നല്ല ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ഒരു മനുഷ്യന് ശരാശരി 6-8 മണിക്കൂർ ഉറക്കം നിർബന്ധമാണെന്നാണെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും ജോലിത്തിരക്കുകള്‍ മൂലവും അമിതമായ ടെന്‍ഷന്‍ മൂലവുമൊക്കെ പലപ്പോഴും നമുക്ക് ശരിയായ ഉറക്കം ലഭിച്ചെന്ന് വരില്ല. ജീവിതത്തിലേക്ക് സ്മാര്‍ട്ട്ഫോണ്‍ കടന്നുവന്നതോടെ ഉറക്കം പകുതിയില്ലാതായി എന്നുതന്നെ പറയാം. രാത്രിയിലെ അമിതമായ ഫോണ്‍ ഉപയോഗം ഉറക്കക്കുറവിലേക്ക് നയിക്കാം. നിങ്ങള്‍ എത്ര സമയം ഉറങ്ങും എന്നുചോദിച്ചാല്‍ ഒരോരുത്തരുടെയും ഉത്തരം വ്യത്യസ്തമായിരിക്കും. രാത്രി ഒരു മണിക്കാണ് താന്‍ ഉറങ്ങാന്‍ പോകാറെന്ന് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്കും, വെളുപ്പിന് നാല് മണിക്കാണ് തന്‍റെ ഉറക്കം ആരംഭിക്കുന്നതെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനും വെളിപ്പെടുത്തിയിരുന്നു. സെലിബ്രിറ്റി താരങ്ങളുടെ സ്ലീപ്പിങ് ടൈമിനെ കുറിച്ചറിയാം.
ഓപ്ര വിന്‍ഫ്രി
ലോകപ്രശസ്ത അവതാരക ഓപ്ര വിൻഫ്രി ദിവസവും 8 മണിക്കൂറാണ് ഉറങ്ങാറ്. രാത്രി 10 മണിക്ക് ഉറങ്ങി പുലര്‍ച്ചെ 6 മണിക്ക് എഴുനേല്‍ക്കുന്ന രീതിയാണ് ഓപ്ര വിന്‍ഫ്രി പിന്തുടരുന്നത്. എല്ലാ ദിവസവും അന്നത്തെ ദിവസവും പൂര്‍ത്തിയാക്കാന്‍ സഹായിച്ച ദൈവത്തിനുളള നന്ദിയും ഓപ്ര വിന്‍ഫ്രി തന്‍റെ ഡയറില്‍ കുറിക്കും. എല്ലാ ദിവസവും അലാറത്തിന്‍റെ സഹായമില്ലാതെ കൃത്യസമയത്ത് തനിക്ക് എഴുനേല്‍ക്കാന്‍ സാധിക്കാറുണ്ടെന്ന് ഓപ്ര വിന്‍ഫ്രി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ജെനിഫര്‍ ലോപസ്
ഗായികയും ഹോളിവുഡ് നടിയുമായ ജെനിഫർ ലോപസ് പറയുന്നു താന്‍ ദിവസവും 10 മണിക്കൂര്‍ ഉറങ്ങാറുണ്ടെന്ന്. ഇന്‍സോമ്നിയ ബാധിക്കപ്പെട്ട കാലഘട്ടത്തില്‍ താന്‍ 3–5 മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയിരുന്നതെന്ന് ജെനിഫർ പറഞ്ഞിരുന്നു. ഉറക്കമില്ലായ്മ തന്‍റെ ആരോഗ്യത്തെയും സാരമായി ബാധിച്ചുതുടങ്ങിയതോടെ ഡോക്ടറുടെ നിര്‍ദേശം തേടിയെന്നും ഉറങ്ങാനായുളള കാര്യങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചെന്നും ജെനിഫര്‍ പറയുന്നു. ഇപ്പോള്‍ എല്ലാ ദിവസവും 10 മണിക്കൂര്‍ താന്‍ ഉറങ്ങാറുണ്ടെന്നും ജെനിഫര്‍ വ്യക്തമാക്കി.
