pregnant-woman

TOPICS COVERED

സ്ത്രീജന്മം ഏറ്റവും പൂര്‍ണമാകുന്നത് അവള്‍ ഒരു അമ്മയാകുമ്പോഴാണ് എന്ന് പറയാറുണ്ട്. അങ്ങനെയെങ്കില്‍ പ്രസവിക്കാത്തവരും സ്ത്രീകളല്ലേ? കുഞ്ഞ് വേണ്ട എന്ന തീരുമാനത്തോടെ ജീവിക്കുന്നവരില്ലേ? വാടകഗര്‍ഭധാരണം, ദത്തെടുക്കല്‍ എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരില്ലേ? തുടങ്ങിയ ചോദ്യങ്ങളും ഇതിനൊപ്പം മറുവശത്തുയരും. ഇവയെല്ലാം ശരിയാണ്, എങ്കിലും നമ്മുടെ സമൂഹത്തില്‍ 90 ശതമാനംപേരും സ്വന്തം ചോരയിലൊരു കുഞ്ഞ് വേണം എന്ന് ആഗ്രഹിക്കുന്നവരല്ലേ. ഗര്‍ഭിണിയാകാനും സ്വന്തം കുഞ്ഞിനെ തൊട്ടുതലോടാനും പാലൂട്ടാനും കൊതിയില്ലാത്ത സ്ത്രീകള്‍ വിരളമാണെന്ന് പറയാറുണ്ട്. കുഞ്ഞ് എന്ന വികാരത്തോട് വളരെ ഊഷ്മളമായ, പകരംവയ്ക്കാനില്ലാത്ത ഒരുതരം സ്നേഹവും വാത്സല്യവുമാണ് മനുഷ്യര്‍ക്കുള്ളത്.

ഒരു ഗര്‍ഭിണി പ്രസവിച്ചു എന്നറിയുമ്പോള്‍ ഏറ്റവുമാദ്യം പലരും ചോദിക്കുന്ന കാര്യമാണ് സുഖപ്രസവമായിരുന്നോ എന്ന്. പിന്നീടാണ് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നോ എന്നുപോലും ചോദിക്കുക. ആദ്യത്തേത് സിസേറിയനാണെങ്കില്‍ പിന്നീട് അവര്‍ക്ക് സിസേറിയന്‍ മാത്രമേ നടക്കൂവെന്നും ധരിച്ചുവച്ചിരിക്കുന്നവരുണ്ട്. ഇവരെല്ലാം അറിയേണ്ട ചില കാര്യങ്ങളിലേക്കാണ് ഇനി ഈ എഴുത്ത് കടക്കുന്നത്.

അത്ര സുഖമല്ല സുഖപ്രസവം; സിസേറിയനും !

‘അത്ര സുഖമല്ല സുഖപ്രസവം’ ഇത് കേട്ടുതഴമ്പിച്ച വാചകമാണെങ്കിലും ഇത് മനസ്സിലാക്കാന്‍ പലരും തയ്യാറല്ല. ഒന്‍പത് മാസം ഒരു ജീവനെ ഉള്ളില്‍ ചുമന്ന്, അതിനെ സുരക്ഷിതമായി ഈ ലോകത്തിന് സമ്മാനിക്കുകയാണ് പ്രസവം എന്ന പ്രക്രിയയിലൂടെ ഒരമ്മ ചെയ്യുന്നത്. അത് സുഖപ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും അമ്മയും കുഞ്ഞും സുരക്ഷിതരാണോ എന്നതിലാണ് കാര്യം. രണ്ടായാലും ‘വേദന’ വേദന തന്നെയാണെന്ന ബോധ്യമുണ്ടാകണം. രണ്ടിലും ‘നൊന്ത്’ തന്നെയാണ് അമ്മ പ്രസവിക്കുന്നത്. സുഖപ്രസവത്തിനിടയില്‍ കുഞ്ഞിന്‍റെയോ അമ്മയുടെയോ ജീവനു തന്നെ അപകടമാകുന്ന സാഹചര്യമുണ്ടായാല്‍ ഉടന്‍ സിസേറിയന്‍ ചെയ്യുക എന്നതു മാത്രമാണ് മുന്നിലുള്ള വഴി. കുഞ്ഞ് വയറ്റില്‍ സ്ഥാനം മാറി കിടക്കുമ്പോഴും മറ്റ് മാര്‍ഗമില്ല. ഇതെല്ലാം കൃത്യമായി അറിയണമെങ്കില്‍ ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും കൃത്യമായ പരിശോധനകളും സ്കാനിങ്ങും വേണം. അതുകൊണ്ടാണ് ആശുപത്രിയില്‍ തന്നെ പോകണമെന്ന് പറയുന്നത്.

