട്. ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന വിഷമുക്തമാക്കൽ പ്രക്രിയയെ പപ്പായ സഹായിക്കും . ശരീരത്തിനകത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുദ്ധിയാക്കാനും പപ്പായയ്ക്ക് സാധിക്കും.
ശരീരത്തില്‍ ബ്ലഡ് ഷുഗർ നില ഉയരുന്നത് തടയാനും പപ്പായയ്ക്ക് സാധിക്കുമെന്നാണ് വിവരം. ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ് ഇവ. പച്ചപപ്പായ വിരശല്യത്തെ അകറ്റി നിര്‍ത്താനും സഹായിക്കും. മാനസിക സമ്മര്‍ദം അകറ്റാനും ശാരീരിക ക്ഷമത കൂട്ടാനും പപ്പായയ്ക്കാകും. വിറ്റാമിൻ എയും സിയും അടങ്ങിയ പപ്പായ ആന്റിയോക്‌സിഡന്റുകളാല്‍ നിറഞ്ഞുനിൽക്കുന്നവയാണ്. കൊളാജന്‍ സംയോജനം എളുപ്പത്തിലാക്കുന്നതുവഴി ചര്‍മത്തിന് തിളക്കം കൂട്ടാനും പപ്പായയ്ക്ക് സാധിക്കും.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും പകര്‍ച്ചവ്യാധികളെ തടയാനും ഒരു പരിധിവരെ സഹായിക്കുന്നവയാണ് പപ്പായ. മാകുലർ ഡീജനറേഷൻ എന്ന കാഴ്ചശക്തി കുറയുന്ന പ്രത്യേക രോഗാവസ്ഥയെ തടയാനും ഈ നാടന്‍ പഴത്തിനു സാധിക്കും. പ്രായാധിക്യത്തിലും കണ്ണിന്റെ സുരക്ഷയ്ക്കായി നില്‍ക്കാന്‍ പ്രാപ്തിയുള്ളവയാണിവ.