ഒരിക്കലും പുകവലിക്കാത്തവരിലും മദ്യപിക്കാത്തവരിലും കാന്‍സര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ശാസ്ത്രലോകം. ഇതിനിടെ പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഓറൽ ക്യാൻസറിനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന പഠനം പുറത്തുവന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ദിവസവും പഞ്ചസാര ചേർത്ത ഒരു മധുരപാനീയമെങ്കിലും കഴിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വായില്‍ കാന്‍സര്‍ വരാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് പഠനം പറയുന്നു. പഞ്ചസാര ചേർത്ത പാനീയങ്ങൾ വൻകുടലിലും അന്നനാളത്തിലും കാന്‍സര്‍ ഉണ്ടാക്കുമെന്ന് നേരത്തേ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. പുതിയ പഠനം ഓറല്‍ കാന്‍സര്‍ പ്രതിരോധത്തിലും ചികില്‍സയിലും പുതിയ വഴിതുറക്കും എന്നാണ് പ്രതീക്ഷ.
പുകയില, മദ്യം, മുറുക്കാന്‍ എന്നിവ ഉപയോഗിക്കുന്ന പ്രായമായ പുരുഷന്മാരിലാണ് ഓറൽ കാവിറ്റി കാൻസർ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെ മറ്റുള്ളവരിലും വായിലെ കാന്‍സര്‍ ഉണ്ടാകുന്നുണ്ട്. പുകവലി കുറഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട കാന്‍സര്‍ കേസുകൾ കുറഞ്ഞെങ്കിലും മറ്റു കാരണങ്ങളാലുള്ള രോഗബാധ വര്‍ദ്ധിക്കുകയാണ്.
2020 ൽ ലോകത്ത് 355,000-ത്തിലേറെ പുതിയ ഓറൽ കാവിറ്റി കാൻസർ കേസുകൾ സ്ഥിരീകരിച്ചിരുന്നു. 177,000 മരണങ്ങളുമുണ്ടായി. ഇതില്‍ പുകവലിക്കാത്തവരിൽ പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളിലുണ്ടാകുന്ന കാന്‍സര്‍ കേസുകള്‍ ഗണ്യമായി വര്‍ധിച്ചു. ഇപ്പോഴും സ്ത്രീകളില്‍ സ്താനാര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍ എന്നിവയെ അപേക്ഷിച്ച് കുറവാണ് ഓറല്‍ കാന്‍സര്‍. ഒരുലക്ഷത്തില്‍ 4 - 4.3 കേസുകളാണ് ഓറല്‍ കാന്‍സര്‍ നിരക്ക്.