TOPICS COVERED

'പച്ചപ്പാല്‍' കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍ അടുത്തകാലത്ത് സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ക്ക് ഇത് അത്യുമമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലടക്കം പ്രചരിച്ച റീല്‍സുകളിലെ ഉള്ളടക്കം. എന്നാല്‍ ഈ 'വൈറല്‍ ടിപ്സി'ല്‍ എത്രത്തോളം വാസ്തവമുണ്ട്? ഗര്‍ഭാവസ്ഥയില്‍ തിളപ്പിക്കാത്ത പാല്‍ കുടിച്ചാല്‍ എന്ത് സംഭവിക്കും? വിശദമായി അറിയാം.

കറന്നെടുത്ത പശുവിന്‍പാലും ആട്ടിന്‍പാലുമെല്ലാം അതുപോലെ കുടിക്കുന്ന 'പഴമ'ക്കാരുടെ ആരോഗ്യത്തെ കുറിച്ചെല്ലാം ആളുകള്‍ വാതോരാതെ പറയുന്നത് വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം പതിവാണെങ്കിലും ഗര്‍ഭിണികള്‍ക്ക് ഇതത്ര നല്ലതല്ല. തിളപ്പിക്കാത്ത പാലില്‍ അപകടകാരികളായ ബാക്ടീരിയകളുണ്ടാകും. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.

കറന്നെടുത്ത 'ചൂട്'പാലില്‍ അതിസൂക്ഷ്മങ്ങളായ ഇ.കോളി,സാല്‍മണെല്ല, ലിസ്റ്റിരിയ, മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ്, ബ്രുസെല്ലാ, കോക്സില്ല എന്ന് വേണ്ട അപകടകാരികളായ ഒട്ടേറെ ബാക്ടീരിയകള്‍ ഉണ്ടാകാം. ഇവ അതിവേഗത്തില്‍ പെരുകുകയും ചെയ്യും. ഗര്‍ഭാവസ്ഥയില്‍ ഇത് ശരീരത്തിലെത്തുന്നത് അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്‍റെയും ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം.

ലിസ്റ്റീരിയ ബാക്ടീരിയ ഉള്ളിലെത്തിയാല്‍ തലച്ചോറിനെ ബാധിക്കുകയും ജീവഹാനിക്ക് കാരണമാകുകയും ചെയ്യും, സാല്‍മണല്ലയാവട്ടെ ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കും. ടൈഫോയിഡും വഴി വയ്ക്കും. ഇ–കോളി ഉള്ളിലെത്തിയാല്‍ മൂത്രാശയ അണുബാധയും പിടിപെടാം.

ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ പ്രത്യേകിച്ച് എച്ച്.ഐ.വി, കാന്‍സര്‍, പ്രമേഹരോഗികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ നിര്‍ബന്ധമായും തിളപ്പിക്കാത്ത പാല്‍ കുടിക്കുന്നത് തീര്‍ത്തും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 19–ാം നൂറ്റാണ്ടിലാണ് പാല്‍ തിളപ്പിച്ച് ഉപയോഗിക്കുന്ന രീതി ആരംഭിച്ചത്. അക്കാലത്ത് ക്ഷയരോഗം വ്യാപകമായിരുന്നു. പാലിലൂടെ രോഗാണു പകരുന്നുവെന്ന വ്യാപക പ്രചരണങ്ങളെ തുടര്‍ന്നാണ് പാല്‍ 30 സെക്കന്‍റ് നേരം തിളപ്പിച്ച ശേഷം ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രോട്ടീനിന്‍റെയും അമിനോ ആസിഡുകളുടെയും വിറ്റാമിനുകളുടെയും ഫാറ്റി ആസിഡിന്‍റെയുമെല്ലാം കലവറയാണ് പാല്‍.

ENGLISH SUMMARY:

Viral reels on TikTok and Instagram are urging pregnant women to drink unpasteurized milk for its health benefits. Is this good advice for soon-to-be mothers?