പലതരം ഫോബിയകളെക്കുറിച്ച് കേട്ടിട്ടില്ലേ? വെള്ളത്തിനോട്, ഇരുട്ടിനോട്, ഉയരത്തോട്, ഇടുങ്ങിയ സ്ഥലത്തോട്, അങ്ങനെ അങ്ങനെ നീണ്ടുപോകുന്നു പല വിധ ഫോബിയകള്‍. എന്നാല് സ്വീഡനിലെ മന്ത്രിയായ പോളിന ബ്രാൻഡ്ബെർഗിനുള്ളത് ഒരു പ്രത്യേക തരം ഫോബിയയാണ്. ബനാനഫോബിയ. അതായത് പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ വാഴപ്പഴങ്ങളോടുള്ള പേടി.
വാഴപ്പഴങ്ങൾ കണ്ടാൽ പോളിന പേടിച്ചു വിറയ്ക്കും. നേരത്തെ 2020 ൽ തന്റെ എക്സ് അക്കൗണ്ടിലൂടെ പോളിന തന്‍റെ ഈ ഫോബിയ വെളിപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വിചിത്രമായ ഭയം എന്നാണവര്‍ തന്‍റെ ഫോബിയയെ അന്ന് വിശേഷിപ്പിച്ചത്.
താൻ ഔദ്യോഗിക കാര്യങ്ങൾക്കു പോകുമ്പോൾ മുറികളിൽ നിന്ന് വാഴപ്പഴങ്ങൾ മാറ്റിവയ്ക്കാനും പോളിന ആവശ്യപ്പെടാറുണ്ട്. സ്വീഡിഷ് സ്പീക്കറുടെ ഓഫീസിലേക്കടക്കം വാഴപ്പഴങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി സന്ദേശം അയക്കുകയായിരുന്നു. ഈ മെയില്‍ ലീക്കായതോടെയാണ് മന്ത്രിയുടെ ഈ വിചിത്രമായ ഫോബിയ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്.
സ്വീഡനിലെ ലിംഗസമത്വം, തൊഴില്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പൗളീന. പൗളീനയുടെ ഈ ഫോബിയയില്‍ പ്രധാനമന്ത്രിയടക്കം നിരവധി പേര്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ഫോബിയയുള്ള ആളുകളോട് തനിക്ക് എല്ലായ്പ്പോഴും ബഹുമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു കാബിനറ്റ് മന്ത്രിക്കുണ്ടായ ഒരു ഫോബിയയെ ആളുകള്‍ കളിയാക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും കൂട്ടിച്ചേര്‍ത്തു.
വാഴപ്പഴത്തോടുള്ള ഈ ഭയം അഥവാ ബനാനോഫോബിയ ഒരു വ്യക്തിയെ ശാരീരികമായും വൈകാരികമായും ബാധിക്കുന്ന ഒന്നാണ്. അപൂര്‍വമായി കണ്ടുവരുന്ന ഈ ഫോബിയയുള്ളവരില്‍ വാഴപ്പഴം കാണുമ്പോള്‍ തീവ്രമായ ഉത്കണ്ഠ, ഓക്കാനം, അമിതമായ വിറക്കല്‍, തലകറക്കം എന്നിവയും കണ്ടു വരാറുണ്ട്. കൗണ്‍സിലിങ്ങിലൂടെ ഈ അവസ്ഥ ഒരു പരിധി വരെ മറികടക്കാവുന്നതാണ്.