ജാതിക്കും മതത്തിനും അകത്ത് നിന്ന് മാത്രമുള്ള വിവാഹങ്ങള്‍ ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നെന്ന് പഠനങ്ങള്‍. സ്വന്തം മതത്തില്‍ നിന്നും ജാതിയില്‍ നിന്നും കുലത്തില്‍ നിന്നും വിവാഹം കഴിക്കുന്ന രീതിയെ എന്‍ഡോഗമി എന്നാണ് വിളിക്കുന്നത്. വര്‍ഷങ്ങളായി പിന്തുടരുന്ന രീതി തലമുറകള്‍ കൈമാറി അസുഖങ്ങളും ജനിതക വൈകല്യങ്ങളും കൈമാറുന്നെന്ന് വ്യക്തമാകുകയാണ്. 2005–06ലെ കണക്ക് പ്രകാരം രാജ്യത്ത് 87.8 ശതമാനം പേരും വിവാഹം കഴിച്ചിരിക്കുന്നത് സ്വന്തം ജാതിയും മതവും കുലവും നോക്കിയാണ്. 10 ശതമാനം പേര്‍ ജാതി നോക്കാതെ വിവാഹം കഴിച്ചിട്ടുണ്ട്. 2.1 ശതമാനം പേര്‍ ആണ് മതത്തിന് പുറത്ത് വിവാഹം കഴിച്ചിരിക്കുന്നത്.
ഇന്ത്യക്കാരുടെ ജനിതക ഘടന നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി രൂപീകരിച്ച ഇന്ത്യന്‍ ജീനോം പ്രോജക്റ്റാണ് ഗുരുതര ജനിതക വൈകല്യങ്ങളും രോഗങ്ങളും ജനിതക സങ്കീര്‍ണതയില്ലാത്തതിനാല്‍ പടരുന്നത് ശ്രദ്ധിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുംബത്തില്‍ നിന്നും തന്നെ വിവാഹം കഴിക്കുന്ന രീതി പിന്തുടരുന്ന സമുദായങ്ങളുണ്ട്. ഇക്കൂട്ടരിലാണ് ഏറ്റവുമധികം ജനിതക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. ചെറുപ്രായത്തില്‍ തന്നെ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍ വരുന്നതും സന്ധിവാതവും വന്ധ്യതയും ഗര്‍ഭചിദ്രവും ഇവയില്‍ മറ്റുചിലതാണ്.
അച്ഛനും അമ്മയും അകന്ന ബന്ധുക്കളാണെങ്കിലും അവരുടെ പൂര്‍വികര്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ ഇവരുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന രോഗം മക്കളിലേക്ക് കൈമാറപ്പെടാനും സാധ്യതയുണ്ട്. മാത്രമല്ല പാരിസ്ഥിതിയുമായി യോജിച്ചുപോകാനായി ഉരുത്തിരിഞ്ഞ പല ജനിതക മാറ്റങ്ങളും ഈ കുട്ടികളില്‍ അപ്രത്യക്ഷമാകും. രാജ്യത്ത് ഒരു പ്രദേശത്ത് ജീവിക്കുന്ന ഒരേ സമുദായങ്ങളിലെ 10000 പേരെ നിരീക്ഷിച്ചപ്പോള്‍ ഇവരില്‍ പലരും ജനിതകമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും ഇവര്‍ക്ക് ജനിതക വൈവിധ്യം കുറവാണെന്നും രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലുമാണെന്നും കണ്ടെത്തി. രാജ്യത്തെ ജനിതക വൈവിധ്യം വര്‍ധിപ്പിക്കുന്നതിനായി സാക്ഷരതയും അറിവും പകരേണ്ടത് അനിവാര്യമാണെന്നും നിരീക്ഷണമുണ്ടായി.