ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അനിവാര്യമാണ്. എത്ര ഉറങ്ങുന്നു എന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് എപ്പോള്‍ ഉറങ്ങുന്നു എന്നതും. ഉറക്കത്തിന് ഒരു ഗോള്‍ഡന്‍ അവര്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ അവകാശപ്പെടുന്നത്. ദീര്‍ഘായുസിനും ഇത് പ്രധാനം. രാത്രി 10 മണിക്കും 11 മണിക്കും ഇടയില്‍ ഉറങ്ങുന്നവരുടെ ഇടയില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനാല്‍ ഈ ഒരുമണിക്കൂറാണ് ഉറക്കത്തിന്‍റെ ഗോള്‍ഡന്‍ അവര്‍ .
അതായത് രാത്രി 11 മണിക്ക് ശേഷം ഉറങ്ങുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ 12% സാധ്യതയുണ്ടെന്നും, അര്‍ധരാത്രിക്ക് ശേഷം ഉറങ്ങുന്നവരാണെങ്കില്‍ അത് 25% ആകാമെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇത് മാത്രമല്ല ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക, രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുക, സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവയെല്ലാം ഹൃദയാരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. നിത്യ ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നത് പോലെ തന്നെ ഉറക്കത്തിലും ഉറങ്ങുന്ന സമയത്തിലും ശ്രദ്ധ നല്‍കണം.
ശരാശരി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കമാണ് ലഭിക്കേണ്ടത്. എന്നാല്‍ അപ്പോഴും എപ്പോള്‍ ഉറങ്ങുന്നു എന്നതിന് പ്രാധാന്യമേറെയാണ്. വളരെ വൈകിയും ഉണര്‍ന്നിരിക്കുന്നതും, ക്രമരഹിതമായ ഉറക്കവും ശരീരത്തില്‍ അനാവശ്യ സമ്മര്‍ദം ഉണ്ടാക്കുകയും അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൃത്യമായ ഉറക്കം ശരീരത്തിന്‍റെ സ്വാഭാവിക ജൈവഘടികാരം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്