നൊടിയിടയില്‍ കാഴ്ചകള്‍ മാറി മറയുന്ന കാലത്ത് ഒരു കാര്യത്തില്‍ മനസും ശരീരവും ഏകാഗ്രമാക്കാന്‍ നമ്മളെല്ലാം നന്നേ ബുദ്ധിമുട്ടാറില്ലേ? മറവിയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ഓര്‍മശക്തി വര്‍ധിപ്പിക്കാനും മനസ് ഏകാഗ്രമാക്കാനും സഹായിക്കുന്ന ചില യോഗാസനങ്ങള്‍ പരിചയപ്പെടാം. 

വൃക്ഷാസനം

മനസ്ഥൈര്യവും ഏകാഗ്രതയും വളരയധികം വേണ്ട യോഗാസനങ്ങളിലൊന്നാണ് വൃക്ഷാസന. ശീലമാക്കുംതോറും ഏകാഗ്രത വര്‍ധിക്കുമെന്നതാണ് ഈ യോഗാസനത്തിന്‍റെ ഗുണം. നിവര്‍ന്ന് നിന്ന ശേഷം ഒരു കാലില്‍ പൂര്‍ണമായും ബലം നല്‍കണം. മറ്റേ കാലെടുത്ത് നിലത്തുറപ്പിച്ച് നില്‍ക്കുന്ന കാലിന്‍റെ തുടയുടെ ഉള്ളിലായി ചേര്‍ത്ത് വയ്ക്കണം. കൈകള്‍ രണ്ടും ഇരു ചെവികളുടെയും വശങ്ങളിലൂടെ മുകളിലേക്ക് ഉയര്‍ത്തി കൂപ്പുകൈ പോലെ ചേര്‍ത്ത് പിടിക്കണം. നോട്ടം നേരെ മുന്നിലുള്ള വസ്തുവില്‍ ഉറപ്പിച്ച് 30 സെക്കന്‍റ് മുതല്‍ ഒരു മിനിറ്റ് വരെ ഈ നില്‍പ് തുടരാം. രണ്ട് കാലുകളും മാറി മാറിയാണ് വൃക്ഷാസനം ചെയ്യുക. ഓള്‍ട്ടര്‍നേറ്റിവ് കോംപ്ലിമെന്‍ററി മെഡിസിന്‍ ജേണലില്‍ വന്ന പഠനം അനുസരിച്ച് ഇത്തരം വൃക്ഷാസന ശ്രദ്ധയും മാനസിക സ്ഥൈര്യവും വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്.  

Image: static.toiimg.com

ഗരുഡാസനം

വൃക്ഷാസനം പോലെ അത്ര എളുപ്പമല്ല ഗരുഡാസനം. കുറച്ച് കൂടി മെയ്​വഴക്കവും ഏകാഗ്രതയും ഇതിന് ആവശ്യമാണ്. മുട്ടല്‍പ്പം വളച്ചാണ് ഗരുഡാസനം ചെയ്യുന്നത്. വലത്തേ തുടയിലൂടെ ഇടത് കാല് കൊണ്ട് ചുറ്റി വലത്തേ കാലിന് പിന്നിലായി ഇടത്തേ പാദം ചേര്‍ത്ത് വയ്ക്കുക. പിന്നീട് വലത്തേ കൈ ഇടത്തേ കൈയുടെ അടിയിലൂടെയെടുത്ത് കൈകള്‍ ചേര്‍ത്ത് പിടിക്കുക. ഈ സ്ഥിയില്‍ 20–30 സെക്കന്‍റ് നിന്ന ശേഷം അടുത്ത കാലും കൈയും ഉപയോഗിച്ച് ഗരുഡാസനം ചെയ്യാം. 

ബാലാസനം

കുട്ടികള്‍ നിലത്ത് കമിഴ്ന്ന് കിടക്കുന്നത് കണ്ടിട്ടില്ലേ? സ്വസ്ഥവും സമാധാനവുമായുള്ള കിടപ്പാണത്. സമ്മര്‍ദങ്ങളും ഉത്കണ്ഠയുമകറ്റാനും ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും ഈ യോഗാസനം സഹായിക്കുന്നു. കാല്‍പാദം രണ്ടും തറയില്‍ അമര്‍ത്തി നിലത്ത് പാദങ്ങളില്‍ ഇരിപ്പുറപ്പിക്കുക. മുന്നോട്ടാഞ്ഞ് നെറ്റി നിലത്ത് മുട്ടിച്ചശേഷം  രണ്ട് കൈകളും തലയുടെ രണ്ട് വശത്ത് കൂടെ മുന്നോട്ട് നിവര്‍ത്തി കൈപ്പത്തികള്‍ നിലത്തമര്‍ത്തി വയ്ക്കുക. ശ്വാസത്തില്‍ മാത്രം ശ്രദ്ധിച്ച് കുറച്ച് നിമിഷങ്ങള്‍ ഈ രീതിയില്‍ തുടരാം. 

