രണ്ടാമതൊരു കുട്ടി വരുമ്പോള്‍ മൂത്ത കുട്ടിയെ ഉടനെ മുതിര്‍ന്ന വ്യക്തിയാക്കുന്നത് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സാധാരമാണ്. ഇനി നീ വലിയ ചേച്ചിയാണ്, ചേട്ടനാണ്, കുഞ്ഞിനെ നന്നായി നോക്കണം എന്നുള്ള അമിത ഉപദേശം കൊടുക്കലും അവരെ കുട്ടിയെ പോലെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നതും അത്ര നല്ലതല്ല. ചെറുപ്പകാലത്ത് ലഭിക്കുന്ന സ്നേഹവും കരുതലും കുട്ടികളുടെ മനസിനെ ആഴത്തില്‍ ബാധിക്കും. അത് അവരുടെ തുടര്‍ന്നുള്ള ജീവിതത്തെ തന്നെ സ്വാധീനിക്കാന്‍ പോന്നതാണ്. ചെറുപ്പത്തില്‍ ലഭിക്കാത്ത സ്നേഹം കുട്ടികള്‍ മുതിര്‍ന്നവരാവുമ്പോള്‍ ചൈല്‍ഡ്ഹുഡ് ട്രോമയായേക്കാം.
മാതാപിതാക്കളുടെ സ്നേഹവും കരുതലും ലാളനയുമൊക്കെ അനുഭവിക്കേണ്ട പ്രായമാണ് കുട്ടിക്കാലം. അത് ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതും വ്യക്തിരൂപീകരണത്തില്‍ വലിയ മാറ്റമുണ്ടാക്കും. ഇങ്ങനെ വളരുന്നത് കുട്ടികള്‍ക്ക് വിഷാദവും ഉത്കണ്ഠയും വരാം. ഈ കുട്ടികള്‍ മുതിര്‍ന്നവരാവുമ്പോള്‍ ആരോഗ്യകരമായ സൃഹൃത്ത്ബന്ധങ്ങളും പ്രണയബന്ധങ്ങളും ഉണ്ടാക്കാന്‍ ബുദ്ധിമുട്ടും. ഉത്കണ്ഠ, പാനിക്ക് അറ്റാക്ക്, അമിതമായ ദേഷ്യം, അമിതമായ സങ്കടം, ആത്മഹത്യ പ്രവണത, സ്വയം മുറിപ്പെടുത്തല്‍ എന്നിവ ഇത്തരം വ്യക്തികളില്‍ കാണാനാവും.
സ്വയം കൈകാര്യം ചെയ്യാവുന്നതിനുമപ്പുറത്തേക്ക് കാര്യങ്ങള്‍ മാറുകാണെങ്കില്‍ ചികില്‍സ ആവശ്യമായ അവസ്ഥയാണിത്. ശരിയായ ചികില്‍സയിലൂടെ ഡൈല്‍ഡ്ഹുഡ് ട്രോമയെ നിങ്ങള്‍ക്ക് മറികടക്കാനാവും. കുട്ടിക്കാലത്തെ ആഘാതങ്ങളെ മറികടക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു മാര്‍ഗം തെറാപ്പിയാണ്. നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അനുസരിച്ച് സൈക്യാട്രിസ്റ്റിന്‍റെ നിര്‍ദേശത്തോടെ അനുയോജ്യമായ തെറാപ്പികള്‍ സ്വീകരിക്കാം.
സ്വയം കരുതലാണ് മറ്റൊരു മാര്‍ഗം. ഉള്ളിലുള്ള കുട്ടിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക. ശാരീരികാരോഗ്യത്തിനുള്ള എക്സര്‍സൈസ്, മെഡിറ്റേഷന്‍, യാത്രകള്‍, നല്ല ഉറക്കം, നല്ല ഭക്ഷണം എന്നിങ്ങനെയുള്ള ശീലമാക്കുന്നത് മനസികാരോഗ്യത്തിലേക്കും നയിക്കും. നിങ്ങളെ മനസിലാക്കി പിന്തുണ നല്‍കുന്ന നല്ല സുഹൃത്തുക്കളും പങ്കാളിയും ചൈല്‍ഡ്ഹുഡ് ട്രോമയെ മറികടക്കാന്‍ സഹായിക്കും.