ഏതൊരു വ്യക്തിയുടെ ജീവിതത്തിലെയും പ്രധാനപ്പെട്ട ഒന്നാണ് തൊഴിലിടം. ഒരുപക്ഷേ ദിവസവും നമ്മള്‍ കുടുംബത്തോടൊപ്പമുള്ളതിനേക്കാള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും തൊഴിലിടത്തിലാണ്. അതുകൊണ്ടു തന്നെ ഒരു വ്യക്തിയുടെ തൊഴിലിടവും മാനസികാരോഗ്യവും പരസ്പരം വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.
തൊഴിലിടത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ നല്ല മാനസികാരോഗ്യം കൂടിയേ തീരൂ. എന്നാല്‍ പലപ്പോഴും തൊഴിലിടത്തിലെ സമ്മര്‍ദങ്ങള്‍ പലരെയും മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കാറുണ്ട്. അത്തരം മനോസംഘര്‍ഷങ്ങള്‍ മിക്കപ്പോഴും വ്യക്തിജീവിതത്തെ വരെ ബാധിക്കാറുമുണ്ട്. തൊഴിലിടത്തില്‍ ഒരു വ്യക്തി അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ ബുദ്ധിമുട്ടുകളെയാണ് ജോലിസ്ഥലത്തെ സമ്മര്‍ദം എന്നത് കൊണ്ടുദ്ദേശിക്കുന്നത്.
അമിതമായ ജോലിഭാരം, ജോലിയിലെ അംഗീകാരമില്ലായ്മ, അസമത്വം, മോശം വ്യക്തി ബന്ധങ്ങള്‍, മോശം തൊഴില്‍ സാഹചര്യങ്ങള്‍, മോശം നേതൃത്വം, ജോലി സ്ഥലത്തെ നിയന്ത്രണത്തിന്‍റെ അഭാവം, സമയപരിധി, കുറഞ്ഞ ശമ്പളം, അവസരങ്ങളുടെ അഭാവം, സമയ ദൈര്‍ഘ്യം തുടങ്ങിയവയെല്ലാം തൊഴിലിടത്തിലെ മാനസിക സംഘര്‍ഷത്തിന് കാരണമാകാം. തൊഴില്‍ സമ്മര്‍ദം ഒരാളുടെ ക്രിയാത്മകമായ ഉത്പാദനക്ഷമതയെ ബാധിച്ചേക്കാവുന്ന ഒന്നാണ്. അതു കൊണ്ടു തന്നെ ജോലി സ്ഥലത്തെ സമ്മര്‍ദം തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതും പ്രധാനമാണ്.
ജോലിസംബന്ധമായ പ്രധാന വെല്ലുവിളികള്‍
1.സമയപരിധിക്കകം പൂര്‍ത്തീകരിക്കേണ്ട ടാര്‍ഗറ്റുകള്‍
നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട ടാര്‍ഗറ്റുകള്‍ ഏതൊരു തൊഴിലാളിയെയും സമ്മര്‍ദത്തിലാക്കുന്ന ഒന്നാണ്. മേലുദ്യോഗസ്ഥര്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ ടാര്‍ഗറ്റ് നേടാനായില്ലെങ്കില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാലോചിച്ച് സമ്മര്‍ദത്തിലാകുന്നവരാണ് ഭൂരിഭാഗം പേരും. നിങ്ങളുടെ പരിമിതികള്‍ എന്താണെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവുക എന്നതാണ് പ്രധാനം
2. ജോലിസ്ഥലത്തെ അന്തരീക്ഷം
തൊഴിലിടത്തിലെ അന്തരീക്ഷം മാനസികാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. മതിയായ വെളിച്ചമില്ലായ്മ, അമിതമായ ചൂട്, ദുര്‍ഗന്ധം, അലോസരമുണ്ടാക്കുന്ന ശബ്ദങ്ങള്‍ തുടങ്ങിയവയെല്ലാം തൊഴിലാളികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
3.അവഗണന/അംഗീകാരമില്ലായ്മ
എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും മേലുദ്യോഗസ്ഥര്‍ അവഗണിക്കുന്നുവെന്നും അംഗീകരിക്കുന്നില്ലെന്നുമുള്ള തോന്നല്‍, മതിയായ അവസരങ്ങളുടെ അപര്യാപ്തത തുടങ്ങിയവയെല്ലാം തൊഴിലാളികളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം..
