HEALTH-USA/DRUGPRICING

പനി വന്നാല്‍, ശരീരം വേദന വന്നാലൊക്കെ ഡോക്ടറോട് പോലും ചോദിക്കാതെ പാരസെറ്റാമോള്‍ കഴിക്കുന്നവരാണ് അധികവും. എന്നാലിനി ആ പതിവ് തുടരരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പാരസെറ്റമോളും കാല്‍സ്യം , വിറ്റാമിന്‍ D3 ഗുളികകളുമുള്‍പ്പടെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന 53ലേറെ മരുന്നുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡാര്‍ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ ഏറ്റവും പുതിയ ഡ്രഗ് അലര്‍ട്ട് ലിസ്റ്റിലാണ് വിവരമുള്ളത്. അതത് സംസ്ഥാനങ്ങളിലെ ഡ്രഗ് ഓഫിസര്‍മാരാണ് മരുന്നുകളുടെ സാംപിള്‍ എല്ലാ മാസവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. 

PARACETAMOL

വിറ്റാമിന്‍ സി, D3 ഗുളികയായ ഷെല്‍കെല്‍, വിറ്റാമിന്‍ ബി കോംപ്ലക്സ്,വിറ്റാമിന്‍ സിയുടെ സോഫ്റ്റ് ജെല്‍, ഗ്യാസ് പ്രശ്നങ്ങള്‍ക്ക് നല്‍കുന്ന പാന്‍–ഡി, പാരസെറ്റമോള്‍ 500 ഗ്രാം, പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന ഗ്ലിമിപ്രൈഡ്, ഉയര്‍ന്ന രക്തസമ്മദര്‍മുള്ളവര്‍ക്ക് നല്‍കുന്ന തെല്‍മിസാര്‍ടാന്‍ എന്നിങ്ങനെ പോകുന്നു ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക. 

ഹെറ്റെറോ ഡ്രഗ്സ്, അല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ ആന്‍റിബയോട്ടിക്സ് ലിമിറ്റഡ്, കര്‍ണാടക ആന്‍റ്ബയോട്ടിക്സ് ആന്‍റ് ഫാര്‍മസ്യൂട്ടികള്‍ ലിമിറ്റഡ്, മെഗ് ലൈഫ്സയന്‍സസ്, പ്യുവര്‍ ആന്‍റ് ക്യുവര്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയ കമ്പനികളാണ് മേല്‍പ്പറഞ്ഞ മരുന്നുകള്‍ നിര്‍മിക്കുന്നത്. വയറിലെ അണുബാധയ്ക്ക് നല്‍കുന്ന മെട്രോനിഡാസോളും ഗുണനിലവാരമില്ലാത്തവയുടെ പട്ടികയിലുണ്ട്.ബാക്ടീരിയ കാരണം കുട്ടികളിലുണ്ടാകുന്ന അണുബാധയ്ക്ക് നല്‍കുന്ന സിപോഡെം എക്സ്പി 50 ഡ്രൈ സസ്പെന്‍ഷനും പരിശോധനയില്‍ പരാജയപ്പെട്ടു. 

അവശ്യമരുന്നുകളുടെ പട്ടികയില്‍പ്പെട്ടവയാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട 48 മരുന്നുകളെന്നും ഡ്രഗ് റഗുലേറ്റര്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നിഷേധിച്ച മരുന്ന് കമ്പനികള്‍ പരിശോധനാഫലം തെറ്റാണെന്നാണ് അവകാശപ്പെടുന്നത്. പല മരുന്നുകളിലും അവശ്യഘടകങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നും വിപണിയില്‍ വിറ്റഴിക്കപ്പെടുന്നവയില്‍ ചിലതൊക്കെ പൂര്‍ണമായും 'വ്യാജ'മരുന്നുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പനിക്കും ശരീരം വേദനയ്ക്കും അലര്‍ജിക്കും നല്‍കുന്നതുള്‍പ്പടെ 156 മരുന്നുകള്‍ ജീവന് തന്നെ ഹാനികരമാണെന്നും ഇവ പിന്‍വലിക്കണമെന്നും സിഡിഎസ്​സിഒ ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

ENGLISH SUMMARY:

More than 50 drugs, including calcium and vitamin D3 supplements, anti-diabetes pills, and high blood pressure medicines have failed quality tests by India's drug regulator.