പ്രസവത്തിനു ശേഷം കേട്ടതും കേൾക്കാൻ സാധ്യത ഉള്ളതുമായ ചില കാര്യങ്ങളിൽ ബോധവൽക്കരണ കുറിപ്പുമായി സിദ്ധ ഡോക്ടർ അശ്വതി എസ് തമ്പാൻ. പുതിയ അമ്മമാർ അറിയാൻ എന്ന ക്യാപ്ഷനോടെയാണ് അവർ ഈ കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നോർമൽ ഡെലിവറിയും സിസേറിയനും കുഞ്ഞിനെ പുറത്തെടുക്കാനുള്ള രണ്ടു മാർഗങ്ങൾ മാത്രമാണെന്നും, രണ്ടായാലും അമ്മയെന്ന സ്ഥാനം തുല്യമാണെന്നും അവർ കുറിച്ചു. വേദന അറിഞ്ഞു പ്രസവിച്ചാലേ അമ്മയാവു എന്ന ചിന്താഗതിക്കാർ പ്ലീസ് സ്റ്റെപ് ബാക്ക് എന്നും പരിഹാസ രൂപേണ അവര്‍ പറഞ്ഞു.
ഒരു സ്ത്രീ അമ്മയായി കഴിഞ്ഞാൽ കുഞ്ഞിനെ പരിപാലിക്കുന്നതിൽ തെറ്റായ ഉപദേശവുമായി പലരും എത്തുന്ന പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രസവിച്ച ശേഷം അമ്മയോ കുഞ്ഞിനെയോ മറ്റൊന്നുമായോ മറ്റൊരാളുമായോ താരതമ്യം ചെയ്യരുതെന്നും, അതുണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ലെന്നും അവർ വ്യക്തമാക്കുന്നു. പഴമക്കാരുടെ ചില ചോദ്യങ്ങളും അതിന്‍റെ ഉത്തരങ്ങളുമായി രസകരമായ തരത്തിലാണ് ഈ പോസ്റ്റ്.
1. പ്രസവം ആയിരുന്നോ അതോ ഓപ്പറേഷൻ ആയിരുന്നോ
നോർമൽ ഡെലിവറിയും സിസേറിയനും കുഞ്ഞിനെ പുറത്തെടുക്കാനുള്ള രണ്ടു മാർഗങ്ങൾ മാത്രമാണ്. രണ്ടായാലും അമ്മയെന്ന സ്ഥാനം തുല്യമാണ്. വേദന അറിഞ്ഞു പ്രസവിച്ചാലേ അമ്മയാവു എന്ന ചിന്താഗതിക്കാർ പ്ലീസ് സ്റ്റെപ് ബാക്ക്. രണ്ടും വേദന ഉള്ള ഏർപ്പാട് ആണ്
2.കുഞ്ഞു വലുതായി വരുവല്ലേ, ഇച്ചിരി വെള്ളമോ ഗ്രേപ് വാട്ടറോ ഒക്കെ കൊടുക്കുന്നതിൽ തെറ്റില്ല
ജനിച്ച നാൾ മുതൽ 6 മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കാൻ കഴിവതും ശ്രമിക്കുക. പാലില്ല എങ്കിൽ ഡോക്ടറുടെ നിർദേശം തേടുക.
3. ഒന്നൊന്നര വയസു വരെയൊക്കെ പാലൂട്ടിയാൽ മതിയാകും, അല്ലേൽ കൊച്ച് ആഹാരം ഒന്നും വേണ്ടപോലെ കഴിക്കില്ല
രണ്ടര മൂന്ന് വയസുവരെയൊക്കെ പാലൂട്ടുന്നത് വളരെ മികച്ച തീരുമാനം ആണ്. കുഞ്ഞിന്‍റെ ആരോഗ്യത്തിന് അത്യുത്തമം.
4. പ്രസവിച്ചു കഴിഞ്ഞാൽ കിഴിയും വേതും കഷായലേഹ്യങ്ങളും നിർബന്ധം
ഇതെല്ലാം ശരീരത്തിന് വളരെ നല്ലതാണ്, ഗുണം ചെയ്യും. പക്ഷെ ഇതൊന്നും ഇല്ലെങ്കിൽ ദോഷം ഒന്നും ഉണ്ടാകില്ല. ചെയ്യുന്നതും ചെയ്യാത്തതും അവരവരുടെ താല്പര്യം. ചെയ്തില്ലെങ്കിൽ ജീവിതകാലം മുഴുവൻ വേദനയും ബുദ്ധിമുട്ടും ഉണ്ടാകും എന്ന് പറയുന്നത് അടിസ്ഥാനരഹിതം.
