ആഘോഷങ്ങളും ആള്‍ക്കൂട്ടവും ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ? ഇഷ്ടമില്ലാത്തവരും ഉണ്ട്.മറ്റുളളവരുടെ മുന്നില്‍പ്പെടാതെ സംസാരിക്കാതെ സ്വയം ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ച ഒരാളെയെങ്കിലും പരിചയമുണ്ടായിരിക്കില്ലേ? അവരാണ് ഇന്‍ട്രോവേര്‍ടുകള്‍. അഥവാ അന്തര്‍മുഖര്‍.
പുതുവല്‍സര രാവില്‍ എല്ലാവരും ആടിപ്പാടി നടന്നപ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ ലോകത്ത് ചെറിയ കൂട്ടായ്മകളില്‍ സന്തോഷം കണ്ടെത്തിയിട്ടുണ്ടാകും. ഒരുപക്ഷേ പിറ്റേന്ന് തങ്ങള്‍ക്ക് ആഘോഷിക്കാനുള്ള ദിനമാണെന്നും അവര്‍ ആരോടും പറഞ്ഞിട്ടുണ്ടാകില്ല. അതെ, ജനുവരി രണ്ട് ലോക ഇന്‍ട്രോവെര്‍ട്ട് ദിനമായാണ് ആഘോഷിക്കുന്നത്.
വളരെക്കുറച്ചുമാത്രം സമൂഹത്തില്‍ ഇടപെടുകയും എപ്പോഴും തങ്ങളുടെ ലോകത്തില്‍ ജിവിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ് ഇന്‍ട്രോവെര്‍ടുകള്‍. ഈയൊരു മനുഷ്യ സ്വഭാവത്തെ രോഗമായി കാണുന്നവരാണ് അധികവും.സമൂഹത്തിലെ സിംഹഭാഗവും കയ്യേറുന്ന എക്സ്ട്രോവെര്‍ടുകളുടെ ഇടയില്‍ വളരെക്കുറച്ചുമാത്രമുള്ള ഇന്‍ട്രോവെര്‍ടുകള്‍ ഒതുങ്ങിപ്പോവുന്നത് ഒരു വലിയ കാര്യമല്ല. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ഇന്‍ട്രോവെര്‍ട് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഒരു വ്യക്തിയുടെ ആന്തരികമോ ബാഹ്യമോ ആയ ചുറ്റുപാടില്‍ സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരെയാണ് ഇങ്ങനെ വിളിച്ചുപോന്നത്. മുന്‍പ് വ്യാപകമായി ഉപയോഗിച്ചിരുന്നില്ലെങ്കിലും ഇന്ന് ഈ വാക്ക് അറിയാത്തവര്‍ വളരെ ചുരുക്കമാണ്.
പൊതുവെ ശാന്തരായ ഇന്‍ട്രോവെര്‍ടുകളെക്കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ ചിന്താരീതിയില്‍ മാറ്റം വരുത്താനും ഇവരുടെ ജീവിതരീതിയെക്കുറിച്ചും സമൂഹത്തില്‍ അവരെക്കൂടെ ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താനുമായാണ് ദിനാചരണം സംഘടിപ്പിച്ചുപോന്നത്. എന്നാല്‍ സാമൂഹ്യ സാഹചര്യങ്ങള്‍കൊണ്ട് പലരും ഇന്‍ട്രോവെര്‍ട്ടുകള്‍ ആയി മാറുന്ന ഈ കാലഘട്ടത്തില്‍ എത്ര പേര്‍ക്ക് ഈ ദിനത്തെക്കുറിച്ചറിയാമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അന്തര്‍മുഖരുടെ ഗുണങ്ങള്‍ തിരിച്ചറിയാനും ഇവരെ ലജ്ജയുള്ളവരോ സാമൂഹിക വിരുദ്ധരോ ആയി മുദ്രകുത്തരുതെന്നും ഇന്‍ട്രോവെര്‍ട് ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.സർഗ്ഗാത്മകത, ആഴത്തിലുള്ള ചിന്ത, സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ് തുടങ്ങിയ കഴിവുള്ളവരാണ് ഇന്‍ട്രോവെര്‍ടുകള്‍. എന്നാല്‍ മുന്‍നിരയിലേക്ക് ചെന്നെത്താത്തതുകൊണ്ട് ആരും ഇവരെ ഗൗനിക്കാറില്ല.