ഇലോണ്‍ മസ്ക്
വ്യവസായ ഭീമന്‍ ഇലോണ്‍ മസ്ക് ഉറക്കത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്. നല്ല പ്രൊഡക്റ്റീവായി ഒരു ദിവസം തുടങ്ങാന്‍ നല്ല ഉറക്കം അനിവാര്യമാണെന്നതാണ് മസ്തിന്‍റെ അഭിപ്രായം. രാത്രി 1 മണിക്ക് ഉറങ്ങാന്‍ കിടക്കുന്ന താന്‍ ഏകദേശം 7 മണിയോടെ എഴുനേല്‍ക്കുമെന്ന് മസ്ക് പറയുന്നു. ദിവസവും 6 മണിക്കൂര്‍ ഉറക്കം തനിക്ക് നിര്‍ബന്ധമാണെന്നും മസ്ക് ചൂണ്ടിക്കാട്ടി. ഉറങ്ങാന്‍ കിടക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പ് ഡിന്നര്‍ കഴിക്കുന്നതും മസ്കിന്‍റെ രീതിയാണ്. ഡിന്നറിന് ശേഷം മറ്റൊന്നും കഴിക്കാറില്ലെന്നും മസ്ക് പറയുന്നു.
ഷാരൂഖ് ഖാന്‍
ലോകത്തിന്‍റെ ഏറ്റവും തിരക്കുളള സെലിബ്രിറ്റികളിലൊരാളാണ് ഷാരൂഖ് ഖാന്‍. എത്ര തിരക്കാണെങ്കിലും ഉറക്കത്തിനും കൃത്യമായൊരു സമയം ഷാരൂഖ് മാറ്റിവെച്ചിട്ടുണ്ട്. എന്നും പുലര്‍ച്ചെ നാലുമണിക്കാണ് താന്‍ ഉറങ്ങാന്‍ പോകാറെന്ന് ഈയടുത്ത് ഒരഭിമുഖത്തില്‍ ഷാരൂഖ് വ്യക്തമാക്കിയിരുന്നു. ഈ ഉറക്കം രാവിലെ 9–10 വരെ നീളും. പിന്നീട് എഴുനേറ്റ് റെഡിയായി നേരെ ലൊക്കഷനിലേക്ക്. ഷൂട്ടിങ് കഴിഞ്ഞ് ഏറെ വൈകിയാണ് വീടെത്തുക. ശേഷം അൽപനേരം വർക്കൗട്ടിന് മാറ്റിവയ്ക്കും. പുലർച്ചെ നാലോടെ വീണ്ടും ബെഡ്ഡിലേക്ക്.
ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മേല്‍പ്പറഞ്ഞ സെലിബ്രിറ്റികളില്‍നിന്നെല്ലാം വ്യത്യസ്തനാണ്. ഉറക്കം റൊണാൾഡോയ്ക്ക് പരമപ്രധാനമാണെങ്കിലും അതിന് അദ്ദേഹത്തിന് ചില രീതികളൊക്കെയുണ്ട്. ഒറ്റക്കിടപ്പില്‍ ആറോ ഏഴോ മണിക്കൂര്‍ ഉറങ്ങുന്നതിന് പകരം. അത് പല തവണയാക്കി മാറ്റും. 90 മിനിറ്റ് ദൈര്‍ഘ്യമാണ് ഉറങ്ങാനായി റൊണാൾഡോ നിശ്ചയിച്ചിരിക്കുന്നത്. ഒരു ദിവസം ഇപ്രകാരം 5 തവണ റൊണാൾഡോ ഉറങ്ങും. ഒരു സ്ലീപ് സപെഷ്യലിന്‍റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു സ്ലീപ് ടൈം ഫോളോ ചെയ്യുന്നതെന്ന് റൊണാൾഡോ പറയുന്നു.
ബില്‍ ഗേറ്റ്സ്
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും ഉറക്കത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്. നല്ല ആരോഗ്യത്തിന് ശരിയായ ഉറക്കം അനിവാര്യമാണെന്ന് വിശ്വസിക്കുന്ന ആളുകൂടിയാണ് ബില്‍ ഗേറ്റ്സ്. അതിനാല്‍ തന്നെ ദിവസവും 7 മണിക്കൂര്‍ ഉറക്കം എന്ന സമയക്രമമാണ് അദ്ദേഹം പിന്തുടരുന്നത്.