TOPICS COVERED

ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട ശുചിത്വമില്ലായ്മ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കും. എന്നാല്‍ ചില ശീലക്കേടുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ എത്ര വൃത്തിയാക്കിയാലും അണുക്കള്‍ പടരാനുള്ള സാധ്യത ബാക്കിയാകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

മലവിസര്‍ജ്ജനത്തിനുശേഷം  ടോയ്‌ലറ്റ്‌ സീറ്റ്‌ തുറന്ന്‌ വച്ച്‌ വെള്ളം ഫ്‌ളഷ്‌ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ അത് മാറ്റേണ്ടതാണ്.  ടോയ്‌ലറ്റ്‌ സീറ്റ്‌ തുറന്ന്‌ വച്ച്‌ ഫ്‌ളഷ്‌ ചെയ്യുന്നത്‌ മലത്തിലെ ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ മുകളിലേക്ക്‌ ഉയര്‍ന്ന്‌ വരാന്‍ കാരണമാകുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. വായുവിലേക്ക്‌ അണുക്കളുടെ ഒരു പ്രവാഹമുണ്ടാക്കാന്‍ ടോയ്‌ലറ്റ്‌ ഫ്‌ളഷിന്‌ കഴിയും. സീറ്റ്‌ അടച്ചു വച്ചില്ലെങ്കില്‍ ഈ അണുക്കള്‍ ബാത്ത്‌റൂമിലെ ടവല്‍ റാക്കുകളിലും സിങ്ക്‌ ഹാന്‍ഡിലുകളിലും, പല്ല്‌ തേയ്‌ക്കുന്ന ബ്രഷില്‍ വരെ പറ്റിപിടിച്ചിരിക്കും. അവയെല്ലാം തൊടുകയും ഉപയോഗിക്കുകയും ചെയ്യുന്നതോടെ അണുക്കള്‍ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കും. ഇ-കോളി, സാല്‍മണെല്ല, നോറോവൈറസ്‌ തുടങ്ങിയവയെല്ലാം  ഇത്തരത്തില്‍ ശരീരത്തിനുള്ളിലെത്താനുള്ള സാധ്യത ചെറുതല്ല.

 ഫ്‌ളഷ്‌ ചെയ്യുമ്പോള്‍ അടച്ചിടുന്ന ടോയ്‌ലറ്റ്‌ ലിഡ്‌ ദിവസവും കഴുകാനും അണുവിമുക്തമാക്കാനും മറക്കരുത്. ദിവസവും വൃത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആഴ്‌ചയില്‍ ഒന്നെങ്കിലും ടോയ്‌ലറ്റ്‌ സീറ്റ്‌ അടക്കം അണുവിമുക്തമാക്കണം. എപ്പോഴും തൊടുന്ന ബാത്ത്‌റൂം പ്രതലങ്ങളായ ടോയ്‌ലറ്റ്‌ ഫ്‌ളഷ്‌ ഹാന്‍ഡില്‍, സിങ്ക്‌ ഫോക്കറ്റുകള്‍, വാതിലിന്റെ നോബുകള്‍,ഷവര്‍ ഹാന്‍ഡിലുകള്‍ എന്നിവയും ആഴ്‌ചയില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കണം. ശുചിമുറിയില്‍ പൂപ്പല്‍ വളര്‍ന്ന്‌ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യത്തിന്‌ വെന്‍റിലേഷനും ഉറപ്പുവരുത്തണം. ശുചിമുറി ഉപയോഗിച്ച്‌ കഴിഞ്ഞും ശുചിമുറിയിലെ വസ്‌തുക്കള്‍ സ്‌പര്‍ശിച്ച്‌ കഴിഞ്ഞും കൈകള്‍ സോപ്പിട്ട്‌ കുറഞ്ഞത്‌ 20 സെക്കന്‍ഡ്‌ കഴുകണം. ബാത്ത്‌റൂമിലെ ടവലുകള്‍ ഇടയ്‌ക്കിടെ മാറ്റാനും സോപ്പ്‌, ടൂത്ത്‌ബ്രഷ്‌, റേസര്‍, ടവല്‍ തുടങ്ങിയ വ്യക്തിഗത വസ്‌തുക്കള്‍ പങ്കുവയ്‌ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്‌.

ENGLISH SUMMARY:

Stop Doing THIS When You Flush! The Disgusting Truth About Toilet Germs and Your Health