5. കുളിക്കുമ്പോൾ തിളച്ച വേതുവെള്ളം അടിവയറിലും സ്വകാര്യഭാഗത്തും ഒഴിക്കണം
തിളച്ച വെള്ളം ഒഴിക്കുന്നത് ഒരു കാരണവശാലും അനുവദിക്കരുത്. നമ്മുടെ പാകത്തിനുള്ള ചൂട് വെള്ളം മാത്രം ഉപയോഗിക്കുക. മുറിവ് കഴുകാൻ ചൂട് വെള്ളവും സോപ്പും ഉപയോഗിക്കാൻ ശ്രമിക്കുക
6. പ്രസവിച്ച പെണ്ണുങ്ങൾ വെള്ളം ഒരുപാട് കുടിക്കരുത്, വയർ ചാടും
വെള്ളം നന്നായി കുടിക്കണം. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് വെള്ളം അത്യാവശ്യം ആണ്
7. പ്രസവശേഷം 28 വരെ കട്ടിലിൽ നിവർന്നു കിടക്കുക. കാല് മടക്കിയോ പൊക്കിയോ ഒന്നും വെക്കാൻ പാടില്ല
ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഏത് രീതിയിലും കിടക്കാം. സ്റ്റിച്ച് പൊട്ടാൻ സാധ്യത ഉള്ളതിനാൽ ആദ്യ ആഴ്ചയിൽ ശ്രദ്ധിച്ചു കിടക്കുക. നോർമൽ ആണെങ്കിൽ ചെറുതായി നടന്നാലും കുഴപ്പമില്ല.
8. കുഞ്ഞിന് എക്കിട്ടം, തുമ്മൽ ഒക്കെ ഇടയ്ക്കിടയ്ക്ക് വരുന്നത് അമ്മയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ്, അല്ലെങ്കിൽ അമ്മയുടെ ഭക്ഷണരീതി കൊണ്ടാണ്
9മാസം ഗർഭപാത്രത്തിൽ കിടന്ന കുഞ്ഞിന് പുറത്തെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ കുറച്ചു സമയം വേണം. എക്കിട്ടവും തുമ്മലും ഒക്കെ പ്രതിരോധശേഷിയുടെയും ശാരീരിക വളർച്ചയുടെയും ലക്ഷണങ്ങളാണ്. ഒരുപാട് കൂടുതൽ എങ്കിലോ, പാല് കുടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കിലോ ഡോക്ടറുടെ നിർദ്ദേശം തേടുക
9.കുഞ്ഞുറങ്ങിയില്ലേ ഇനിയിപ്പോ ജോലികൾ ചെയ്യാമല്ലോ / പ്രസവിച്ചു 3 മാസം ആയിട്ട് ജോലിയൊക്കെ ചെയ്താൽ മതി. ശരീരം അനക്കണ്ട
രണ്ടും തെറ്റാണ്. കുഞ്ഞുറങ്ങുമ്പോൾ അമ്മയ്ക്കും ഉറങ്ങാൻ അവസരം കൊടുക്കുക. രാത്രിയിലെ ഉറക്കക്കുറവ് ശാരീരികമായും മാനസീകമായും അവളെ തളർത്തുന്നുണ്ടാകാം. ശരീരികമായി ബുദ്ധിമുട്ട് കുറഞ്ഞാൽ ചെറിയ രീതിയിൽ ജോലികൾ ചെയ്തു തുടങ്ങാം. അതിന് മാസക്കണക്കൊന്നുമില്ല. നോർമൽ ആണെങ്കിൽ 28 കഴിഞ്ഞു കുഞ്ഞിന്‍റെ തുണിയൊക്കെ കഴുകുന്നതിൽ തെറ്റൊന്നും ഇല്ല. കട്ടിപ്പണികൾ ഒഴിവാക്കുക
10. അടുത്ത കുട്ടി എപ്പോഴാ, പ്രസവം നിർത്തിയോ
ഇതൊക്കെ ഭാര്യയും ഭർത്താവും തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അവരുടെ സ്വകാര്യതയെ ബഹുമാനിക്കുക.
പഴമക്കാർ പറയുന്നതൊക്കെ അതുപോലെ അനുസരിച്ചു ജീവിക്കുന്നവർ ഉണ്ട്. അതൊന്നും തെറ്റ് എന്നല്ല,അങ്ങനെയുള്ളവരിലും പൂർണ ആരോഗ്യം ഉള്ളവർ ഉണ്ട്. ഒന്നിനെയും വില കുറച്ചു കാണുന്നില്ലെങ്കിലും ചിലതിന്റെയൊക്കെ ശാസ്ത്രീയവശം പറഞ്ഞെന്നെ ഉള്ളൂ. ഇതിലുപരി മാനസികമായി അമ്മമാർക്ക് സപ്പോർട്ട് കൊടുക്കണം. ഭർത്താവ് ആണെങ്കിലും വീട്ടുകാർ ആണെങ്കിലും കൊടുക്കുന്ന സ്നേഹവും, പരിഗണനയും അനുസരിച്ചാണ് ഓരോ അമ്മമാരുടെയും ആരോഗ്യം.
മരണത്തിന്റെ വാതിൽ വരെ കണ്ടിട്ടാണ് ഓരോ അമ്മയും കുഞ്ഞിന് ജന്മം കൊടുക്കുന്നത്. (അനുഭവം)
പ്രസവിച്ച ശേഷം അമ്മയോ കുഞ്ഞിനെയോ മറ്റൊന്നുമായോ മറ്റൊരാളുമായോ താരതമ്യം ചെയ്യാതിരിക്കുക. അതുണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. ഓരോന്നും മറ്റൊന്നുമായി വ്യത്യാസപെട്ടതാണ്. അത് കൂടെയുള്ളവർ മനസിലാക്കുക.