heart-attack

തിരക്കുപിടിച്ച ജീവിതത്തില്‍ ഓടിനടക്കുന്നതിനിടെ പലര്‍ക്കും ദേഷ്യം നിയന്ത്രിക്കാന്‍ പറ്റില്ല. ക്ഷമയുടെ നെല്ലിപലക എന്നൊക്കെ പറയുമെങ്കിലും ചെറിയ കാര്യങ്ങള്‍ പോലും ക്ഷമിക്കാന്‍ കഴിയാത്ത ആളുകളാണ് പലരും. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് പെട്ടന്ന് ദേഷ്യപ്പെടുന്നവര്‍ക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലാണെന്നാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ദേഷ്യവും ഹൃദയാഘാത സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നത്.

സെക്കന്‍റുകളോ മിനുട്ടുകളോ മാത്രമേ ചിലപ്പോള്‍ നമ്മുടെ ദേഷ്യത്തിന് ആയുസുണ്ടാകു. പെട്ടന്ന് ഒരു പൊട്ടിത്തെറിയും അത്ര തന്നെ വേഗത്തില്‍ ശാന്തതയും കൈവരിച്ചേക്കാം. എന്നാല്‍ ആ സെക്കന്‍റുകളില്‍ നമ്മുടെ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ മാറി മറയും. അഥവാ നമ്മുടെ ദേഷ്യം മാറ്റിമറച്ചേക്കാം.

ആരോഗ്യവാന്മാരായ 280 പേരെ തിരഞ്ഞെടുത്ത് നടത്തിയ പഠനത്തില്‍ ഇവരെ നാലു ഗ്രൂപ്പുകളായി തിരിച്ച് അവരിൽ ദേഷ്യം ഉണർത്തുന്ന സംഭവങ്ങൾ ഓർമിപ്പിച്ചു.ശേഷം ഇവരുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും ദേഷ്യം വന്നതിനും ശേഷവുമുള്ള രക്തപ്രവാഹവും സമ്മർദവും അളക്കുകകയും ചെയ്തു. ഇതിലൂടെ ദേഷ്യപ്പെടുമ്പോള്‍ രക്തക്കുഴലിൽ കാര്യമായ മാറ്റം വരുന്നതായി കണ്ടെത്തി.

ആരോഗ്യവാന്‍മാരായ ആളുകളില്‍ പോലും ഇത്ര പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ അസുഖ ബാധിതരായവരുടെ കാര്യം പറയേണ്ടതില്ലല്ലോ. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡെയ്ചി ഷിംബോ പറയുന്നതനുസരിച്ച് തീവ്രവികാരങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും.ഇടക്കിടെ ദേഷ്യപ്പെടുന്നവരില്‍ അല്ലെങ്കില്‍ ഇത്തരം ശക്മായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ കാലക്രമേണ കാർഡിയോവാസ്‌കുലർ സിസ്റ്റത്തെ ബാധിക്കുമെന്നും പിന്നീടത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നീങ്ങുമെന്നും ഗവേഷകർ പറയുന്നു.

ഹൃദയാരോഗ്യത്തിന് സമ്മർദവും ദേഷ്യം പോലുള്ള വികാരങ്ങളും നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യവും ഹൃദയത്തെ സന്തോഷത്തോടെ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും  ഗവേഷകർ പഠനറിപ്പോർട്ടിൽ ഊന്നിപ്പറയുന്നുണ്ട്.

ENGLISH SUMMARY:

The more angry you are, the more likely you are to have a heart attack