പ്രസവശേഷം നേരിട്ട ഭയാനകമായ അനുഭവം പങ്കുവച്ച് ഹാരി രാജകുമാരന്‍റെ ഭാര്യയും മുന്‍ ഹോളിവുഡ് താരവുമായ മേഗന്‍ മര്‍ക്കല്‍. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് സമാനമായ പ്രീ-എക്ലാംസിയ എന്ന അവസ്ഥയെ കുറിച്ച് പോഡ്‌കാസ്റ്റിലാണ് മേഗന്‍റെ വെളിപ്പെടുത്തൽ. 'കൺഫെഷൻസ് ഓഫ് എ ഫീമെയിൽ ഫൗണ്ടർ' എന്ന പോഡ്കാസ്റ്റില്‍ ബംബിൾ സ്ഥാപക വിറ്റ്‌നി വുൾഫ് ഹെർഡുമായുള്ള സംഭാഷണത്തിനിടെയാണ് മേഗന്‍ താന്‍ നേരിട്ട ഭയാനകമായ അവസ്ഥയെക്കുറിച്ച് തുറന്നുസംസാരിച്ചത്. താനും ഇതേ അവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയാണെന്ന് വിറ്റ്‌നി വുൾഫും വ്യക്തമാക്കി. ഇരുവരും അപൂർവവും ജീവന് തന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതുമായ രോഗത്തെ എങ്ങനെ നേരിട്ടുവെന്നതിനെ സംബന്ധിച്ച അനുഭവങ്ങളും പോഡ്കാസ്റ്റില്‍ പങ്കുവച്ചു.
'പ്രസവാനന്തരം ഞങ്ങള്‍ രണ്ടുപേര്‍ക്കും പ്രീ-എക്ലാംസിയ ഉണ്ടായിരുന്നു. തികച്ചും അപൂർവവും ഭയാനകവുമായ അനുഭവമാണത്'. ആ സമയത്ത് ഞങ്ങള്‍ക്ക് ഈ രോഗത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും മേഗന്‍ പറഞ്ഞു. ജീവിക്കുമോ അതോ മരിക്കുമോ എന്നുപോലും അറിയാത്ത അവസ്ഥയായിരുന്നതെന്ന് വിറ്റ്നിയും വ്യക്തമാക്കി. കുഞ്ഞിനെ നോക്കുന്നതിനൊപ്പം തന്നെ ഗുരുതര സാഹചര്യത്തെ നേരിടേണ്ടി വരുന്നത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന് മേഗൻ വിശദീകരിച്ചു. എന്നാല്‍ ആദ്യ പ്രസവത്തിലാണോ രണ്ടാമത്തെ പ്രസവത്തിലാണോ പ്രീ-എക്ലാംസിയ എന്ന രോഗാവസ്ഥ അനുഭവപ്പെട്ടതെന്ന് മേഗൻ വ്യക്തമാക്കിയില്ല.
ആദ്യകുഞ്ഞായ ആര്‍ച്ചിയെ പ്രസവിച്ചശേഷമുളള നിങ്ങളുടെ കുടുംബചിത്രം താൻ ഒരിക്കലും മറക്കില്ല എന്നാണ് മേഗൻ സംസാരിച്ചതിന് പിന്നാലെ വിറ്റ്നി പറഞ്ഞത്. ലോകം മുഴുവന്‍ ആര്‍ച്ചിയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. സ്ത്രീകള്‍ എങ്ങനെയാണ് പ്രസവശേഷം അധികം വൈകാതെ തന്നെ എഴുന്നേറ്റ് പുതിയ വസ്ത്രം ധരിച്ച് കുഞ്ഞിനെ ലോകത്തിന് കാണിച്ചു കൊടുക്കുന്നതെന്ന് താനന്ന് അത്ഭുതപ്പെട്ടിരുന്നുവെന്ന് വിറ്റ്നി പറഞ്ഞു. പ്രസവ ശേഷം ഉടൻ തന്നെ രക്തസമ്മർദം അമിതമായി ഉയരുന്നതും മൂത്രത്തിൽ അധിക പ്രോട്ടീൻ കാണപ്പെടുന്നതുമായ അവസ്ഥയാണ് പോസ്റ്റ്പാർട്ടം പ്രീ-എക്ലാംസിയ. മേഗന്‍റെ പോഡ്കാസ്റ്റ് പുറത്തുവന്നതോടെ ഈ ഒരു വിഷയത്തെ കുറിച്ച് സംസാരിച്ചതും അനുഭവങ്ങള്‍ പങ്കുവച്ചതും വലിയ കാര്യമാണെന്നാണ് സോഷ്യല്‍ ലോകത്തിന്‍റെ അഭിപ്രായം.