ചിട്ടയായ വ്യായാമങ്ങള്‍ക്ക് പുറമേ ഒരു വ്യക്തി അയാളുടെ ദിനചര്യയുടെ ഭാഗമായി നടത്തവും ഉള്‍പ്പെടുത്തണം എന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് ജോലികള്‍ ചെയ്യുന്നതിനിടയിലുള്ള നടത്തമോ പടികൾ കയറി ഇറങ്ങുന്നതോ, അല്ലെങ്കിൽ ജോലിസ്ഥലത്ത് വെറുതെ നടക്കുന്നതോ ആകാം.
മാത്രമല്ല ഭക്ഷണത്തിന് ശേഷമുള്ള ചെറുതായുള്ള നടത്തം ആരോഗ്യത്തിന് നല്ലതാണെന്നാണെന്നും പഠനങ്ങള്‍ പറയുന്നു. ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഗുണകരമാണിതെന്നും പറയപ്പെടുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ പഠനം അനുസരിച്ച്, ഭക്ഷണം കഴിച്ച ഉടനെ നടക്കുന്നത് ശരീരഭാരം കുറയാന്‍ കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണശേഷമുള്ള നടത്തം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറച്ചേക്കാമെന്നും പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും ഇത്തരത്തിലുള്ള നടത്തം സഹായകമാകും. പേശികളിലേക്ക് ഊർജത്തിനായി ഗ്ലൂക്കോസ് ആഗിരണം വർദ്ധിപ്പിക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.
ഭക്ഷണത്തിനു ശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നതിലൂടെ, ഭാരം നിയന്ത്രിക്കുന്നതിനും ടൈപ്പ് 2 പ്രമേഹം തടയുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല ഭക്ഷണത്തിനു ശേഷം നടക്കുന്നത് ആമാശയത്തെയും കുടലിനെയും ഉത്തേജിപ്പിക്കകയും അതുവഴി ദഹനവ്യവസ്ഥ സുഖമമാക്കുന്നതായും പഠനങ്ങള്‍ പറയുന്നു.
കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനോ നിലനിർത്തുന്നതിനോ ഇത് സഹായിക്കും. അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കുന്നു. ഇത്തരം വ്യയാമങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാമെങ്കിലും ഹൃദ്രോഗം, രക്തസമ്മർദ്ദം പോലുള്ള രോഗങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറോടു അഭിപ്രായം ചോദിക്കുന്നതാവും ഉചിതം.