ആരോഗ്യമന്ത്രി വീണ ജോര്‍ജ് (ആര്‍ക്കൈവ്സ്)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് (ആര്‍ക്കൈവ്സ്)

  • കേരളത്തില്‍ മഞ്ഞപ്പിത്തം പടരുന്നു
  • മുന്‍കരുതല്‍ കര്‍ശനമാക്കണമെന്ന് മന്ത്രി
  • മുതിര്‍ന്നവരില്‍ പ്രത്യേക ജാഗ്രത വേണം

മഞ്ഞപ്പിത്തം പടരുന്നത് തടയാന്‍ പ്രതിരോധ നീക്കങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. ഹോട്ടലുകളും മറ്റ് ഭക്ഷണവില്‍പ്പന സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്ന് ഉറപ്പാക്കണം. കാലാവധി തീര്‍ന്നവ പുതുക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. കുടിവെള്ള സ്ത്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. രോഗബാധിതര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

hepatitis-blood-sample

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചവര്‍ ശ്രദ്ധിച്ചില്ലെങ്കിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. ആദ്യത്തെ രണ്ടാഴ്ച നിർണായകമാണ്. പനി, ക്ഷീണം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ചശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. 

ഒരു സ്ഥലത്ത് രോഗവ്യാപനമുണ്ടായാൽ വീണ്ടും അവിടെനിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. രോഗികള്‍ വൈറസിന്റെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ശാസ്ത്രീയ ചികിത്സ തേടുക. വ്യാജ പ്രചരണങ്ങൾക്ക് പിന്നാലെ പോയി രോഗം ഗുരുതരമാക്കരുത്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ വളരെ ശ്രദ്ധിക്കണം.

Virus Outbreak Britain Vaccine

ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയവരും, രോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വൈറസ് ബാധിച്ച് ·രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ചശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. (ലൈംഗിക ബന്ധം ഉൾപ്പടെ).
  • രോഗികള്‍ ഭക്ഷണ, പാനീയങ്ങൾ തയ്യാറാക്കുന്നതിൽ നിന്ന് മാറി നിൽക്കുക.
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക, പ്രത്യേകിച്ച് മല-മൂത്ര വിസർജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും.
  • രോഗി ഉപയോഗിക്കുന്ന ശുചിമുറികളിലെ പ്രതലങ്ങൾ, ബ്ലീച്ച് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കുക.
  • രോഗി ഉപയോഗിച്ച വസ്ത്രങ്ങളും, പാത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്.
  • ഹോസ്റ്റലുകൾ, ഡോർമിറ്ററികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ രോഗബാധിതരെ പ്രത്യേകം താമസിപ്പിക്കുക.
  • രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകണം. അവ 0.5% ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. (15 ഗ്രാം അല്ലെങ്കിൽ 3 ടീ സ്പൂൺ അല്ലെങ്കിൽ 1 ടേബിൾ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ 1 ലിറ്റർ വെള്ളത്തിൽ കലക്കിയാൽ 0.5% ബ്ലീച്ചിംഗ് ലായനി തയ്യാറാക്കാവുന്നതാണ്.)
  • ആൾക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഹെപ്പറ്റൈറ്റിസ് എ അണു നശീകരണത്തിന് ഫലപ്രദമല്ല.