ശരീരഭാരമേറുന്നത് (പൊണ്ണത്തടി) ആഗോള ആരോഗ്യ പ്രശ്‌നമായി മാറിക്കഴിഞ്ഞു. 2050 ഓടെ ലോകത്ത് പൊണ്ണത്തടിയന്‍മാരേറ്റവും കൂടുതലുള്ള രാജ്യങ്ങളായി ചൈനയും യുഎസും മാറുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. വികസ്വര-അവികസിത രാജ്യങ്ങളിലെ പൊതുജനാരോഗ്യ രംഗം സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും പൊണ്ണത്തടിയാകുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
Image: Meta AI
2021 ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 18 കോടി ജനങ്ങളാണ് അമിതമായ ശരീരഭാരവുമായി ജീവിക്കുന്നത്. 2050 ആകുമ്പോള്‍ ഇത് 45 കോടിയായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലായും കാണപ്പെടുന്നത്. 2050 ആകുമ്പോള്‍ രാജ്യത്തെ 23..2 കോടി സ്ത്രീകളും 21.8 കോടി പുരുഷന്‍മാരും അമിത വണ്ണമുള്ളവരായേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയില്‍ 25 വര്‍ഷം കൂടി കഴിയുമ്പോള്‍ 62.7 കോടി ആളുകളും യുഎസില്‍21.4 കോടി ആളുകളും പൊണ്ണത്തടിയുള്ളവരായേക്കാം.
പൊണ്ണത്തടി തലവേദനയാകാന്‍ തുടങ്ങിയത് എന്ന് മുതല്‍?
രണ്ടാം ലോക യുദ്ധത്തിന് പിന്നാലെയാണ് പൊണ്ണത്തടി ലോകമെങ്ങും വര്‍ധിക്കുന്നതായി ഗവേഷകരുടെയും ആരോഗ്യ വിദഗ്ധരുടെയും ശ്രദ്ധയില്‍പ്പെട്ടത്. 1990 ല്‍ അമിത ശരീരഭാരമുള്ള പുരുഷന്‍മാരുടെ എണ്ണം ഒന്നരക്കോടിയും സ്ത്രീകളുടെ എണ്ണം 2.1 കോടിയുമായിരുന്നു. 2021 ആയപ്പോള്‍ ഇത് 8.1 കോടി പുരുഷന്‍മാരും 9.8 കോടി സ്ത്രീകളുമായി വര്‍ധിച്ചു. പ്രായപൂര്‍ത്തിയായ അമിതഭാരമുള്ള പുരുഷന്‍മാരുടെ എണ്ണം 155.5 ശതമാനം സ്ത്രീകളുടെ എണ്ണം 105 ശതമാനവുമായാണ് ഇക്കാലയളവ് കൊണ്ട് വര്‍ധിച്ചത്.
കുട്ടികളിലും വേണം ശ്രദ്ധ
മുതിര്‍ന്നവരിലേത് പോലെ തന്നെ കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. 1990 ല്‍ നിന്നും 2021 ലെത്തിയപ്പോള്‍ അമിത ശരീരഭാരമുള്ള കുട്ടികളുടെ (5-14 വയസ്) എണ്ണം ഇരട്ടിച്ചു. 2021ലെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് 93.1 ദശലക്ഷം കുട്ടികള്‍ അമിതശരീരഭാരവുമായി ജീവിക്കുകയാണ്. കുട്ടികളിലെ പൊണ്ണത്തടിയന്‍മാരുടെ എണ്ണത്തില്‍ ലോകത്ത് തന്നെ രണ്ടാമത് ഇന്ത്യയാണ്. 2050 എത്തുമ്പോള്‍ ഇത് അപകടകരമായ രീതിയില്‍ വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Image: Meta AI
പൊണ്ണത്തടി വ്യാപകമാകുന്നതിന് കാരണമെന്ത്?
മാറിയ ജീവിതരീതികള്‍ മുതല്‍ പാരമ്പര്യവും വ്യായാമക്കുറവുമെല്ലാം പൊണ്ണത്തടിക്ക് കാരണമാണ്. സംസ്‌കരിച്ച ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം, സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ എന്നിവയും ഇതിന് ആക്കമേറ്റി. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് പൊണ്ണത്തടി കൂടുതലായും കണ്ടുവരുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍
അമിത വണ്ണമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. ശരീരഭാരം വര്‍ധിക്കുന്നതിനൊപ്പം ടൈപ്പ് 2 പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും ആളുകളില്‍ സാധാരണമാകും. ഒരുവശത്ത് പൊണ്ണത്തടിയും മറുവശത്ത് പോഷകാഹാരക്കുറവും വര്‍ധിക്കുന്നതോടെ വികസ്വര, അവികസിത രാജ്യങ്ങളിലെ ആരോഗ്യസംവിധാനം താറുമാറായേക്കാം. വിശദമായ പഠനങ്ങളും പ്രതിരോധ മാര്‍ഗങ്ങളും ബോധവല്‍ക്കരണവും പൊണ്ണത്തടി ചെറുക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.