ഇന്നത്തെ മിക്ക ചെറുപ്പക്കാരും നേരിടുന്നൊരു പ്രധാന പ്രശ്നമാണ് കുടവയര്‍. ഏറെ നേരം ഇരുന്നു ജോലി ചെയ്യുന്നവരിലും ഈയൊരു പ്രശ്നം കണ്ടുവരാറുണ്ട്. ചാടുന്ന വയര്‍ നിസാരമല്ല, ആന്തരികാവയവങ്ങളെ വരെ കേടു വരുത്താന്‍ കഴിയുന്ന ഒന്നാണിത്. വയറ്റിലെ ഈ കൊഴുപ്പ് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുകയും ചെയ്യുന്നു. വയറ്റില്‍ കൊഴുപ്പടിയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ കുറയ്ക്കാന്‍ അല്പം ബുദ്ധിമുട്ടുമാണ്. ചാടുന്ന വയര്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍ നോക്കാം.
1. ഉറക്കം
വയര്‍ ചാടാതിരിയ്ക്കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ദിവസവും ചുരുങ്ങിയത് 7 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിയ്ക്കുക. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നതാണ് നല്ലത്. വൈകി കിടന്ന് ആവശ്യത്തിന് ഉറങ്ങിയാലും ചിലയാളുകളില്‍ വയര്‍ ചാടുന്നതായി കാണാറുണ്ട്. ഉറക്കക്കുറവുള്ളവരില്‍ വയര്‍ ചാടുന്നത് സാധാരണയാണ്.
2. നടക്കുക
വയര്‍ കുറയ്ക്കാനായി ഏറ്റവും ആദ്യം ചെയ്യാനുള്ളത് നടക്കുകയെന്നതാണ്. വെറുതെ നടന്നാല്‍ പോരാ ബ്രിസ്‌ക് വാക്കിംഗ് അഥവാ നല്ല സ്പീഡില്‍ നടക്കുക. കൈകള്‍ നല്ലതുപോലെ വീശി നല്ല സ്പീഡില്‍ നടക്കണം. ആദ്യം മിത വേഗത്തില്‍ നടന്ന് ക്രമേണ സ്പീഡ് വര്‍ധിപ്പിക്കുക. 20 മിനിറ്റ് ഇതേ രീതിയില്‍ നടന്ന ശേഷം പിന്നീട് 5 മിനിറ്റ് ഓടാം. ഇതിലൂടെ ഹാര്‍ട്ട് റേറ്റ് കൂട്ടാന്‍ സഹായിക്കും. തുടക്കത്തില്‍ ഇതെല്ലാം ഒരുമിച്ച് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
3. ഭക്ഷണം
വയര്‍ ചാടുന്നവര്‍ ഭക്ഷണത്തിലും ശ്രദ്ധിക്കണം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാന്‍ ശ്രമിക്കുക. കൊഴുപ്പധികം ഉള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം. ദിവസവും അഞ്ചുനേരവും പഴങ്ങള്‍ കുറച്ചെങ്കിലും കഴിക്കണം. മധുരം പതുക്കെ ഒഴിവാക്കി മുഴുവനായും ഉപേക്ഷിക്കുക. വയറ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ചോറ് ഒഴിവാക്കുക. ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. ആദ്യം ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. ശീതളപാനീയങ്ങൾ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു, മദ്യപാനം. ജങ്ക് ഫുഡുകളും നിയന്ത്രിക്കുക. ഇവയെല്ലാം വയര്‍ ചാടാന്‍ ഇടയാക്കുന്ന ഭക്ഷണങ്ങളാണ്.
4.സൈക്കിളിങ്
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച വ്യായാമമാണ് സൈക്കിളിങ്. ഇത് നിന്നുകൊണ്ട് ചെയ്യുന്നത് നല്ലതാണ്. ജിമ്മില്‍ അല്ലാതെ സാധാരണ രീതിയില്‍ സൈക്കിള്‍ ചവിട്ടുന്നതും നല്ലതാണ്. ഇത് വയര്‍ കുറയാന്‍ സഹായിക്കും. 15-20 മിനിറ്റ് നേരം വരെ സൈക്കിളിങ് ചെയ്യാം. ഇതുപോലെ സ്‌റ്റെപ്പ് കയറുന്നതും ഏറെ ഗുണകരമാണ്. സ്റ്റെപ്പ് കയറുന്നതും ഇറങ്ങുന്നതും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഇത് ജിമ്മിലും അല്ലെങ്കില്‍ നമ്മുടെ വീട്ടില്‍ തന്നെ ഏളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. 500 സ്റ്റെപ്പെങ്കിലും കയറുക. ഇതും തുടക്കക്കാര്‍ ഒരുമിച്ച് ചെയ്യാതെ ദിവസം തോറും കൂട്ടിക്കൊണ്ടു വരണം.
വ്യായാമം ചെയ്യുമ്പോള്‍ അടുപ്പിച്ച് 5 ദിവസം ചെയ്യുക. പിന്നീട് രണ്ടുദിവസം ബ്രേക്കെടുക്കാം. തുടക്കത്തില്‍ 20 മിനിറ്റില്‍ തുടങ്ങി പിന്നീട് 45 മിനിറ്റ് വരെ അഞ്ചു ദിവസവും വ്യായാമം ചെയ്യാം. കുറച്ചു കാലം ചെയ്ത് പീന്നീട് വയര്‍ കുറയുമ്പോള്‍ ഇതെല്ലാം നിര്‍ത്തിവച്ചാല്‍ വീണ്ടും പലര്‍ക്കും വയര്‍ ചാടുന്നു. ഇത്തരം വ്യായാമങ്ങളും ഭക്ഷണ നിയന്ത്രണങ്ങളും വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.