ഈയിടെയായി ദേഷ്യം വല്ലാതെ കൂടുന്നുണ്ടോ. തൊട്ടതിനും പിടിച്ചതിനുമൊക്കെ കലി തുള്ളുകയാണല്ലോ എന്ന് വീട്ടുകാരും കൂട്ടുകാരും പരാതി പറയുന്നുണ്ടോ. മാനസിക സമ്മര്‍ദം കൂടുന്നതാവാം. ശരിയായ ഉറക്കം, ആഹാരം, വിശ്രമം ഇവ ലഭിച്ചില്ലെങ്കില്‍ ശരീരത്തിനൊപ്പം മനസിന്‍റേയും താളം തെറ്റുക തന്നെ ചെയ്യും. മാനസിക ആരോഗ്യം െമച്ചപ്പെടുത്തുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്വയം പരിചരണം ആവശ്യം
ശരീരത്തിന്റെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കുന്നത് പോലെ മാനസികാരോഗ്യം കാത്തുരക്ഷിക്കാനും പരിശ്രമം ആവശ്യമാണ്. ഇതിന് അവനവനെ പരിചരിക്കേണ്ടത് അത്യാവശ്യമാണ്. നമുക്ക് സന്തോഷവും സമാധാനവും വിശ്രമവും തരുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുക. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, യാത്രകള്‍ പോവുക. ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, പ്രിയപ്പെട്ടവരെ കാണാനും സൗഹൃദം പുതുക്കാനും സമയം കണ്ടെത്തുക എന്നിവയെല്ലാം പ്രധാനമാണ്.
സജീവമായ ജീവിതശൈലി
നിത്യവും വ്യായാമം ചെയ്യുന്ന സജീവ ജീവിതശൈലി ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകളെ പുറത്തു വിടും. രാവിലെ എഴുന്നേറ്റ് പാര്‍ക്കിലോ കടല്‍ത്തീരത്തോ ഒരു നടത്തമോ നൃത്തം പോലുള്ള വ്യായാമങ്ങളോ ശരീരത്തിനെയും മനസ്സിനെയും ഊര്‍ജ്ജസ്വലമാക്കി വയ്‌ക്കും.
ആരോഗ്യകരമായ ഭക്ഷണം
പോഷണങ്ങള്‍ അടങ്ങിയ സന്തുലിതമായ ഭക്ഷണക്രമം മനസ്സിന്റെ ആരോഗ്യത്തെയും സഹായിക്കും. തലച്ചോറിനെ പരിപാലിക്കാന്‍ ആവശ്യത്തിനു വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. പുകവലി, മദ്യപാനം, ലഹരിമരുന്ന് എന്നിവയില്‍നിന്ന് അകലം പാലിക്കുക.
ആവശ്യത്തിന് ഉറക്കം
നല്ല ഗുണനിലവാരമുള്ള ഉറക്കം മാനസികാരോഗ്യത്തിന്റെ അടിസ്ഥാന ഘടകമാണ്. പതിവായി ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തുക. ഉറക്കത്തിന്റെ സമയം കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്.
സ്‌ക്രീന്‍ ടൈം പരിമിതപ്പെടുത്തുക
ഏറെ സമയം സ്‌ക്രീനിൽ നോക്കിയിരിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങള്‍. മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കണ്ട് സ്വയം അവരുമായി താരതമ്യപ്പെടുത്തുന്നത് ഉത്‌കണ്‌ഠയും മാനസിക സമ്മർദവും വർധിപ്പിക്കും. അതിനാല്‍ ഇടയ്‌ക്കിടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നും സാമൂഹിക മാധ്യമങ്ങളില്‍നിന്നുമെല്ലാം ബ്രേക്ക് എടുക്കുക.
ധ്യാനം,വ്യായാമം
ധ്യാനവും ശ്വസനവ്യായാമങ്ങളും സമ്മർദത്തെ അകറ്റാനും മനസ്സിനെ ശാന്തമാക്കി വയ്‌ക്കാനും സഹായിക്കും. യോഗയും മനസ്സിനെ നിയന്ത്രിക്കാന്‍ സഹായകമാണ്.
സാമൂഹിക ബന്ധങ്ങള്‍
സുഹൃത്തുക്കളും കുടുംബവുമായുള്ള അർഥപൂര്‍ണ്ണവും ആരോഗ്യകരവുമായ ബന്ധങ്ങള്‍ വൈകാരികവും മാനസികവുമായ ക്ഷേമത്തിന് അത്യാവശ്യമാണ്. നിങ്ങളുടെ പ്രശ്‌നങ്ങളും അനുഭവങ്ങളും പങ്കുവയ്‌ക്കാന്‍ വളരെ അടുത്ത ആളുകള്‍ നിങ്ങള്‍ക്കുണ്ടാകണം.
ലക്ഷ്യങ്ങള്‍
ലക്ഷ്യങ്ങളെ മാനേജ് ചെയ്യാന്‍ കഴിയുന്ന ചെറിയ ടാസ്‌കുകളായി വിഭജിക്കണം. എപ്പോഴും യാഥാർഥ്യവുമായി ബന്ധമുള്ള, നമുക്ക് കൈവരിക്കാവുന്ന ലക്ഷ്യങ്ങള്‍ കുറിക്കാന്‍ ശ്രദ്ധിക്കണം. യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ നിരാശയിലേക്കും വിഷാദരോഗത്തിലേക്കുമെല്ലാം നയിക്കാം. ചെറിയ വിജയങ്ങളെ പോലും ആഘോഷിക്കാനും മറക്കരുത്.
പ്രഫഷനല്‍ സഹായം
മാനസികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പ്രഫഷനല്‍ സഹായം തേടാന്‍ മടിക്കരുത്. തെറാപ്പിയും കൗണ്‍സിലിങ്ങും മനസ്സിന്റെ നിയന്ത്രണം വിട്ടു പോകാതിരിക്കാന്‍ സഹായിക്കും.
സമ്മര്‍ദ നിയന്ത്രണം
ജീവിതത്തില്‍ സമ്മര്‍ദമുണ്ടാക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി അവയെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണം. ടൈം മാനേജ്‌മെന്റ്, പ്രശ്‌ന പരിഹാരം, റിലാക്‌സ് ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍, നല്ല പാട്ടു കേള്‍ക്കല്‍, ചില കാര്യങ്ങള്‍ മറക്കാനും പൊറുക്കാനുമുള്ള സന്നദ്ധത എന്നിവയെല്ലാം സമ്മര്‍ദ ലഘൂകരണത്തില്‍ സഹായകമാകും.
മനസ് കൈവിട്ടുപോവാതെ നോക്കുകയെന്നതാണ് ആത്യന്തികമായി ചെയ്യേണ്ടത്. മാനസിക സമ്മര്‍ദം കൂടിയാല്‍ അത് നമ്മുടെ ജീവിതക്രമത്തെ സാരമായി ബാധിക്കും. ഉന്‍മേഷം നഷ്ടപ്പെടും. ക്രമേണ ആരോഗ്യത്തേയും ബാധിച്ചു തുടങ്ങും. അതിനാല് മാനസിക സമ്മര്‍ദത്തിന് അടിമപ്പെടാതെ ഊര്‍ജ്വസ്വലരായിരിക്കാന്‍ ശ്രദ്ധിക്കാം.