Image Credit: instagram.com/myriamhamer/instagram.com/sarahticha

TOPICS COVERED

മനസിനും ശരീരത്തിനും ഒരുപോലെ ഗുണകരമാണ് യോഗ. ആരോഗ്യം മെച്ചപ്പെടുത്താനും എപ്പോഴും ഊര്‍ജസ്വലതയോടെ ഇരിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമെല്ലാം യോഗ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തികച്ചും ശാസ്ത്രീയമായി വ്യായാമപദ്ധതിയിലൂടെയും  ഭക്ഷണക്രമീകരണത്തിലൂടെയും ശരീരത്തെ വഴക്കമുളളതും സ്വസ്ഥവുമാക്കിത്തീര്‍ക്കുന്ന ഒന്നാണ് യോഗ. എന്നാല്‍ എപ്പോഴാണ് യോഗ ചെയ്യേണ്ടത്? വെറും വയറ്റില്‍ യോഗ ചെയ്യാമോ ഇത്തരം സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. നാളെ മുതല്‍ യോഗ ചെയ്ത് തുടങ്ങണം എന്ന് മനസില്‍ തീരുമാനിച്ചാലും പലവിധ സംശയങ്ങള്‍ മൂലം യോഗ ചെയ്ത് തുടങ്ങാന്‍ കഴിയാത്തവരാണ് ഒട്ടുമിക്കവരും. 

ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

വയറൊഴിഞ്ഞ സമയത്താണ് യോഗ ചെയ്യേണ്ടത്. കട്ടിയുളള ഭക്ഷണം കഴിച്ചാല്‍ 3–4 മണിക്കൂറിന് ശേഷം മാത്രമേ യോഗ ചെയ്യാവൂ. ലഘുഭക്ഷണമാണെങ്കില്‍ പോലും 2 മണിക്കൂര്‍ ഇടവേളയെടുത്ത ശേഷം മാത്രം യോഗ ചെയ്യുക. പാനീയങ്ങളാണ് കുടിച്ചതെങ്കില്‍ അര മണിക്കൂറിന് ശേഷം യോഗ ചെയ്യാവുന്നതാണ്. യോഗ ചെയ്തതിന് പിന്നാലെ ഭക്ഷണം കഴിക്കുകയും ചെയ്യരുത്. ശരീരം ശാന്തമായ ശേഷം അതായത് യോഗ കഴിഞ്ഞ് അരമണിക്കൂര്‍ പിന്നിട്ടാല്‍ ഭക്ഷണം കഴിക്കാവുന്നതാണ്. അതിരാവിലെയാണ് യോഗ ചെയ്യാന്‍ ഏറ്റവും ഉത്തമം. അല്ലെങ്കില്‍ അസ്തമയത്തോട് അടുത്ത സമയവും യോഗക്കായി തിരഞ്ഞെടുക്കാവുന്നതാണ്. 

ലളിതമായ ആസനങ്ങളിലൂടെ വേണം യോഗ  ചെയ്ത് തുടങ്ങാന്‍. യോഗാഭ്യാസിയാകാനുള്ള അഭിനിവേശം കൊണ്ട് ആദ്യം തന്നെ കഠിനമായ ആസനങ്ങള്‍ ചെയ്യരുത്. ലളിതമായ ആസനങ്ങള്‍ ശീലിച്ച് ശരീരം വഴക്കമുളളതായി മാറിയാല്‍ മറ്റ് ആസനങ്ങളും ചെയ്ത് തുടങ്ങാവുന്നതാണ്. വളരെ ലളിതമായ വ്യായാമങ്ങള്‍ (warming up) ചെയ്ത ശേഷം യോഗയിലേക്ക് കടക്കുന്നതാണ് നല്ലത്. സൂര്യനമസ്കാരത്തോടെയും യോഗ ആരംഭിക്കാം. 

അതിരാവിലെ യോഗ ചെയ്യുന്നവര്‍ ഒരല്‍പം വെളളം കുടിച്ച ശേഷം യോഗ ആരംഭിക്കുന്നതും നല്ലതാണ്. നിര്‍ജലീകരണം തടയാന്‍ ഇത് സഹായിക്കും. എന്നാല്‍ വയറുനിറയെ വെളളം കുടിക്കുകയും ചെയ്യരുത്. യോഗ ചെയ്യാന്‍ തയ്യാറാകുമ്പോള്‍ അയഞ്ഞ വായുസഞ്ചാരമുളള പരുത്തി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വെറും തറയില്‍ ഇരുന്ന് യോഗ ചെയ്യുന്നതിന് പകരം പായയോ യോഗ മാറ്റോ ഉപയോഗിക്കാവുന്നതാണ്. ഇത് വിവിധ ആസനങ്ങള്‍ ചെയ്യുമ്പോള്‍ ഗ്രിപ്പ് കിട്ടാനും സഹായിക്കും. നിരവധി ഗുണങ്ങള്‍ യോഗ ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കും. മനസുഖം വര്‍ധിപ്പിക്കുന്നതിനും  ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ അകറ്റി നിര്‍ത്താനും പ്രതിരോധശക്തി മെച്ചപ്പെടുത്താനുമെല്ലാം യോഗ മികച്ചതാണെന്ന് യോഗാചാര്യന്‍മാര്‍ പറയുന്നു. 

ENGLISH SUMMARY:

Should yoga be done on an empty stomach?; know more about yoga practice