തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഐവിഎഫ് ചികിത്സയിലൂടെ, 500ഓളം കുഞ്ഞുങ്ങളെയാണ് ചികിത്സ തേടിയ ദമ്പതികള്‍ക്ക് സമ്മാനിച്ചതെന്ന് മന്ത്രി വീണ ജോര്‍ജ്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ടെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കുന്ന, കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ധാരാളം ദമ്പതിമാര്‍ നമ്മുടെയിടയിലുണ്ട്. അവര്‍ക്ക് മികച്ച ചികിത്സ ഏറ്റവും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തിയത്. പുതുതായി 5 ഡോക്ടര്‍മാരുടെ തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഹിസ്റ്ററോസ്‌കോപ്പി, ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സജ്ജമാക്കി. കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗാം അടുത്തിടെ ആരംഭിച്ചു.
ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍), ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇന്‍ജക്ഷന്‍ (ഐസിഎസ്ഐ) തുടങ്ങി വന്‍കിട കോര്‍പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്. ഐവിഎഫ് തീയറ്ററും, ലാപ്രോസ്‌കോപ്പി തീയറ്ററും പരിശോധനകള്‍ക്കായി ഐവിഎഫ് ലാബും ആന്‍ഡ്രോളജി ലാബും നിലവിലുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.