hmpv-fake

ചൈനയിൽ പുതിയ വൈറസ് പടര്‍ന്നു പിടിക്കുന്നുയെന്നും കോവിഡ് സമാന സാഹചര്യത്തിലേക്ക് ലോകത്തെ തള്ളിവിടുന്നു എന്ന രീതിയിലും പ്രചാരണം ശക്തമാണ്. ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നാണ് സമൂഹ മാധ്യമ പോസ്റ്റുകള്‍. ഈ പ്രചാരണം ഇന്ത്യയില്‍ കാട്ടുതീ പോലെ പടരുകയും ചെയ്തു.  ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാ‌ന്യൂമോ, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസുകള്‍ ബാധിച്ച് രോഗികളായവരും  ചൈനയിലുണ്ടെന്ന് അഭ്യൂഹങ്ങള്‍. എന്നാല്‍ ഭീതി വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പുതിയതല്ല, എല്ലാ രാജ്യങ്ങളിലും നേരെത്തെ കണ്ടെത്തിയിട്ടുള്ള പഴയ ഒരു വൈറസാണ് ഹ്യൂമൻ മെറ്റാ‌ന്യൂമോ വൈറസ്(HMPV). സാധാരണ ജലദോഷവും പനിക്കും കാരണമാകുന്ന വൈറസ്. അപൂർവ സന്ദർഭങ്ങളിലെ, ഇത് ശ്വാസകോശ അണുബാധകൾക്ക് കാരണമാകു. 'സാധാരണ ജലദോഷവും പനിക്കും കാരണമാകുന്ന സെല്‍ഫ് ലിമിറ്റിങ് വൈറസാണ്. അതിനര്‍ഥം ജലദോഷത്തിനും ചുമയ്ക്കും കാരണമാകുമെങ്കിലും മനുഷ്യശരീരത്തിൽ തന്നെ സ്വയം മരിക്കുന്ന വൈറസാണിവ. മറ്റെന്തെങ്കിലും രോഗമുണ്ടെങ്കിലോ രോഗപ്രതിരോധ ശേഷി കുറവാണെങ്കിലോ മാത്രമാണ് ഗുരുതരമാവുകയന്ന് ആരോഗ്യ വിദഗ്ധനായ ഡോ.മോസ് ബാബു പോള്‍ പറഞ്ഞു.

ഹ്യൂമൻ മെറ്റാ‌ന്യൂമോ വൈറസ് ബാധിക്കുന്നവരില്‍ ചുരുക്കം ആളുകള്‍ക്ക് മാത്രമാണ് ന്യുമോണിയ പിടിപ്പെടുക. നിലവിലുള്ള മരുന്നുകളും ചികിത്സാ പ്രോട്ടോക്കോളുകളും ഉപയോഗിച്ച് ഇവ കൈകാര്യം ചെയ്യാൻ കഴിയും. HMPV സീസണൽ വൈറസുകളാണ്. ഇന്ത്യയിൽ ഈ സീസണിൽ ആളുകളില്‍  ജലദോഷവും ചുമയും  വ്യാപകമായി  റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇപ്പോൾ ചൈനയിലുണ്ടായതും അതിന്  സമാനമായ  സാഹചര്യമെന്നാണ് നിഗമനം. ചൈനയിൽ ഹ്യൂമൻ മെറ്റാ‌ന്യൂമോ വൈറസ് പടർന്നുപിടിക്കുന്നതിൽ നിലവിൽ ഇന്ത്യയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ ഇന്ത്യയില്‍ കാര്യമായ വര്‍ധനയില്ലെന്നും മന്ത്രാലയം അറിയിച്ചു.

ചൈനയിലെ മഹാമാരി വാര്‍ത്തയിലെ വാസ്തവമെന്ത്?

മറ്റൊരു 'മഹാമാരി' എന്ന രീതിയില്‍ ചൈനയില്‍ നിന്ന് പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നിരവധിയാണ്.  കുട്ടികൾക്ക് ഇൻട്രാവണസ് ദ്രാവകങ്ങൾ നൽകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമാണ്. എന്നാല്‍ അത് HMPV മൂലമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വൈറസ് മ്യൂട്ടേഷനും പുതിയ ലക്ഷണങ്ങളും പ്രസിദ്ധീകരിക്കുന്ന മെഡിക്കൽ ജേണലുകളില്‍ ചൈനയിൽ നിന്ന് അത്തരത്തില്‍ റിപ്പോർട്ടുകള്‍ ഒന്നുമില്ല. ആകെയുള്ളത് നീഗൂഡ സിദ്ധാന്തങ്ങള്‍ മാത്രമാണ്. എല്ലാ മാധ്യമ വാര്‍ത്തകളും സമൂഹ മാധ്യമ പോസ്റ്റുകളെ അല്ലാതെ, സര്‍ക്കരോ രാജ്യാന്തര സംഘടകളേയോ ഉദ്ധരിച്ചല്ലാ എന്നതും ശ്രദ്ധേയമാണ്.

ചൈനയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുട്യൂബര്‍മാര്‍ വാര്‍ത്തക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചൈനയിലെ സാഹചര്യങ്ങള്‍ സാധാരണ ഗതിയില്ലെന്ന് ചൈനയില്‍ താമസിക്കുന്ന മലയാളി യുട്യൂബര്‍ al_appayi അവകാശപ്പെടുന്നു. മ്യൂട്ടേഷന്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കില്‍ HMPV അപകടകരിയല്ലെന്നാണ് വിദ്ഗധര്‍ പറയുന്നത്. 

ENGLISH SUMMARY:

Reports and social media posts claim that a new virus outbreak in China is pushing the world towards COVID-like scenarios, with hospitals and crematoriums reportedly overwhelmed. These rumors have spread rapidly in India as well. Allegedly, multiple viruses, including Influenza A, Human Metapneumovirus (HMPV), and COVID-19, are affecting people in China. However, experts have advised against panic, emphasizing that there is no evidence of an unusual outbreak or cause for alarm.