സിസേറിയനു ശേഷം സുഖപ്രസവം?

പൊതുവേ പലരിലുമുള്ള സംശയമാണ് സിസേറിയനു ശേഷം സുഖപ്രസവം സാധ്യമാണോ എന്നത്. ഈ ചോദ്യം ഗൈനക്കോളജിസ്റ്റുകളോട് ചോദിച്ചാല്‍ സാധ്യമാണ് എന്നാണ് മറുപടി. ഇതിന് വിബാക് എന്നാണ് പറയുന്നത്. സിസേറിയനു ശേഷമുള്ള സുഖപ്രസവം എന്നതിന്‍റെ ചുരുക്കെഴുത്താണിത് Vaginal birth after cesarean section (VBAC). പക്ഷേ അതിനു മറ്റ് ചില ഘടകങ്ങള്‍ കൂടി അനുകൂലമായിരിക്കണം. അമ്മയുടെ ആരോഗ്യാവസ്ഥ, ആദ്യത്തെ പ്രസവത്തിന്‍റെ രീതി, ആദ്യത്തെ കുഞ്ഞുണ്ടായതിനു ശേഷം എത്രനാളുകള്‍ക്കുശേഷമാണ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്? എത്രാമത് പ്രസവമാണിത്, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

വിബാക് എത്രത്തോളം വിജയകരമാണ്?

ഒരോ മനുഷ്യനും വ്യത്യസ്തനാണ്. അതുപോലെ തന്നെ ഒരോ ഗര്‍ഭാവസ്ഥയും വ്യത്യസ്തമാണ്. ആദ്യ പ്രസവത്തില്‍ കുഞ്ഞ് വയറ്റില്‍ സ്ഥാനംതെറ്റി കിടക്കുകയായിരുന്നു, പ്രസവത്തിനിടെ കുഞ്ഞിന്‍റെ ഹൃദയമിടിപ്പില്‍ വ്യതിയാനമുണ്ടായി, പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് സിസേറിയന്‍ നടന്നത് എങ്കില്‍ അടുത്തത് സുഖപ്രസവം ആകാം. 60 മുതല്‍ 80 ശതമാനം പേരിലും വിബാക് വിജയകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അവസാന മാസങ്ങളിലെ സ്കാനിങ്ങില്‍ മുന്‍പ് ചെയ്ത സിസേറിയന്‍റെ മുറിവ് എത്രത്തോളമുണ്ട് എന്നതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ കഴിയും. ആദ്യത്തെ മുറിവിന്‍റെ സ്റ്റിച്ചിട്ട ഭാഗം പൊട്ടുമോ എന്ന ഭയം ചിലര്‍ക്കുണ്ടാകാം. എന്നാല്‍ അതിനുള്ള സാധ്യത വളരെ വിരളമാണ്. ഏതാണ്ട് .5 ശതമാനം മാത്രം. ലേബര്‍ റൂമിലാണെങ്കില്‍ ഡോക്ടര്‍റും നഴ്സുമാരും ഇതെല്ലാം കൃത്യമായി നിരീക്ഷിക്കും. എന്തെങ്കിലും പ്രതികൂല സാഹചര്യം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ സിസേറിയന്‍ ചെയ്യും. ഇവിടെ ഡോക്ടറാണ് അന്തിമ തീരുമാനം പറയേണ്ടത്. അവിടെ വിബാക് വേണം എന്ന് വാശിപിടിച്ചിട്ട് കാര്യമില്ല.

വിബാക് നോക്കുന്നുവെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങളെല്ലാം ലഭ്യമായ ആശുപത്രിയില്‍ വേണം പോകാന്‍. കാരണം ഇത് രണ്ട് ജീവനുകളുടെ കാര്യമാണ്. പ്രസവം നടക്കുന്നില്ല, അടിയന്തരമായി സിസേറിയന്‍ ചെയ്യണം അല്ലെങ്കില്‍ രക്തം അധികമായി ആവശ്യം വന്നു തുടങ്ങിയ ഘട്ടത്തില്‍ പെട്ടെന്നു തന്നെ രോഗിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റാനും വേണ്ട ചികിത്സയും മരുന്നും അപ്പോള്‍ തന്നെ നല്‍കാനും സാധിക്കുമെന്ന് ഉറപ്പുള്ള ആശുപത്രി തിരഞ്ഞെടുക്കുക എന്നതും പ്രധാനമാണ്.

ENGLISH SUMMARY:

Vaginal birth after cesarean section is possible.