കേരളത്തിലേക്ക് നിക്ഷേപം  ആകര്‍ഷിച്ച്  സംസ്ഥാനത്തെ വ്യവസായ സൗഹൃദവും ഉല്‍പാദനക്ഷമവും ആക്കുകയാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത് . ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം എന്നതാണ്  വ്യവസായ വികസത്തിന്‍റെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചു.  കോവളം കൊല്ലം കൊച്ചി ബേപ്പൂര്‍, മംഗലാപുരം,ഗോവ എന്നിവയെ കോര്‍ത്തിണക്കി ക്രൂയിസ് ടൂറിസം ആരംഭിക്കും. കാരവന്‍ ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള വകയിരുത്തല്‍ ബജറ്റിലുണ്ട്.

സ്വകാര്യനിക്ഷേപം ആകര്‍ഷിച്ച് സര്‍ക്കാര്‍ നയംമാറ്റുമ്പോള്‍ വ്യവസായ അനുകൂല അന്തരീക്ഷമില്ലാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റുകയാണ് ആദ്യ കടമ്പ. വ്യവസയത്തിന് അനുകൂലമായ പശ്ചാത്തല വികസനം , മൂലധന ലഭ്യത ,സംരഭകത്വം,  ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവക്ക് പ്രഥമപരിഗണയാണ് ബജറ്റ് വാഗ്ദാനം ചെയ്യുന്നത്.   ഇന്‍ഡസ്ട്രിയല്‍  ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിന് കിഫ്ബിക്ക് കീഴില്‍  200 കോടി രൂപ കോര്‍പസ് ഫണ്ടായി വകയിരുത്തി.  സ്വകാര്യ സംരംഭകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും സ്ഥലസൗകര്യവും  നല്‍കുന്നതിന് പൊതുമേഖല സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ വരുന്നത് . മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മൂല്യമേറിയ ഇലക്ടോണിക്സ് ഉപകരണങ്ങള്‍ , പരിസ്ഥിതി സൗഹൃദ ഗ്രീന്‍ മൊബിലിറ്റി ടെക്ക് എന്നിവയ്ക്ക്  ഊന്നല്‍ നല്‍കും.  

കോവിഡ് പിന്നോട്ടടിച്ച സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ സ്വയം സംരഭകത്വം പ്രോല്‍സാഹിപ്പിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം   നാനോ സംരഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ വായ്പാധിഷ്ഠിത പദ്ധതികള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്‍ഡ് നല്‍കാന്‍ പദ്ധതിയുള്ളതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.   ഒരു കുടുംബം ഒരു സംരഭം എന്ന പദ്ധതിക്കായി 7 കോടി രൂപ അനുവദിച്ചു .  സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങള്‍ക്ക് എത്തിക്കുന്നതിന് സംസ്ഥാനത്തുടനീളം 2000 വൈ–ഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കും സ്റ്റാര്‍ട്ട് അപ്പ് മിഷനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്നുള്ള വാങ്ങലുകള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന ധനമന്ത്രി പ്രഖ്യാപിച്ചു.

സീ പ്ലെയിന്‍ എതിരെ സമരം ചെയ്ത സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ടൂറിസത്തിലേക്ക് ചെറു വിമാനങ്ങളെ ആകര്‍ഷിക്കുകയാണ്.  സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ചെറുവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ശൃംഖല സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. . ഐപിഎല്‍ മാതൃകയില്‍  ചാമ്പ്യന്‍സ് ബോട്ട് ലീഗ് 12 സ്ഥലങ്ങളില്‍ നടത്തുന്നതിനായി 15 കോടി രൂപ വകയിരുത്തി. കാരവന്‍  പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ അഞ്ചു കോടി വകയിരുത്തുന്നത് .