സേതുബന്ധാസനം

സിംപിളായി പറഞ്ഞാല്‍ പേര് സൂചിപ്പിക്കുന്ന പോലെ പാലത്തിന്‍റെ ആകൃതിയില്‍ ശരീരത്തെ നിര്‍ത്തുന്നതാണ് ഈ യോഗാസനം. നിലത്ത് നിവര്‍ന്ന് കിടന്ന ശേഷം അരക്കെട്ട് മുകളിലേക്ക് ഉയര്‍ത്തി നില്‍ക്കുന്ന സേതുബന്ധാസനം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിക്കും. ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കുന്നതോടെ കൂടുതല്‍ ഓക്സിജന്‍ സ്വതന്ത്രമാകും. തലച്ചോറിലേക്ക് പോഷകങ്ങളുമെത്തും. ഇത് ക്രമേണെ ഓര്‍മശക്തിയെ വര്‍ധിപ്പിക്കുന്നു. 

സേതുബന്ധാസനം ചെയ്യുന്നതിനായി നിലത്ത് നിവര്‍ന്ന് കിടക്കുക. മുട്ടുകള്‍ മടക്കി പാദം രണ്ടും തറയില്‍ ഉറപ്പിക്കുക. കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വയ്ക്കുക. കാല്‍പാദം നിലത്തമര്‍ത്തി അരക്കെട്ട് മുകളിലേക്ക് ഉയര്‍ത്തുക. 30 സെക്കന്‍റ് മുതല്‍ ഒരു മിനിറ്റ് വരെ ഈ നില തുടരുക. മെല്ലെ അരക്കെട്ട് താഴ്ത്തി പൂര്‍വസ്ഥിതിയിലേക്ക് മടങ്ങാം. 

 പത്മാസനം

ധ്യാനിക്കുന്നതിനായി സാധാരണ ഇരിക്കുന്ന നിലയാണിത്. ചിന്തകള്‍ തെളിമയുള്ളതാക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും പത്മാസനത്തിലെ ഇരിപ്പ് സഹായിക്കും.  നിവര്‍ന്നിരുന്ന് ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ ഓക്സിജന്‍ കൂടുതലായി തലച്ചോറിലേക്ക് എത്തുമെന്നും പഠനങ്ങള്‍ പറയുന്നു. നിലത്ത് ഇരിക്കുക. വലത്തേ കാല്‍ ഇടത്തേ തുടയിലായും ഇടത്തേ കാല്‍ വലത് തുടയിലുമായി ചേര്‍ത്ത് വയ്ക്കുക. രണ്ട് കൈകളും കാല്‍മുട്ടുകളിലേക്ക് നിവര്‍ത്തി മുഖത്തിന് അഭിമുഖമായി വയ്ക്കുക. ഇരു കൈകളിയെയും ചൂണ്ടുവിരലിന്‍റെയും തള്ള വിരലിന്‍റെയും അഗ്രം ചേര്‍ത്ത്പിടിക്കുക. ശ്വാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.  

ശവാസനം

ശരീരത്തിന്‍റെയും മനസിന്‍റെയും പിരിമുറുക്കങ്ങള്‍ ഒരുപോലെ അകറ്റുന്ന യോഗാസനമാണിത്. ഓര്‍മശക്തി സ്വാംശീകരിക്കാനും ലക്ഷ്യബോധം വളര്‍ത്താനും ശവാസനം സഹായിക്കും. നിലത്ത് നിവര്‍ന്ന് കിടക്കുക. കാലുകള്‍ വിടര്‍ത്തി വയ്ക്കുക. കണ്ണുകള്‍ അടച്ച് ശ്വാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. 5–10 മിനിറ്റ് വരെ ശാന്തമായി ഈ നിലയില്‍ കിടക്കുക. സമ്മര്‍ദങ്ങള്‍ മെല്ലെ അകലുന്നത് അനുഭവിക്കാന്‍ കഴിയും. 

ENGLISH SUMMARY:

Here are some yoga positions that are particularly beneficial for improving focus and memory.