നമുക്കിടയില്‍ ഇന്‍ട്രോവെര്‍ടുകളുണ്ടെന്ന് പറഞ്ഞല്ലോ. ഏവരെയും കൊതിപ്പിക്കുന്ന ജീവിതരീതി പിന്തുടരുന്ന സെലിബ്രിറ്റികള്‍ എക്സ്ട്രോവെര്‍ടുകളാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇവരില്‍ പലരും ഇന്‍ട്രോവെര്‍ടുകളാണെന്നതാണ് ഒരു സത്യം. പലരും പൊതുമധ്യത്തില്‍ വരാനും ജനങ്ങളെ അഭിസംബോധന ചെയ്യാനും ഇഷ്ടമില്ലാത്തവരാണ്. ബില്‍ ഗേറ്റ്സ്. എമ്മ വാട്സണ്‍, ജെ കെ റൗളിങ്, ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ സ്പില്‍ബര്‍ഗ്, വാരന്‍ ബഫറ്റ് എന്നിവര്‍ ഇന്‍ട്രോവെര്‍ടുകളാണെന്ന് സ്വയം തിരിച്ചറിഞ്ഞവരാണ്.ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, രാജ്കുമാര്‍ റാവു, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഇന്‍ട്രോവെര്‍ട്ടുകളായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് പ്രഖ്യാപിച്ചവരുമാണ്. എന്തിനേറെ പറയുന്നു അടുത്തിടെ അന്തരിച്ച നമ്മുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഒരു ഇന്‍ട്രോവെര്‍ടായിരുന്നു. അധികം സംസാരിക്കാതെ ശാന്തമായ ജീവിതം നയിച്ച അദ്ദേഹം രാജ്യത്തിനുവേണ്ടി പല സുപ്രധാന തീരുമാനങ്ങളും എടുത്തുവെന്നതിന് തര്‍ക്കമില്ലല്ലോ? ഇന്‍ട്രോവെര്‍ടുകളായാല്‍ വിജയിക്കാനാകില്ലെന്ന ബോധത്തോട് കടക്ക് പുറത്തെന്ന് പറഞ്ഞവരാണ് ഇക്കൂട്ടര്‍. മനുഷ്യരില്‍ ഒതുങ്ങുന്നില്ല എന്നതാണ് കൗതുകകരമായ കാര്യം. കോവാല, സ്ലോത്ത് മരുഭൂമിയില്‍ കാണപ്പെടുന്ന ചില ആമകളും ഇന്‍ട്രോവെര്‍ടുകളായി അറിയപ്പെടുന്നവരാണ്.
മറ്റുള്ളവരെ വെറുക്കുന്നവരോ ഇഷ്ടമില്ലാത്തവരോ അല്ല ഇന്‍ട്രോവെര്‍ടുകള്‍.അവര്‍ സ്വതന്ത്രമായും വ്യത്യസ്തമായും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇഷ്ടപ്പെടുന്നു. ഒന്നോ രണ്ടോ പേരുള്ള സുഹൃദ്ബന്ധങ്ങളില്‍ സന്തോഷം കണ്ടെത്തുന്നു.ആഴമുള്ള ബന്ധങ്ങള്‍ എല്ലാക്കാലവും കൊണ്ടുനടക്കുന്നവര്‍ കൂടെയാണ് ഇന്‍ട്രോവെര്‍ടുകള്‍.ലോക ജനസംഖ്യയില്‍ അന്‍പത് ശതമാനം വരെ ഇന്‍ട്രോവെര്‍ടുകള്‍ ഉണ്ടെന്നാണ് പുതിയ കണക്കുകള്‍. ഇന്‍ട്രോവെര്‍ടുകള്‍ക്ക് പൊതുസമൂഹത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ എല്ലാവരെയും പോലെ അവര്‍ക്കും പൊതുസമൂഹത്തിന്‍റെ ഭാഗമാകാന്‍ കഴിയും.പക്ഷേ അതിന് ധാരാളം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതായി വരുമെന്ന് മാത്രം. ആള്‍ക്കൂട്ടത്തില്‍നിന്നും മാറി ഒരിടത്തിരുന്ന് ഈ ആര്‍ട്ടിക്കിള്‍ അനേകം ഇന്‍ട്രോവെര്‍ട്ടുകള്‍ വായിച്ചേക്കാം. കഴിഞ്ഞുപോയത് അവരുടെയും കൂടെ ദിനമാണ്.