വിവാഹജീവിതത്തില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ലൈഗിംക ബന്ധം. വിശ്വാസവും സ്നേഹവുമൊക്കെ പോലെതന്നെ പ്രാധാന്യം ലൈഗിംകതക്കുമുണ്ട്. പലപ്പോഴും ദാമ്പത്യം തകരാനുള്‍പ്പടെ കാരണമാകുന്നത് ലൈംഗിക ബന്ധത്തിലെ പോരായ്മകളോ താല്‍പ്പര്യക്കുറവോ ഒക്കെയാകാം.
പലപ്പോഴും സ്ത്രീകളിലാണ് ഇത്തരത്തിലുള്ള താല്‍പ്പര്യക്കുറവുകള്‍ കാണാറ്. പ്രസവശേഷമാണ് കൂടുതല്‍പ്പേരിലും താല്‍പ്പര്യം കുറയാറ്. കുട്ടികളൊക്കെ ആയില്ലേ, പ്രായമായില്ലേ എന്നൊക്കെയുള്ള ചിന്താഗതികളാണ് ഇതിന് കാരണം. ഇതിന്‍റെ മറ്റൊരു കാരണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടികള്‍ ഉണ്ടാകാന്‍ വേണ്ടി മാത്രമാണെന്നുള്ള തെറ്റായ ധാരണയാണ്. ഈ ചിന്താഗതി കുടുംബജീവിതത്തില്‍ വിള്ളലുണ്ടാകാന്‍ പോലും കാരണമായേക്കാം. ശാരീരികവും മാനസികവുമായ മറ്റുകാരണങ്ങളും ഈ താല്‍പ്പര്യക്കുറവിന് പിന്നിലുണ്ടായേക്കാം.
സ്വന്തം ശരീരഘടനയില്‍ ആത്മവിശ്വാസമില്ലാതിരിക്കുക
തന്‍റെ ശരീരത്തിന് വേണ്ടത്ര ഭംഗിയില്ലെന്നും തന്‍റെ പങ്കാളിക്ക് അത് ഇഷ്ടപ്പെടില്ലെന്നുമുള്ള തോന്നല്‍ ആണ് മറ്റൊരു കാരണം. ഇതുകൊണ്ട് തന്നെ തന്‍റെ ശരീരം പങ്കാളിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ആത്മവിശ്വാസം ഇവര്‍ക്കുണ്ടാകില്ല. മോഡലുകളെ പോലെ ശരീരവടിവും പാടുകളും ഇല്ലാത്ത വെളുത്ത നിറമുള്ള ശരീരമാണ് സൗന്ദര്യമെന്നതാണ് പലരുടെയും ചിന്താഗതി ഇതാണ് ഈ അപകര്‍ഷത ബോധത്തിന് പിന്നില്‍. പങ്കാളിയുടെ ശരീരത്തില്‍ സംതൃപ്തരാകാത്ത പങ്കാളികളുമുണ്ട്. സിനിമാതാരങ്ങളെ പോലെയുള്ള ശരീര സൗന്ദര്യം തന്‍റെ പങ്കാളിക്ക് വേണമെന്ന് ആഗ്രഹിക്കുന്ന ഇത്തരക്കാര്‍ക്ക് പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടാകില്ല.
വേദന
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന വേദനയാണ് മറ്റൊരു കാരണം. യോനിയില്‍ അനുഭവപ്പെടുന്ന ഈ വേദന ലൈംഗിക താല്‍പര്യം കുറക്കാന്‍ കാരണമാകും. പലപ്പോഴും ഫോര്‍പ്ലേയുടെയും മറ്റും കുറവായിരിക്കാം ഈ വേദനയുടെ കാരണം. ആര്‍ത്തവത്തോട് അടുക്കുമ്പോള്‍ യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നതും ഈ വേദനക്ക് കാരണമാകും. കീമോ, റേഡിയേഷന്‍ തെറാപ്പി എന്നിവ ചെയ്തവര്‍ക്കും ഇത്തരം വേദനയുണ്ടാകാന്‍ സാധ്യതയുണ്ടാകും.
ഹോര്‍മോണ്‍ വ്യതിയാനം
സ്ത്രീ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നതും ലൈംഗികബന്ധത്തില്‍ താല്‍പര്യം കുറയുന്നതിന് കാരണമാകും. സ്ട്രെസ് ഹോര്‍മോണുകളുടെ വ്യതിയാനവും താല്‍പ്പര്യക്കുറവിന് കാരണമാകും. അമിതമായ സ്ട്രെസും ടെന്‍ഷനും ലൈംഗിക ബന്ധത്തിലെ താല്‍പര്യം കുറയാന്‍ കാരണമാകും.
മരുന്നുകളുടെ ഉപയോഗം
ചില മരുന്നുകളുടെ ഉപയോഗവും രോഗങ്ങളുമെല്ലാം ഇത്തരത്തില്‍ താല്‍പ്പര്യക്കുറവിന് കാരണമാകും. ചില മരുന്നുകളുടെ പ്രവര്‍ത്തനം വിരക്തി ഉണ്ടാക്കുന്നതിന് തന്നെ കാരണമാകും. ബന്ധങ്ങളിലെ ചില പൊരുത്തക്കേടുകളും ലൈംഗിക താല്‍പ്പര്യത്തില്‍ കുറവുണ്ടാക്കും. പങ്കാളിയെ സംശയം, മറ്റ് ബന്ധങ്ങള്‍ എന്നിവയൊക്കെയും ഇതിന് കാരണമാകാം.