പൂക്കള്‍ വിടര്‍ത്തുന്ന വസന്തകാലം മനസ്സില്‍ സന്തോഷം കൊണ്ടുവരാറില്ലേ. ഇലകളെല്ലാം പൊഴിയുമ്പോള്‍, നീണ്ടു നില്‍ക്കുന്ന തണുപ്പും ദൈര്‍ഘ്യം കുറഞ്ഞ പകലുകളും ഏതൊക്കെയോ വിഷാദങ്ങളിലേക്ക് കൊണ്ടുപോകാറില്ലേ.. പേടിക്കേണ്ട ഇതാണ് സീസണൽ അഫക്ടീവ് ഡിസോർഡർ. ഋുതുഭേദങ്ങള്‍ക്കനുസരിച്ച് ഉണ്ടാകുന്ന വിഷാദരോഗമാണ് സാഡ് (SAD). എല്ലാവർഷവും ഒരേസമയത്ത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഹേമന്തത്തിന്‍റെ ആരംഭത്തിൽ തുടങ്ങി ശിശിരകാലം മുഴുവൻ തുടരുന്ന സാഡ്, ഊർജമെല്ലാം കൊഴിച്ച് വിഷാദത്തിലേക്ക് നമ്മെ തള്ളിയിട്ടേക്കാം.
ആറ് ഋതുക്കളും പ്രകടമാകുന്ന ഇടങ്ങളിലാണ് കൂടുതലും സാഡ് ബാധിക്കുന്നത്. അമേരിക്കയിൽ ഏതാണ്ട് 5 ശതമാനം പേരെ സാഡ് ബാധിക്കുന്നതായി ക്ലീവ്‌ലാൻഡ് ക്ലിനിക് പറയുന്നു. 18 വയസ്സു മുതൽ 30 വയസ്സുവരെയുള്ള പ്രായത്തിലാണ് ഇത് ആരംഭിക്കുന്നത്. പുരുഷന്മാരെക്കാളധികം സ്ത്രീകളെയാണ് ഈ വിഷാദം ബാധിക്കുന്നത്. എന്നാല്‍ സാഡിനെ പ്്രസന്നതയോടെ നേരിടാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം മറ്റൊന്നുമല്ല സൂര്യപ്രകാശത്തെ സ്വീകരിക്കുക എന്നത് തന്നെ.
മനോനില (mood) മെച്ചപ്പെടുത്തുന്ന ഹോർമോൺ ആയ സെറോടോണിന്‍റെ അളവ് നിയന്ത്രിക്കാൻ സൂര്യപ്രകാശത്തിന് സാധിക്കും. പുറത്തു സമയം ചെലവഴിക്കുന്നതും രാവിലത്തെ വെയിൽ കൊള്ളുന്നത് ഗുണംചെയ്യും. വീട്ടിലും ജോലിസ്ഥലത്തും ജനാലയ്ക്കരികിൽ ഇരിക്കുന്നതും നല്ലതാണ്. വ്യായാമമാണ് മറ്റൊരു ലളിതമായ മാര്‍ഗം.
ആക്ടീവ് ആയിരിക്കാംമനോനില മെച്ചപ്പെടുത്തുകയും സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യുന്ന എൻഡോർഫിൻ ഹോർമോണിനെ ഉൽപാദിപ്പിക്കാൻ വ്യായാമം സഹായിക്കും. നടത്തം, സ്ട്രെച്ചിങ്ങ് തുടങ്ങിയ ലഘു വ്യായാമങ്ങൾ പോലും സാഡിന്‍റെ ലക്ഷണങ്ങളെ പ്രതിരോധിക്കും. ആഴ്ചയിൽ കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും പുറത്ത് വ്യായാമം ചെയ്യാം. ഇത് വ്യായാമത്തിന്‍റെയും സൂര്യപ്രകാശത്തിന്‍റെയും ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.
കൃത്യമായ ദിനചര്യ മൂഡ് മെച്ചപ്പെടുത്തുന്നതോടൊപ്പം ഉറക്കം നിയന്ത്രിക്കാനും ഊർജനില വർധിപ്പിക്കാനും സഹായിക്കും. ആഴ്ചാവസാനം ഉൾപ്പെടെ എല്ലാദിവസവും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഒരാളുടെ മനോനിലയെയും ഊർജത്തെയും ഭക്ഷണം സ്വാധീനിക്കും. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പ്രോട്ടീൻ ഇവയടങ്ങിയ സമീകൃതഭക്ഷണം ശീലമാക്കാം. ഇവ ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകും. പഞ്ചസാര, കഫീൻ ഇവ ഒഴിവാക്കാം. കാരണം ഇവ ഊർജനിലയിൽ മാറ്റം വരുത്തുകയും മൂഡ്സ്വിങ്ങ്സിനു കാരണമാകുകയും ചെയ്യും.
ഇതിനെല്ലാം ഒപ്പം ഒരാളുടെ മാനസികനിലയെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണ് ബന്ധങ്ങള്‍. പ്രിയപ്പെട്ടവര്‍ക്കൊപ്പം പരമാവധി ചിലവഴിക്കുന്നത് മനസ്സ് വിഷാദത്തിലേക്ക് വീഴാതിരിക്കാന്‍ വലിയൊരളവോളം സഹായിക്കും.ഇതിനൊന്നും നിയന്ത്രിക്കാനാകാത്ത തരത്തില്‍ സങ്കടങ്ങള്‍ നിങ്ങളെ കീഴ്പ്പെടുത്തുന്നുണ്ടെങ്കില്‍ താമസിപ്പിക്കേണ്ട, തീര്‍ച്ചയായും ഒരു തെറാപ്പിസ്റ്റിന്‍റെ സഹായം തേടുക തന്നെ വേണം.