AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

കോഴിക്കോട് പൊലീസിനെക്കണ്ട് എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. എംഡിഎംയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ആദ്യത്തെ മരണവാര്‍ത്തയല്ല ഇത്! 2022ലെ എസ്എസ്എ (സൊസൈറ്റി ഫോർ ദ് സ്റ്റഡി ഓഫ് അഡിക്ഷൻ) റിപ്പോര്‍ട്ടില്‍ രാജ്യത്ത് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ഡ്രഗുകള്‍ കാരണമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതായി പറഞ്ഞിരുന്നു. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മുതല്‍ അപകടങ്ങൾ, ആത്മഹത്യ, കൊലപാതകം എന്നിവയെല്ലാം പട്ടികയില്‍ വരും. മരിക്കുന്നവരില്‍ ഏറെയും 25–34 പ്രായപരിധിയില്‍പ്പെട്ട യുവാക്കളാണ്.

കോഴിക്കോട്ടെ കേസില്‍ മരണകാരണം ഉറപ്പിച്ചിട്ടില്ലെങ്കിലും യുവാവ് എംഡിഎംഎ അടങ്ങിയ പായ്ക്കറ്റ് വിഴുങ്ങിയിരുന്നു എന്നത് വസ്തുതയാണ്. മാരകമായ അളവില്‍ എംഡിഎംഎ ശരീരത്തില്‍ എത്തിയാല്‍ എന്തുസംഭവിക്കുമെന്ന് നോക്കാം...

മെഥിലിൻ–ഡയോക്സി–മെഥാം–ഫെറ്റമിൻ എന്ന സിന്തറ്റിക് ലഹരിയാണ് എംഡിഎംഎ എന്ന് അറിയപ്പെടുന്നത്. ‘മോളി’, ‘എക്സ്റ്റസി’ തുടങ്ങിയ വിളിപ്പേരുകളും ഇതിനുണ്ട്. ശരീരത്തിലെത്തിയാല്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന എംഡിഎംഎ തലച്ചോറിലെത്തും. വ്യക്തിയുടെ മാനസികനില, ഉറക്കം, വിശപ്പ് എന്നിവയെ സ്വാധീനിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളായ സെറോടോണിൻ, ഡോപമൈൻ, നോർപിനെഫ്രിൻ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിച്ചാണ് എംഡിഎംഎ പ്രവര്‍ത്തിക്കുന്നത്. അമിതമായി എംഡിഎംഎ ശരീരത്തിലെത്തിയാല്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെയും ശരീരത്തിന്‍റെ താപനിലയെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.

ശരീരം അമിതമായി ചൂടാകും. വിയർക്കും. ഹൃദയമിടിപ്പ് കൂടും. കടുത്ത ഉത്കണ്ഠ, വിറയൽ, അസ്വസ്ഥത, ഛർദ്ദി എന്നിവ പിന്നാലെയെത്തും. ആശയക്കുഴപ്പം, പേശികള്‍ക്ക് മുറുക്കം, ശ്വാസ തടസം എന്നിവയുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അപസ്മാരം, വായിൽ നിന്ന് നുരയും പതയും വരിക, ബോധക്ഷയം എന്നിവയുമുണ്ടാകാം. ഉന്മാദാവസ്ഥയിലെത്തുന്ന ഇവര്‍ അക്രമോണോല്‍സുകത, ദേഷ്യം എന്നിവയും പ്രകടിപ്പിക്കാം.

മൂന്നുവിധത്തിലാണ് എംഡിഎംഎ ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നത്. ഒന്ന്, എംഡിഎംഎ അമിത അളവില്‍ ശരീരത്തിലെത്തിയാല്‍ സെറോടോണിൻ, ഡോപമൈൻ, നോറാഡ്രിനാലിൻ എന്നിവയുടെ ഉല്‍പാദനം വര്‍ധിക്കും. ഇത് നിർജ്ജലീകരണമുണ്ടാക്കും. ശരീരം അമിതമായി ചൂടാകും. ശരീരോഷ്മാവ് 42 ഡിഗ്രി സെല്‍സിയസിന് മുകളിൽ എത്തുന്നതോടെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാകും. അതോടെ മരണം സംഭവിക്കും. ഈ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടല്‍ ചിന്തിക്കുന്നതിനും അപ്പുറമാണ്.

രണ്ടാമത്തേത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യതിയാനമാണ്. ഹൃദയം അതിവേഗം പ്രവര്‍ത്തിക്കേണ്ടിവരുന്നതിന്‍റെ ഫലമായി അമിത സമ്മർദ്ദമുണ്ടാകും. അത് ഹൃദയാഘാതത്തിന് വഴിവയ്ക്കും. അമിതമായി വെള്ളം കുടിക്കുന്നതുമൂലമുണ്ടാകുന്ന മരണമാണ് മൂന്നാമത്തേത്. എംഡിഎംഎ മൂത്രമൊഴിക്കുന്നത് നിർത്തുന്ന ആൻറിഡ്യൂററ്റിക് ഹോർമോൺ പുറപ്പെടുവിക്കുന്നതാണ് ഇതിന് കാരണം. വളരെ അപൂര്‍വമായി മാത്രമേ ഇത്തരത്തില്‍ മരണം സംഭവിക്കാറുള്ളൂ. 

മരണം ഒരുവശം മാത്രം. മനുഷ്യനില്‍ അതീവഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ക്ക് എംഡിഎംഎ കാരണമാകുമെന്ന് ഹെല്‍ത്ത് ലൈന്‍ ഡോട്ട് കോം ചൂണ്ടിക്കാട്ടുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ ഉറപ്പ്. സെറോട്ടോണിന്‍ ഉൽപാദനം വര്‍ധിക്കുന്നതാണ് ഇതില്‍ പ്രധാനം. വികാരങ്ങൾ, ഓർമ്മ, വേദന എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ന്യൂറോട്രാൻസ്മിറ്ററാണ് സെറോട്ടോണിന്‍. 

എംഡിഎംഎ ഉപയോഗം രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കും. എംഡിഎംഎ മാത്രമല്ല ഏത് ലഹരി വസ്തുവും വലിയ അപകടകാരികളാണ്. അപകടസാധ്യത കുറയ്ക്കാനുള്ള ഏക മാർഗം അത് ഉപയോഗിക്കാതിരിക്കുക എന്നതാണ്.

ENGLISH SUMMARY:

A youth in Kozhikode died after swallowing an MDMA packet while trying to evade the police. MDMA overdose can lead to severe health issues, including dehydration, organ failure, and heart attacks.