അത്രമേല്‍ പ്രിയപ്പെട്ടൊരാളെ നാം കെട്ടിപ്പിടിക്കുന്നത് സ്നേഹത്തിന്‍റെയും മമതയുടെയും പ്രകടനമായാണ്. എന്നാല്‍ അതിനുമപ്പുറം ആരോഗ്യപരമായും ആലിംഗനത്തിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രിയപ്പെട്ടവരുമായി ചേർന്നിരിയ്ക്കുമ്പോൾ ‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിൻ ഉല്‍പാദിപ്പിക്കപ്പെടുന്നു, ഇത് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. ഇതു കൂടാതെ, രക്തസമ്മർദം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായ ആലിംഗനം മാനസിഅടുപ്പം കൂട്ടുകയും , ഉന്മേഷം നിലനിര്‍ത്തുകയും ഒറ്റപ്പെടലിന്റെ അനുഭവം കുറയ്ക്കുകയും ചെയ്യുന്നു. ജീവിത പങ്കാളിയോ, സുഹൃത്തോ, കുടുംബാംഗമോ വളര്‍ത്തുമൃഗമോ ആയാലും കെട്ടിപിടിക്കല്‍ ഒരൊന്നൊന്നര സംഭവം തന്നെയെന്ന് പഠനങ്ങള്‍.
ഉത്കണ്ഠ കുറയ്ക്കുന്നു
പ്രിയപ്പെട്ട ഒരാളുമായി ആലിംഗനത്തിലേര്‍പ്പെടുമ്പോള്‍ ശരീരം ഓക്സിടോസിൻ എന്ന ഹോർമോൺ പുറന്തള്ളും, ഇത് മനസ്സിനെ ശാന്തമാക്കുകയും സമ്മർദ്ദം ഭേദപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ഉദാഹരണത്തിന്, നിങ്ങൾ ചിരിക്കാനോ, ശ്രദ്ധ തിരിച്ചുവിടാനോ, അല്ലെങ്കിൽ ഒരു പ്രശ്നം പരിഹരിക്കാനോ സാധ്യതയേറിയിരിക്കും. കൂടാതെ, ഇത് രക്തസമ്മർദം കുറയ്ക്കാനും, സമ്മർദ്ദ ഹോർമോൺ ആയി അറിയപ്പെടുന്ന കോർട്ടിസോളിന്‍റെ പ്രവര്‍ത്തനം കുറയ്ക്കാനും സഹായിക്കുന്നു, ഇത് ശരീരത്തിനും മനസ്സിനും കൂടുതൽ സ്വാസ്ഥ്യം നൽകും
ഹൃദയാരോഗ്യത്തിനും നല്ലത്
രക്തസമ്മർദ്ദം കുറവായിരിക്കുകയോ, മാനസിക സമ്മർദ്ദം കുറയുകയോ ചെയ്താൽ അത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഈ ഗുണങ്ങള്‍ കെട്ടിപ്പിടിത്തത്തിലൂടെ സ്ത്രീകള്‍ക്കാണ് കൂടുതല്‍ ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാല്‍ പുരുഷന്‍മാര്‍ക്കും ആലിംഗനം ഉന്‍മേഷം പകരുന്നു.
വേദന കുറയുമോ?
ഒരു നല്ല ആലിംഗനം നിങ്ങളുടെ മനോവീര്യം വര്‍ധിപ്പിക്കുക മാത്രമല്ല, വേദനയും കുറച്ചേക്കാം. കെട്ടിപ്പിടിക്കുമ്പോള്‍ ശരീരം പുറന്തള്ളുന്ന ഓക്സിടോസിൻ വേദനാ സന്ദേശങ്ങളെ തടയാൻ സഹായിക്കുന്നു. ഇത് അത്രയും ഫലപ്രദമാണ് . ഈ രീതി ചികിത്സയ്ക്കായി ഉപയോഗിക്കാനുള്ള ഗവേഷണങ്ങളും നടന്നുവരികയാണ്.
പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നു
പങ്കാളിയെ ഇടയ്ക്കിടെ കെട്ടിപ്പിടിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. ഓരോ ആലിംഗനതതിലും സ്നേഹ ഹര്‍മോണായ ഓക്സിടോസിന്‍ രക്തത്തില്‍ കൂടുതലായി ഉണ്ടാകും. മടിയില്ലാതെ ആലിംഗനവും ചുംബനവും പങ്കിടുന്ന ദമ്പതികള്‍ സന്തോഷവാന്മാരും ആരോഗ്യവാന്മാരും കുറവ് സമ്മർദ്ദം അനുഭവിക്കുന്നവരുമായാണ് കാണപ്പെടുന്നത്.
