ഗർഭകാലത്ത് കുഞ്ഞ് നഷ്ടപ്പെട്ടതിന്‍റെ ദുഃഖം പങ്കുവച്ച് ഭോജ്‌പുരി നടി സംഭാവ്ന സേത്ത്. ഭർത്താവ് അവിനാശ് ദ്വിവേദിയുമൊന്നിച്ചുള്ള വ്ലോഗിലൂടെയാണ് അവർ ഈ വിവരം വെളിപ്പെടുത്തിയത്. ഈ കുഞ്ഞിനെ കിട്ടാനായി കഠിനമായ അവസ്ഥകളിലൂടെയാണ് തങ്ങൾ കടന്നു പോയതെന്നും, മൂന്നുമാസത്തിനിടെ 65 കുത്തിവയ്പ്പുകൾ എടുത്തെന്നും സംഭാവ്ന പറയുന്നു.
ഇരുവരും കുഞ്ഞിന് വേണ്ടിയുള്ള ദീർഘനാളത്തെ കാത്തിരിപ്പിലായിരുന്നു. ഐവിഎഫ് ചികിത്സയ്ക്ക് ശേഷമാണ് സംഭാവന ഗർഭം ധരിച്ചത്. സ്കാനിങ് കഴിഞ്ഞതോടെ ഇരട്ടക്കുട്ടികളായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നതായും ദമ്പതികൾ വിഡിയോയിൽ വ്യക്തമാക്കുന്നു.
‘കുഞ്ഞിനെ ലഭിക്കാനായി ഗർഭിണിയായ ശേഷം എത്ര കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ടെന്ന് എനിക്കു തന്നെ അറിയില്ല. ഏകദേശം 65 കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ടാവും. വളരെ വേദനാജനകമായിയ അനുഭവമാണിത്.’–സംഭാവ്ന പറഞ്ഞു.
‘വളരെ വിഷമത്തിലാണ് ഈ വിഡിയോ ചെയ്യുന്നത്. കുറേയായി ഈ മോശം അനുഭവത്തിലൂടെ ഞങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. നിർഭാഗ്യമെന്നല്ലാതെ എന്തു പറയാൻ, വീണ്ടും അതേ കാര്യം തന്നെ സംഭവിച്ചിരിക്കുന്നു. മൂന്നുമാസം ഗർഭിണിയായിരുന്നു സംഭാവ്ന. ഇന്നത്തെ സ്കാനിങ് കൂടി കഴിഞ്ഞ ശേഷം, ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിക്കാനിരിക്കുകയായിരുന്നു ഞങ്ങൾ. ഈ സ്കാനിങ്ങിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചിരിക്കുന്നതായാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല.’– അവിനാശ് വ്യക്തമാക്കുന്നു.