4.ദൈര്‍ഘ്യമേറിയ ജോലിസമയം
ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി ദീര്‍ഘനേരം തൊഴിലിടങ്ങളില്‍ ചിലവഴിക്കേണ്ടി വരുന്നത് ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാവുന്നു. സ്വാഭാവികമായും മാനസികാരോഗ്യത്തെയും ബാധിക്കുന്നു.
5.തൊഴിലിനെക്കുറിച്ചുള്ള ധാരണയില്ലായ്മ
താന്‍ ചെയ്യേണ്ട ജോലി എന്താണെന്നതിനെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ ആശയക്കുഴപ്പത്തിലേക്കും മാനസിക സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നു.
6.അമിത ജോലിഭാരം
ഒരു വ്യക്തിക്ക് ചെയ്യാന്‍ സാധിക്കുന്നതിലുമപ്പുറമുള്ള ജോലിഭാരം ആരുടെയും മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്ന ഒന്നാണ്. അമിത ജോലി ഭാരം കാരണം ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതും മാനസികാരോഗ്യത്തോടൊപ്പം ശാരീരീകാരോഗ്യത്തിനും വെല്ലുവിളിയാകുന്നു.
7.മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായുള്ള മോശം വ്യക്തിബന്ധം
മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായുള്ള മോശം വ്യക്തിബന്ധം മാനസികാരോഗ്യത്തെ രൂക്ഷമായി ബാധിച്ചേക്കാം. അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും നിരന്തരം നിരാകരിക്കുന്ന മേലുദ്യോഗസ്ഥരും ഒട്ടും സഹകരണ മനോഭാവമില്ലാത്ത സഹപ്രവര്‍ത്തകരം തൊഴിലിടത്തിലെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. നിങ്ങള്‍ തൊഴിലിടങ്ങളില്‍ സമ്മര്‍ദം അനുവിക്കുന്നുണ്ടോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതിന് സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കാം.
സമ്മര്‍ദം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ സമ്മര്‍ദത്തെ എങ്ങനെ ആരോഗ്യകരമായി മറികടക്കാം എന്ന് ചിന്തിക്കാം എങ്ങനെ മറികടക്കാം? ഈ വഴികള്‍ പരീക്ഷിക്കാം..
1. നിങ്ങളുടെ ലക്ഷ്യങ്ങളെ പുനര്‍വിചിന്തനം ചെയ്യാം.
ആഗ്രഹങ്ങളാണ് മനുഷ്യനെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. വലിയ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യുക.അതിനു വേണ്ടി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുക.ഒരു ലക്ഷ്യം പൂര്‍ത്തീകരിച്ചാല്‍ അടുത്തതായി
കുറച്ചുകൂടി ഉയര്‍ന്ന ലക്ഷ്യം സെറ്റ് ചെയ്യുക.ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുക. അതുവഴി ജോലിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാവുകയും സമ്മര്‍ദം ഒരു പരിധിവരെ തിരിച്ചറിയാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഒരു പുതിയ അസൈന്‍മെന്‍റ് തുടങ്ങുന്നതിനു മുമ്പ് ഒരു ചെറിയ ഇടവേള എടുക്കാവുന്നതാണ്. അത് നിങ്ങളുടെ ക്രിയാത്മകത വര്‍ധിക്കാന്‍ സഹായിക്കും
2. ചെറിയ ഇടവേളകള്‍ എടുക്കാം.
ജോലിത്തിരക്കുകളില്‍ നിന്ന് ഇടയ്ക്ക് ചെറിയ ഇടവേളകള്‍ എടുക്കുന്നത് മാനസികാരോഗ്യത്തിന് സഹായകരമാണ്.
