പ്രതീകാത്മക ചിത്രം
ചുട്ടുപൊള്ളുന്ന വെയിലാണ്. വാടി തളരാതെയിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം. പക്ഷേ കുടിക്കുന്ന വെള്ളം ശുദ്ധമാണോ? അങ്ങിനെയൊരുറപ്പുണ്ടോ? അല്ലെങ്കില്‍ ''എട്ടിന്‍റെ പണിയാവും'' കാത്തിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണമുള്ള മഞ്ഞപ്പിത്തം കേരളത്തില്‍ വ്യാപകമാണ്. സംസ്ഥാനത്ത് ഈ മാസം ഇതുവരെ 481 പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചത്. മുമ്പൊക്കെ ഗുരുതരമായ ആരോഗ്യഭീഷണിയുണ്ടാക്കാതെ കടന്നുപോയിരുന്ന ഹെപ്പറ്റൈറ്റിസ് എ ഇപ്പോള്‍ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങളുടെ താളം തെറ്റിക്കുകയാണ് .
മലിനജലത്തിലൂടെയണ് മഞ്ഞപ്പിത്തം പടരുന്നത്. മലിനമായ ജലസ്രോതസുകളിലുടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയങ്ങള്‍ എന്നിവയിലുടെയും ഹെപ്പറ്റൈറ്റിസ് എ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ മുന്‍ക്കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വ്യത്യാസമില്ലാതെ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യുന്നത്.
റീല്‍സും വ്ളോഗും കണ്ട് ജ്യൂസ് കുടിക്കേണ്ട
യുവാക്കള്‍ക്കിടയിലാണ് കൂടുതലായും മഞ്ഞപ്പിത്തം പടരുന്നതെന്ന് ആരോഗ്യവിദഗദ്ധര്‍ പറയുന്നു. റീല്‍സും വ്ളോഗും കണ്ട് പുതുരുചി തേടിപ്പോകുന്നത് തന്നെ കാരണം. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകള്‍ കണ്ട് ജ്യൂസും പാനീയങ്ങളും പരീക്ഷിക്കുന്നത് പുതിയ ട്രെന്‍ഡാണ്. പക്ഷേ ഇവ തയ്യാറാക്കുന്ന കടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിയുള്ള സാഹചര്യത്തിലാണോ എന്ന് ആരും തിരക്കാറില്ല. പലപ്പോഴും ഇത്തരം കടകള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവയാവും. ഇതുതന്നെയാണ് രോഗം പടര്‍ന്നുപിടിക്കുന്നതിന്‍റെ കാരണവും. യാത്രകളും മറ്റുമായി അവധിക്കാലം അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും എല്ലാവരും. വിനോദയാത്ര പോവുന്നവര്‍ക്ക് വെള്ളത്തിലുടെയും ഭക്ഷണത്തിലുടെയും മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ യാത്രകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങള്‍
ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞനിറത്തിലാവുക എന്നിവയാണ് രോഗലക്ഷണങ്ങള്‍.
പ്രതിരോധമാര്‍ഗങ്ങള്‍
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം ഒഴിവാക്കുക, കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്രവിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.