office-work

AI Generated Images

ഓഫീസില്‍ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുവരാവും നാം. ജോലിതിരക്ക് മൂലം പലരും ഇടക്കുള്ള കോഫിയും ഭക്ഷണവും പോലും  ഉപേക്ഷിച്ച് ജോലി ചെയ്യുന്ന പ്രവണതകളും കണ്ടുവരുന്നുണ്ട്. ജോലിയുടെ സ്വഭാവമനുസരിച്ച് അത്യന്താപേക്ഷിതമാണെങ്കിലും മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങളിലേക്ക് വഴിവക്കും. ബോൾഡറിലെ കൊളറാഡോ സർവ്വകലാശാലയില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും ഇരിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഹൃദയസംബന്ധമായ മറ്റ് രോഗങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തി. 

730 ഇരട്ടകള്‍ ഉള്‍പ്പെടെ കൊളറാഡോയിലെ 28നും 49നും ഇടയില്‍ പ്രായമുള്ള 1000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇരിപ്പ് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്​നങ്ങള്‍ പഠനവിഷയമാക്കിയത്. പഠനത്തില്‍ 16 മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്​ത കേസുകളുണ്ടായിരുന്നു. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്​തവരില്‍ ശരീര ഭാരത്തെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലും ഹൃദയാഘാത സാധ്യത കൂടുതലുമായിരുന്നു. ഇവരില്‍ പലരും ദിവസവും 20 മിനിറ്റ് ശാരീരിക അധ്വാനം ചെയ്യുന്നവരുമായിരുന്നു. 

ഇത് കേട്ട് ഓഫീസ് ജോലി ചെയ്യുന്നവര്‍ പേടിക്കണ്ട. പരിഹാര മാര്‍ഗവും പഠനത്തില്‍ പറയുന്നുണ്ട്. ശരിയായ വ്യായാമത്തിലൂടെ ആരോഗ്യപ്രശ്നങ്ങളെ മറികടക്കാം. ദിവസവും 30 മിനിട്ടെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ ആരോഗ്യവാന്‍മാരായാണ് കാണപ്പെട്ടത്. ഇവരില്‍ അഞ്ച്മുതല്‍ പത്ത് വയസുവരെ ചെറുപ്പവും തോന്നിക്കാം. അതിനാല്‍ ഇരിപ്പ് മാത്രമാക്കാതെ വ്യായാമത്തിനും ആരോഗ്യകരമായ ഭക്ഷണത്തിനും കൂടി സമയം ചിലവഴിക്കാം. 

ENGLISH SUMMARY:

Health problems due to sitting for long hours