ഗര്‍ഭിണിയായ യുവതിയുടെ ഭ്രൂണത്തിനുള്ളില്‍ മറ്റൊരു ഭ്രൂണം കണ്ടെത്തി ഡോക്ടര്‍മാര്‍. മഹാരാഷ്ട്രയിലെ ബുല്‍ധാനയിലാണ് അപൂര്‍വ പ്രതിഭാസം. സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ മുപ്പത്തിരണ്ടുകാരിയെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് ഇത് കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് ഗര്‍ഭിണി സോണോഗ്രഫി ചെയ്തത്. കുട്ടിയുടെ വളര്‍ച്ചയും ആരോഗ്യവും തൃപ്തികരമാണോ എന്നറിയാന്‍ നടത്തിയ സ്കാനിങ്ങില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം.
ജനിച്ചുവീഴാത്ത കുഞ്ഞിന്‍റെ വയറ്റില്‍ മറ്റൊരു കുഞ്ഞ് എന്നതാണ് അവസ്ഥ. ലോകത്ത് ഇതുവരെ ഇരുനൂറോളം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 15–20 കേസുകള്‍ ഇന്ത്യയിലാണ്. ‘ആദ്യം കണ്ടപ്പോള്‍ ഞെട്ടലാണുണ്ടായത്. പിന്നീട് വിശദമായി സ്കാന്‍ ചെയ്ത് നോക്കി. ഭ്രൂണത്തിനുള്ളിലെ ഭ്രൂണം വളരുന്നതായി കാണുന്നില്ല. അനോമലി സ്കാനില്‍ ശ്രദ്ധിച്ചില്ല. ഒന്‍പത് മാസം ഗര്‍ഭിണിയാണ് ഈ ഇരട്ടഭ്രൂണം പേറുന്ന സ്ത്രീയെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗര്‍വാള്‍ പറഞ്ഞു.
‘ഇത് അത്യപൂര്‍വമാണ്. അതുകൊണ്ടു തന്നെ ഗര്‍ഭിണിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഡോക്ടര്‍മാര്‍ വിശദമായ ചര്‍ച്ച നടത്തി. മുന്‍പുള്ള പഠനങ്ങള്‍ പരിശോധിച്ചു. നിലവില്‍ ഗര്‍ഭിണിക്ക് ആരോഗ്യപ്രശ്നങ്ങളില്ല. സുഖപ്രസവത്തിനുള്ള എല്ലാ സാധ്യതകളുമുണ്ട്. ജനിച്ചാലുടന്‍ കുഞ്ഞിന് കൂടുതല്‍ ചികിത്സ വേണ്ടിവരും എന്നാണ് സിവില്‍ സര്‍ജന്‍ ഡോ. ഭഗവത് ഭുസാരിയുടെ നിലപാട്.
ഇത്തരം ഗര്‍ഭാവസ്ഥയുടെ കാരണം കണ്ടെത്തിയിട്ടില്ല. ഇരട്ടക്കുട്ടികളായി ജനിക്കേണ്ടവര്‍ ചില കാരണങ്ങളാല്‍ ഒറ്റ ശരീരമായി മാറുന്ന അവസ്ഥയാണിത്. കൂടുതല്‍ പഠനങ്ങള്‍ നടത്തിയെങ്കില്‍ മാത്രമേ എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് കണ്ടെത്താനാകൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു.