കേരളത്തില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണെന്നും, അവിവാഹിതരില്‍ ആത്മഹത്യ തോത് കൂടുതലെന്നും കേരള സംസ്ഥാന യുവജന കമ്മീഷന്‍റെ പഠന റിപ്പോര്‍ട്ട്. 2023-24 ല്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ജനുവരിയില്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് യുവജന കമ്മീഷന്‍.
കേരളത്തില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു. കേരളത്തില്‍ ആത്മഹത്യ ചെയ്ത പുരുഷന്മാരില്‍ വലിയൊരു ശതമാനവും 31നും 35നുമിടയില്‍ പ്രായമുള്ളവരാണ്. എന്നാല്‍ സ്ത്രീകളുടെ കണക്ക് ആശങ്കാജനകമാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതില്‍ വലിയൊരു ശതമാനം സ്ത്രീകളും 18നും 20നും ഇടയില്‍ പ്രായമുള്ളവരാണെന്ന ഗൗരവതരമായ നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട(OBC) ആള്‍ക്കാരാണ് കേരളത്തില്‍ ഏറ്റവുമധികം ആത്മഹത്യ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജീവനൊടുക്കിയവരില്‍ 52.9 ശതമാനവും ഒബിസി വിഭാഗത്തില്‍പ്പെട്ടവരാണെന്ന ഞെട്ടിക്കുന്ന കണക്കും പഠന റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ വിവാഹിതരായവരിലാണ് ആത്മഹത്യാ പ്രവണത കൂടുതലെങ്കില്‍ കേരളത്തില്‍ അവിവാഹിതരായവരിലാണ് ആത്മഹത്യ തോത് കൂടുതലായി കണ്ടുവരുന്നത്.
തിരുവനന്തപുരമാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഏറ്റവുമധികം ആത്മഹത്യ നടന്ന ജില്ല. യുവാക്കള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം ആത്മഹത്യാ തോത് വര്‍ധിപ്പിക്കുന്നുവെന്ന ഗൗരവതരമായ കണ്ടെത്തല്‍ നേരത്തേ തന്നെ പല പഠനങ്ങളിലും വ്യക്തമായതാണ്. യുവജന കമ്മീഷന്‍റെ ഈ പഠന റിപ്പോര്‍ട്ടിലും അക്കാര്യം വ്യക്തമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്.ആത്മഹത്യ ചെയ്യുന്നവരില്‍ വലിയൊരു ശതമാനവും മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവയ്ക്ക് അടിമപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
36നും 40നും ഇടയില്‍ പ്രായമുള്ള ആളുകളാണ് കേരളത്തില്‍ ഏറ്റവുമധികം ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇതില്‍ത്തന്നെ പുരുഷന്മാര്‍ തൂങ്ങിമരിക്കുക, സ്ത്രീകളില്‍ വിഷം കഴിക്കുക, ഉയരത്തില്‍ നിന്ന് ചാടുക, മുങ്ങിമരിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തിരഞ്ഞെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ നിരീക്ഷണം.
ടോക്സിക് റിലേഷന്‍ഷിപ്പുകള്‍, പ്രണയ നൈരാശ്യം, ബ്ലാക്ക്മെയ്ലിങ്, പ്രണയ തിരസ്കരണം തുടങ്ങിയവ കാരണം വലിയൊരു ശതമാനം ആളുകള്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നതായും പഠനസംഘം നിരീക്ഷിക്കുന്നു.
ബന്ധുക്കളുടെ ആരുടെയെങ്കിലും മുന്‍കാല ചരിത്രം ആളുകളെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്നവരും ആത്മഹത്യയ്ക്ക് മുതിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ പ്രത്യേക വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ളവരുടെ വേര്‍പാട് കുടുംബാംഗങ്ങളിലും ബന്ധുക്കളിലും ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന ദുഃഖം സൃഷ്ടിക്കുന്നുണ്ട്.
സാമ്പത്തിക പരാധീനതയും ആത്മഹത്യയുമായി ഒരു പരിധിവരെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിച്ചിരിക്കുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരോ വരുമാനമില്ലാത്തവരോ ആണ്. എസ്.എസ്.എല്‍.സിയോ, പ്ലസ് ടു വരെയോ പഠിച്ച ഉയര്‍ന്ന വിദ്യാഭ്യാസമില്ലാത്ത ആളുകളില്‍ ആത്മഹത്യ പ്രവണത കൂടുതലാണന്നും പഠനം നിരീക്ഷിക്കുന്നു.
ആത്മഹത്യയെ അതിജീവിച്ചവരും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നതായി പഠനറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളെക്കാള്‍ വൈകാരിക, മാനസിക പ്രശ്നങ്ങളാണ് ആത്മഹത്യയെ അതിജീവിച്ചവരില്‍ പലരും നേരിടുന്നത്. അസ്വസ്ഥമായ സാമൂഹികാന്തരീക്ഷത്തില്‍ നിന്ന് രക്ഷപെടാന്‍ ഇവരില്‍ ചിലര്‍ താമസം മാറി മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതായും പഠനസംഘം നിരീക്ഷിക്കുന്നു.
18 മുതൽ 45വരെ വയസ്സുള്ളവരിൽ അഞ്ചുവർഷത്തിനിടെ നടന്ന ആത്മഹത്യകൾ പഠനവിധേയമാക്കി, എല്ലാ ജില്ലകളിലുമായി 800ൽ അധികം ആത്മഹത്യകളെ സംബന്ധിച്ച് വിദഗ്‌ധസംഘം ശാസ്ത്രീയ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠന റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നുവെന്നും വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ ക്യാംപെയിനുകള്‍ നടത്തുമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഈ വിഷയത്തില്‍ നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നുവെന്നും പഠനറിപ്പോര്‍ട്ടിന്‍റെ മലയാളം പതിപ്പ് ഈ മാസം തന്നെ പുറത്തിറങ്ങിയ ശേഷം കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)