ഉറക്കം മെച്ചപ്പെടുത്തുന്നു
ഇവിടെയും ഓക്സിടോസിൻ അതിശയകരമായ പ്രഭാവം ചെലുത്തുന്നു. കെട്ടിപിടിച്ചുള്ള ഉറക്കം വൈകാരികവും ശാരീരികവുമായ സുരക്ഷിതത്വബോധം പങ്കാളികളില്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് നോര്‍ത്ത് വെല്‍ സ്‌റ്റാറ്റെന്‍ ഐലന്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ലീപ് മെഡിസിന്‍ ഡയറക്ടര്‍ ഡോ.തോമസ് മൈക്കിള്‍ കില്‍ക്കെനി ന്യൂയോര്‍ക്ക് പോസ്‌റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരുമിച്ചുള്ള ഉറക്കം, കെട്ടിപിടുത്തം, ലൈംഗികത എന്നിവയെല്ലാം ഓക്‌സിടോസിന്‍ എന്ന ലവ് ഹോര്‍മോണിനെ ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഇത് സമ്മര്‍ദ്ദം കുറച്ച്, കൂടുതല്‍ ശാന്തിയും സുരക്ഷിതത്വബോധവുമൊക്കെ ഉണ്ടാക്കുമെന്നും സ്ലീപ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനവും അഭിപ്രായപ്പെടുന്നു. സമ്മര്‍ദം കുറയ്‌ക്കാനും പരസ്‌പര അടുപ്പം വര്‍ധിപ്പിക്കാനുമൊക്കെ ഓക്‌സിടോസിന്‍ കാരണമാകുന്നു. റെം സ്ലീപ് ഘട്ടം വര്‍ധിക്കുന്നത് വഴി മെച്ചപ്പെട്ട ഓര്‍മ, തലച്ചോറിന്‍റെ വികാസം, വൈകാരിക നിയന്ത്രണം എന്നിവയും ഓക്‌സിടോസിന്‍ സാധ്യമാക്കുന്നു. പങ്കാളിക്കൊപ്പം ഒരു കട്ടിലില്‍ അല്ലെങ്കിലും ഒരു മുറിയിലെങ്കിലും ഒരുമിച്ച് ഉറങ്ങുന്നവര്‍ക്ക് ഒറ്റയ്‌ക്ക് ഉറങ്ങുന്നവരെ അപേക്ഷിച്ച് റെം സ്ലീപ് ഘട്ടത്തിലെ തടസ്സങ്ങള്‍ കുറവായിരിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടും പറയുന്നു
നവജാതശിശുവുമായുള്ള ബന്ധം ദൃഢമാക്കും
മാതാപിതാക്കൾ, പ്രത്യേകിച്ച് തോള്‍ സ്പർശത്തോടെയുള്ള ആലിംഗനം വഴി, കുഞ്ഞുമായി കൂടുതൽ അടുക്കുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിന് കൂടുതൽ ശ്രദ്ധകാണിക്കുകയും ചെയ്യുന്നു. ഇതുമൂലം കുഞ്ഞിന് മാത്രമല്ല അമ്മമാര്‍ക്കും സമ്മര്‍ദ്ദവും വിഷാദവും കുറയുമെന്നും ഗവേഷണങ്ങള്‍ പറയുന്നു. കുഞ്ഞുങ്ങളുടെ കരച്ചില്‍ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും അമ്മയുടെ ആലംഗനം കൊണ്ട് സാധിക്കും. ഒപ്പം കുട്ടികളഴുടെ മസ്തിഷ്കവളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും അണുബാധയോ മറ്റ് അസുഖങ്ങളോ വരാനുള്ള സാധ്യതയെ കുറയ്ക്കാന്‍ പോലും അമ്മയുടെ ചേര്‍ത്തുപിടിക്കലിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഫോൺ ആലിംഗനം?
ടെക്നോളജിയുടെ ഈ കാലഘട്ടത്തില്‍ മനുഷ്യര്‍ക്ക് ഏറെ ബന്ധം ഫോണുകളുമായാണ്. ഒരു പഠനത്തില്‍ ആളുകളോട് ഫോൺ ഘടിപ്പിച്ച മനുഷ്യ രൂപത്തിലുള്ള തലയണയെ ആലിംഗനം ചെയ്ത് പങ്കാളിയുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരില്‍ യഥാർത്ഥ ആലിംഗനത്തിന്‍റെ പ്രധാന ഗുണങ്ങളിലൊന്നായ സമ്മർദ്ദ ഹോർമോണുകളുടെ കുറവ് കണ്ടെത്തി. പുതിയ കാലത്തെ ഈ പ്രവണത സാമൂഹിക പിന്തുണ വർദ്ധിപ്പിക്കാൻ ഉപകരിക്കുമോ എന്ന് അറിയാൻ കൂടുതൽ പഠനം നടത്തുകയാണ് ശാസ്ത്രലോകം.