sleepparalysis-2-

TOPICS COVERED

ഉറക്കത്തില്‍ ആരോ  തന്‍റെ അടുത്ത് കിടക്കുന്നതായി തോന്നുക. അല്ലെങ്കില്‍ ആരെങ്കിലും അടുത്തേയ്ക്ക് ഉപദ്രവിക്കാന്‍ വരുന്നതായി തോന്നുക.എഴുന്നേല്‍ക്കാന്‍ എത്ര പരിശ്രമിച്ചാലും  ഒരു ചെറു വിരല്‍ പോലും അനക്കാനാവാതിരിക്കുക.ബോധം വീണിട്ടും എത്ര ശ്രമിച്ചിട്ടും കണ്ണു തുറക്കാന്‍ സാധിക്കാതിരിക്കുക. ഒരിക്കലെങ്കിലും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയവരാകും നമ്മളില്‍ പലരും.അല്ലെങ്കില്‍ ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ഇത്തരമൊരു അവസ്ഥയെക്കുറിച്ച് കേട്ടിട്ടെങ്കിലുമുണ്ടാകും?എന്താണ് ഭീതിയുളര്‍ത്തുന്ന ഈ അവസ്ഥ? എന്തുകൊണ്ട് ഈ അവസ്ഥ വരുന്നു?എങ്ങനെ പ്രതിരോധിക്കാം?

sleepingparalysis-representative-image

ഉറക്കത്തിനിടെ ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുകയും എന്നാല്‍ അനങ്ങാനോ പ്രതികരിക്കാനോ സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയെയാണ് സ്ലീപ് പാരലിസീസ് എന്ന് പറയുന്നത്.ഇത്തരം സന്ദര്‍ഭങ്ങളില്‍ നെഞ്ചില്‍ അമിതമായി ഭാരം അനുഭവപ്പെടും.ചിലര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാണാം. അമിതമായി വിയര്‍ക്കുകയും പേശികള്‍ വലിഞ്ഞ് മുറുകുകയും തലവേദന അനുഭവിക്കുകയും ചെയ്യും.ഏതാനും സെക്കന്‍റുകള്‍ മാത്രമാണ് ഒരു വ്യക്തിയില്‍ സ്ലീപ് പാരലിസീസ് അനുഭവപ്പെടുക. 

എന്ത് കൊണ്ട് സ്ലീപ് പരാലിസിസ്?

സ്ലീപ് പാരലിസീസ് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍ ഉറക്കമില്ലായ്മ, മാനസിക സംഘര്‍ഷം, അമിത ഉത്കണ്ഠ, പാനിക് ഡിസോഡര്‍, തുടങ്ങിയവയെല്ലാം സ്ലീപ് പരാലിസിസിന് സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഓരോ 10 പേരില്‍ നാല് പേര്‍ക്കും സ്ലീപ് പരാലിസിസ് ഉണ്ടാകാം. കൗമാരപ്രായത്തിലാണ് ഈ സാധാരണ അവസ്ഥ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത് സംഭവിക്കുന്നുണ്ട്. ചിലരില്‍ പാരമ്പര്യമായി ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. 

sleeping

പലപ്പോഴും ഈ അവസ്ഥയെ ചികിത്സിക്കേണ്ട ആവശ്യമില്ല. ഇത് സാധാരണയായി മാറുന്ന ഒരു അവസ്ഥയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ഉറക്കത്തെ ബാധിക്കുകയും ഉറക്കക്കുറവ് മൂലം പകല്‍ സമയത്ത് അമിതമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും ഡോക്ടറുടെ സഹായം തേടാവുന്നതാണ്.

എങ്ങനെ പ്രതിരോധിക്കാം.

  • ദിവസവും ഏഴ് മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.
  • എല്ലാ ദിവസം ഒരേ നേരത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക
  • രാവിലെ കുറച്ച് നേരം വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രാത്രി കിടക്കുന്ന സമയത്തിന് ഒരു നാല് മണിക്കൂര്‍ മുന്‍പ് വ്യായാമം ചെയ്യുക.
  • രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഹെവി ഫുഡ് കഴിക്കാതിരിക്കാം. 
  • മദ്യപാനം, പുകവലി, കാപ്പി എന്നിവ കുറയ്ക്കുക
  • പുതിയ സ്ലീപ്പിങ് പൊസിഷനുകള്‍ പരീക്ഷിക്കുക
ENGLISH SUMMARY:

Sleep Paralysis causes, symptoms and treatment