idli-sambarr

ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണപലഹാരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇഡലിയുടെ സ്ഥാനം. രാവിലെ ചൂട് ഇഡലിയും സാമ്പാറും ചമ്മന്തിയും കഴിച്ച് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. എന്നാല്‍ ചില ഇഡലികള്‍ കാന്‍സറിന് കാരണമായേക്കുമെന്ന ഗുരുതര കണ്ടെത്തലില്‍ നടപടി ആരംഭിച്ചിരിക്കുകയാണ് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇവര്‍ നടത്തിയ പരിശോധനയിൽ 52 ഹോട്ടലുകൾ ഇഡ്ഡലി തയാറാക്കാനായി പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചതായി കണ്ടെത്തി.ആരോഗ്യകരമായ പ്രഭാത ഭക്ഷണം  ഇത്തരത്തില്‍ ഉണ്ടാക്കി അസുഖങ്ങള്‍ വിളിച്ചു വരുത്തുന്നതിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് വകുപ്പ്. 

കർണാടകയിലുടനീളമുള്ള ഭക്ഷണശാലകളിലെ 500 ലധികം ഇഡ്ഡലി സാമ്പിളുകൾ പരിശോധിച്ചപ്പോള്‍, ഇതില്‍ 35 ഇഡ്ഡലികളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി. ഇതിന് കാരണമായേക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂർണമായും നിരോധിക്കുന്ന കാര്യം സംസ്ഥാനം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. 

 ആവിയില്‍ ഇഡ്ഡലി തയാറാക്കിയ ശേഷം  വൃത്തിയുള്ള കോട്ടൺ തുണികളില്‍ വെക്കുന്നതാണ് കര്‍ണാടകയിലെ പരമ്പരാഗത രീതി.  പക്ഷേ ചില ഹോട്ടലുകളും വഴിയോര കച്ചവടക്കാരും കോട്ടൺ തുണികൾക്ക് പകരം പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നു. ചൂടാകുമ്പോള്‍ ഇവ വിഘടിച്ച് ഹാനികരമായ കെമിക്കലുകള്‍ രൂപം കൊള്ളുകയും കാന്‍സറിന് ഉള്‍പ്പെടെ കാരണമാകുകയും ചെയ്യും. 

ഇഡ്ഡലി ഉണ്ടാക്കുന്നതിനായി ഹോട്ടലുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇത്തരം നിരവധി സംഭവങ്ങൾ വകുപ്പ് കണ്ടെത്തിയതായി കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു തന്നെ അറിയിച്ചിരുന്നു. പ്ലാസ്റ്റിക് അർബുദകാരിയായതിനാൽ ഹോട്ടലുടമകൾ ഒരിക്കലും ഇത് ചെയ്യാൻ പാടില്ല. പ്ലാസ്റ്റിക്കിലെ അർബുദകാരികളായ ഘടകങ്ങൾ ഇഡ്ഡലിയിൽ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും  മന്ത്രി പറഞ്ഞു.ഹോട്ടലുകളും തെരുവ് കച്ചവടക്കാരും ഇത്തരം രീതികൾ തുടരുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കും. കര്‍ണാടകയിലെ  252 സ്ഥലങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇഡ്ഡലി സാമ്പിളുകൾ ശേഖരിച്ചു. 

ഇവയില്‍ 52 ഇടങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചതായി കണ്ടെത്തി. ഈ രീതി പിന്തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ നിർമ്മാണ പ്രക്രിയകളിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിക്കുന്നതിനെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്. .ഭക്ഷണം തയാറാക്കുമ്പോള്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ, ഹോട്ടലുകളെയും മറ്റ് ഭക്ഷണശാലകളെയും ബോധവൽക്കരിക്കുന്നതിനുള്ള ഒരു കാമ്പെയ്‌നും മന്ത്രാലയം ആരംഭിക്കുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാനടപടികളിലേക്ക് കടക്കുന്ന കാര്യവും പരിഗണിക്കും

ENGLISH SUMMARY:

The Karnataka Food Safety Department has initiated action following a serious finding that certain idlis could potentially cause cancer. During inspections, officials discovered that 52 hotels were using polythene sheets to prepare idlis. The department is now gearing up to take strict measures against such unhealthy food preparation practices that pose health risks.