റെസ്റ്റോറന്‍റില്‍ കയറി ബീഫ് ഫ്രൈയോ ഫിഷ് ഫ്രൈയോ ഓർഡർ ചെയ്താൽ, പിന്നാലെ ഒരു വിളികൂടി വരും... സ്വല്പം സവാള കൂടി ഒപ്പം വെച്ചേക്കണേ. സവാളയ്ക്ക് വില കൂടി നിൽക്കുന്ന സമയമാണെങ്കിൽ റസ്റ്റോറന്റുകാർ ക്യാബേജോ മറ്റോ വെച്ച് അഡ്ജസ്റ്റ് ചെയ്യാറാണ് പതിവ്. ഇത്തരത്തിൽ എന്ത് നോൺ വെജ് കഴിച്ചാലും ഒപ്പം സവാള കൂടി പച്ചയ്ക്ക് കഴിക്കുന്നവർ ഏറെയാണ്.
സവാള പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ ഉള്ളത്?. സവാളയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകൾ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ പുറന്തള്ളാൻ സവാള ബെസ്റ്റാണ്. മാത്രമല്ല വയറ്റിൽ അടിഞ്ഞു കൂടുന്ന ഭക്ഷണാംശങ്ങളെ പുറംതള്ളി മലബന്ധ സംബന്ധമായ പ്രശ്നം പരിഹരിക്കാനാണ് സവാള പച്ചയ്ക്ക് കഴിക്കുന്നത് ഗുണം ചെയ്യും.
പ്രമേഹമോ പ്രീ ഡയബറ്റീസോ കുറയ്ക്കാൻ ദിവസവും സവാള കഴിക്കുന്നത് നല്ലതാണ്. പച്ച ഉള്ളിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും കഴിയും. ചെറുകുടൽ, അഡിപ്പോസ് ടിഷ്യു, പാൻക്രിയാസ്, കരൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉള്ളിയിലെ തന്മാത്രകൾക്ക് സാധിക്കും.
സവാളയിലെ ആൻ്റി ഓക്‌സിഡൻ്റായ ക്വെർസെറ്റും, ഫ്ലേവനോയിഡും നമ്മുടെ ശരീരത്തിലുള്ള ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കും. തൊണ്ടവേദന, ജലദോഷം, കഫക്കെട്ട് എന്നിവയ്ക്കും സവാള മരുന്നാണ്. പച്ച ഉള്ളിയിൽ ധാരാളം നാരുകളും പ്രീബയോട്ടിക്കുകളുമു്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പച്ച ഉള്ളി ആന്റി-കാർസിനോജെനിക് ഗുണങ്ങളാൽ സമ്പന്നമാണ്. സവാളയിലെ കാൻസർ വിരുദ്ധ ഗുണങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയും. ആമാശയത്തിലെയും വൻകുടലിലെയും ക്യാൻസറുകൾ കുറയ്ക്കാൻ സവാള കഴിക്കുന്നത് ഉപകരിക്കും. ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തും. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സവാള നിത്യവും കഴിക്കുന്നത് നല്ലതാണ്.