വന്ധ്യകരണശസ്ത്രക്രിയ സ്വയം നടത്തുകയും അത് വിഡിയോയിലൂടെ പുറംലോകത്തെ അറിയിക്കുകയും ചെയ്ത ഒരു ഡോക്ടര്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. ഭാര്യയ്ക്കുള്ള സമ്മാനം എന്നുപറഞ്ഞാണ് ഡോക്ടര്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തായ്‌വാനിലെ തായ്‌പേയിലുള്ള ഷെന്‍ വേ–നോങ് എന്ന സര്‍ജനാണ് ഭാര്യയ്ക്ക് വ്യത്യസതമായ ഒരു സമ്മാനം നല്‍കി ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
ഭാവിയില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനം ഡോക്ടറും ഭാര്യയുമെടുത്തു. കൂടുതലും സ്ത്രീകളാണ് വന്ധ്യകരണശസ്ത്രക്രിയ നടത്താറുള്ളത്. പുരുഷവന്ധ്യകരണം വിരലില്‍ എണ്ണാവുന്നത് മാത്രമാണ് നടക്കാറുള്ളത്. ഇതുകൂടി കണക്കിലെടുത്ത് ഒരു മാതൃക എന്ന നിലയിലാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. വന്ധ്യകരണത്തിന്‍റെ പതിനൊന്ന് ഘട്ടങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞുകൊണ്ടാണ് വിഡിയോ. ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
സ്വയം ശസ്ത്രക്രിയ നടത്തുന്നതുകൊണ്ട് ‘റിസ്ക്’ ഇല്ല എന്നാണ് ഡോക്ടര്‍ പറയുന്നത്. മാത്രമല്ല ഒരു സര്‍ജന്‍ എന്ന നിലയിലുള്ള തന്‍റെ ആത്മവിശ്വാസത്തിന് ഊര്‍ജം ഇരട്ടിയാക്കുകയാണ് ഇതെന്നും ഷെന്‍ വേ–നോങ് പറയുന്നു. പതിനഞ്ച് മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കേണ്ട ശസ്ത്രക്രിയ ഒരു മണിക്കൂറോളമെടുത്താണ് അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കിയത്.
സ്വയം ശസ്ത്രക്രിയ നടത്തുന്നതിന്‍റെ വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ശസ്ത്രക്രിയ നടത്തുന്നതും മുറിവ് തുന്നിക്കെട്ടുന്നതുമെല്ലാം അദ്ദേഹം വിഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനൊപ്പം പിറ്റേദിവസം എല്ലാം ‘നോര്‍മലാണ്’ എന്നുപറഞ്ഞ് അദ്ദേഹം എഴുന്നേറ്റു നിന്ന് സംസാരിക്കുന്നത് വരെ വിഡിയോയിലുണ്ട്.
ഡോക്ടറുടെ ധൈര്യം അസാമാന്യമാണ് എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. അനസ്തേഷ്യ എടുത്താലും ആ വേദനയെക്കുറിച്ച് ഓര്‍ക്കാന്‍ പോലുമാകുന്നില്ല എന്നാണ് ഒരാളുടെ കമന്‍റ്. ഡോക്ടറെ വിമര്‍ശിക്കുന്നവരുമുണ്ട്. മറ്റ് ഡോക്ടര്‍മാരെകൊണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ പോരായിരുന്നോ എന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്.