ഇത്തരം ഇടവേളകള്‍ യാത്രയ്ക്കായോ പുസ്തകം വായിക്കാനോ നിങ്ങള്‍ക്കിഷ്ടമുള്ള മറ്റു വിനോദങ്ങള്‍ക്കോ ആയി വിനിയോഗിക്കാവുന്നതാണ്. ഒരുപാടു നാള്‍ തുടര്‍ച്ചയായി ജോലിചെയ്ത് ദീര്‍ഘമായി അവധിയെടുക്കുന്നതിനു പകരം ഇടയ്ക്കിടെ ഒന്നോ രണ്ടോ ദിവസം ഇടവേളയെടുക്കുന്നാതാണ് ഉചിതം
3. ടെക്നോളജിയില്‍ നിന്നും അല്‍പം അകന്നു നില്‍ക്കാം
ജോലിയില്‍ നിന്നും ഇടവേളയെടുക്കുന്ന വെക്കേഷന്‍ സമയത്തെങ്കിലും ഇന്‍റര്‍നെറ്റില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക. നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക. കഴിയുമെങ്കില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെക്കുക
4. ജോലിഭാരം ഓഫീസില്‍ ഉപേക്ഷിക്കാം; കുടംബത്തിനൊപ്പം സമയം ചിലവഴിക്കാം
ജോലി സംബന്ധമായ കാര്യങ്ങള്‍ പരമാവധി ഓഫീസില്‍ തന്നെ തീര്‍ക്കുക. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. കുടുംബത്തോടൊപ്പമായിരിക്കുമ്പോള്‍ അത്യാവശ്യകാര്യത്തിനല്ലാതെ ജോലി സംബന്ധമായ ഫോണ്‍കോളുകള്‍ എടുക്കാതിരിക്കുക. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാതിരിക്കാം
5. കൃത്യമായി വ്യായാമം ചെയ്യുക,
കൃത്യമായ വ്യായാമം നിങ്ങളുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ ഒരു പരിധിവരെ സഹായിക്കും.
6. മെഡിറ്റേഷന്‍ ശീലമാക്കാം
മെഡിറ്റേഷന്‍ നിങ്ങളുടെ ഏകാഗ്രത വര്‍ധിപ്പിക്കാനും ഉത്കണ്ഠയും മാനസികപ്പിരിമുറുക്കവും കുറക്കാനും സഹായിക്കുന്നു.
തൊഴിലിടങ്ങളില്‍ എന്തെല്ലാം ചെയ്യാം?
തൊഴിലാളികളുടെ മാനസികാരോഗ്യം തൊഴിലിടങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. തൊഴിലുടമകള്‍ക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം.
സൗമ്യമായ ഇടപഴകല്‍/തുറന്ന ആശയ വിനിമയം
തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തുറന്ന ആശയ വിനിമയം തൊഴിലാളികളുടെ മാനസിക സമ്മര്‍ദം ഒരു പരിധിവരെ കുറയ്ക്കും. ടീം ലീഡര്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ തൊഴിലാളികളെ സമ്മര്‍ദത്തിലാക്കാതെ ധരിപ്പിക്കുക. അവരുടെ നേട്ടങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. പരിഗണിക്കപ്പെടുന്നുവെന്ന തോന്നല്‍ തൊഴിലാളികവില്‍ ഉണ്ടാക്കുക.
സെമിനാറുകളും വര്‍ക്ഷോപ്പുകളും സംഘടിപ്പിക്കാം
തൊഴിലാളികളുടെ മാനസികാരോഗ്യത്തിനായി സ്ട്രെസ് മാനോജ്മെന്‍റിനെക്കുറിച്ചും മാനസികാരോഗ്യ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന സെമിനാറുകളും വര്‍ക്ഷോപ്പുകളും സംഘടിപ്പിക്കുന്നത് മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സഹായകരമാകും.
പ്രോത്സാഹനങ്ങള്‍ നല്‍കാം
ഓരോ മാസത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച തൊഴിലാളികളെ കണ്ടെത്തി ചെറിയ ഉപഹാരങ്ങള്‍ നല്‍കുന്നത് തൊഴിലാളികള്‍ക്ക് ജോലിയോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വിശ്രമ മുറികള്‍ ഒരുക്കാം
ജോലിക്കിടയിലുള്ള ഇടവേളകള്‍ ആനന്ദമാക്കാന്‍ വിശ്രമമുറികള്‍ ഒരുക്കുന്നതിലൂടെ തൊഴിലാളികളെ കൂടുതല്‍ ഊര്‍ജ്വസ്വലരാക്കാന്‍ സാധിക്കും.