മിക്ക ആളുകള്‍ക്കും ഒഴിച്ചകൂടാന്‍ പറ്റാത്ത ഒന്നായിരിക്കും കോഫി. അല്പം കയ്പ്പേറിയ രുചിയും നല്ല കടുപ്പവുമുള്ള കോഫി മിക്കവരുടെയും പ്രഭാതങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ്. ചിലര്‍ക്ക് അലസത മാറ്റാനും കോഫി നിര്‍ബന്ധം. എന്നാല്‍ കോഫി ശരീരത്തിന് അത്ര നല്ലതെല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോഫിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്.
അമിതമായ അളവില്‍ ഇത് ശരീരത്തിലെത്തിയാല്‍ ഉത്കണ്ഠ, ഉറക്കമില്ലായ്മ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. മാത്രമല്ല ഇത് ചിലരില്‍ അസിഡിറ്റിക്കും കാരണമായേക്കാം. പ്രത്യേകിച്ചും മെഷീന്‍ കോഫി.ചില മെഷീന്‍ കോഫികളില്‍ കൃത്രിമമായ മധുരം, പ്രിസര്‍വേറ്റീവുകള്‍, ദോഷകരമായ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം പൊണ്ണത്തടി, പ്രമേഹം, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വീഡനിലെ ഉപ്സാല സർവകലാശാലയും ചാൽമേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും നടത്തിയ പഠനത്തില്‍ ഒഫീസുകളില്‍ ഉപയോഗിക്കുന്ന കോഫി മെഷീനുകളില്‍ സാധാരണ ഫിൽട്ടർ കോഫിയെ അപേക്ഷിച്ച് കൊളസ്ട്രോൾ വർധിപ്പിക്കുന്ന വസ്തുക്കൾ കൂടുതലായി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
കോഫിയില്‍ സ്വാഭാവികമായി കണ്ടുവരുന്ന സംയുക്തങ്ങള്‍ മോശം കൊളസ്ട്രോള്‍ വര്‍ധിക്കുന്നതിന് കാരണമാകും. ഉയർന്ന അളവിലുള്ള ഈ കൊളസ്ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു. ഡൈറ്റർപീൻ എന്ന പദാര്‍ത്ഥമാണ് ഇത്തരത്തില്‍ കൊളസ്ട്രോള്‍ വര്‍ധിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
ഒരേ മെഷീനുകളില്‍ പോലും കാലക്രമേണെ ഡൈറ്റർപീൻ അളവില്‍ മാറ്റങ്ങളുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. എസ്പ്രെസോ, ഫ്രഞ്ച് പ്രസ്സ്, ജോലിസ്ഥലത്തെ ബ്രൂവിംഗ് മെഷീനുകൾ എന്നിവയിലെല്ലാം ഈ പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്.