ചൂടുള്ള ചായ ഊതിയൂതിക്കുടിക്കുന്നതാണ് ഗുപ്തനിഷ്ടം എന്ന് ഹരികൃഷ്ണന്‍സ് സിനിമയിലെ നായിക പറയുന്നുണ്ട്. ഗുപ്തന്‍റെ ഈ ഇഷ്ടം പലരിലുമുള്ളതാണ്. എന്നാല്‍ ചൂടുള്ള ചായയോ കാപ്പിയോ അങ്ങനെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതുതന്നെയോ എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിത്യവുമുള്ള ഇവയുടെ ഉപയോഗം വായിലും അന്നനാളിയിലും അര്‍ബുദം വരെ ഉണ്ടാക്കാമത്രേ.
ചൂടുള്ള പാനീയങ്ങൾ കോശത്തെ പ്രതികൂലമായി ബാധിക്കുമെന്നും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്ടർമാർ പറയുന്നു. അവ പ്രത്യക്ഷത്തിൽ അന്നനാളത്തിൽ വീക്കത്തിനും കോശങ്ങളുടെ തകരാറിനും കാരണമാകും. 65 ഡിഗ്രി സെൽഷ്യസിനോ 149 ഡിഗ്രി ഫാരൻഹീറ്റിനോ മുകളിലുള്ള പാനീയങ്ങൾ സാധാരണയായി അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു.
പാനീയങ്ങളുടെ ചൂട് മിതമായ തോതിലാക്കുന്നത് ഇത്തരം അപകട സാധ്യതകള്‍ കുറയ്‌ക്കും. ചായയോ കാപ്പിയോ വീണ്ടും ചൂടാക്കി കുടിക്കുന്നതും നല്ലതല്ല. ഇഞ്ചി, കറുവപ്പട്ട തുടങ്ങിയവ ഇട്ടുള്ള ചായ നല്ലതാണ്. അപ്പോള്‍ ഇനി നല്ല മഴയത്ത് ചൂടുചായ ഊതിയൂതി കുടിക്കാന്‍ ഇഷ്ടം തോന്നുമ്പോള്‍ ഒന്ന് സൂക്ഷിക്കാം, ഇത് പതിവാക്കേണ്ട.