അടുത്ത കാലത്തായി സോഷ്യല്‍മീഡിയകളിലെല്ലാം മധുരക്കിഴങ്ങുമായി ബന്ധപ്പെട്ട വിഡിയോകളും പോസ്റ്റുകളും കാണാറുണ്ട്. ആഴ്ചയില്‍ ഒരുതവണയെങ്കിലും നമ്മുടെ മെനുവില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കഴിക്കാന്‍ രുചികരമായ മധുരക്കിഴങ്ങ് പൊതുവേ കുട്ടികള്‍ക്കും ഇഷ്ടമാണ്. തൊലി കളഞ്ഞും കളയാതെയും വെളളത്തിലിട്ട് പുഴുങ്ങിയാണ് മധുരക്കിഴങ്ങ് പാകമാക്കുന്നത്. ആരോഗ്യത്തിന് ഏത് രീതിയിലാണ് മധുരക്കിഴങ്ങ് മുതല്‍ക്കൂട്ടാവുന്നതെന്ന് നോക്കാം..
വൈറ്റമിന്‍ കലവറ
പോഷക സമൃദ്ധമായ കിഴങ്ങാണ് ഇവ. മധുരക്കിഴങ്ങിൽ വൈറ്റമിൻ എ, ബി6, വൈറ്റമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, സെലിനിയം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ പാൻക്രിയാസിനുണ്ടാകുന്ന വീക്കം, സ്ട്രസ് എന്നിവയെ ഒഴിവാക്കുന്നു. ഉയർന്ന പോഷകമൂല്യം, വിറ്റാമിനുകൾ, ഫൈബർ എന്നീ ഘടകങ്ങള്‍ മനുഷ്യശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. വിറ്റാമിൻ എ യുടെ കലവറയായ മധുരക്കിഴങ്ങ് പ്രതിരോധശേഷിയും കണ്ണുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
രക്തത്തിലെ പഞ്ചസാര നിയന്ത്രണം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മധുരക്കിഴങ്ങ് വളരെ സഹായകരമാണ്. ഡയബറ്റിക് രോഗികൾക്കും ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കാനും ഇത് മികച്ച ഭക്ഷ്യഇനമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ തന്നെ കാന്‍സറിനെ പ്രതിരോധിക്കാനും ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം പരിപോഷിപ്പിക്കാനും സഹായിക്കുന്നു. പലപ്പോഴും ഒരു നാലുമണി പലഹാരമായാണ് പലരും മധുരക്കിഴങ്ങ് ഉപയോഗിക്കാറുള്ളത്.
ത്വക്കിന് സംരക്ഷണം
ത്വക്കിന്റെ ആരോഗ്യവും ചെറുപ്പവും നിലനിര്‍ത്താന്‍ കഴിവുള്ളവയാണ് മധുരക്കിഴങ്ങുകള്‍. ഇതിലെ വിറ്റാമിൻ സി ത്വക്കിന്റെ തിളക്കവും മൃദുത്വും നിലനിറുത്താൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ശരീരത്തിന് മികച്ച രീതിയില്‍ ഊര്‍ജം പ്രദാനം ചെയ്യുന്നവ കൂടിയാണ്.
വണ്ണം നിയന്ത്രിക്കും
പോഷകപ്രദാനമായ മധുരക്കിഴങ്ങ് അമിതവണ്ണം, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുടെ നിയന്ത്രണത്തിനും സഹായിക്കുന്നു. മാംഗനീസ് ശരീരത്തിലെ എൻസൈമുകളുടെ പ്രവർത്തനത്തിനും മുറിവ് ഉണങ്ങുന്നതിനും സഹായിക്കുന്നു.