mbappe-goldenboot

ഫൈനലില്‍ ഹാട്രിക് നേടി ലയണല്‍ മെസിയെ പിന്നിലാക്കി ഗോള്‍ഡന്‍ ബൂട്ടുമായാണ് കിലിയന്‍ എംബാപ്പെ മടങ്ങുന്നത്. എട്ടുഗോളുകളുമായാണ് എംബാപ്പെ സുവര്‍ണപാദുകമണിഞ്ഞത്. ലോകകപ്പില്‍ എംബാപ്പെയുടെ ഗോള്‍നേട്ടം  പന്ത്രണ്ടായി. നാലുഗോളുകള്‍ കൂടി നേടിയാല്‍ 23കാരന്‍ എംബാപ്പെയ്ക്ക്  മിറോസ്ലാവ് ക്ലോസെയുടെ ലോകറെക്കോര്‍ഡ് മറികടക്കാം. 

 

വിശ്വം ജയിച്ച്, കനകകീരിടത്തിൽ മുത്തമിട്ട് രാജവിനെപ്പോലെ മെസിയും സംഘവും ലോകത്തിന്റെ നിറുകയിൽ നിൽക്കുമ്പോഴും ഫുട്ബോള്‍ ആരാധകരുടെ ഹൃദയം ഒരു ഇരുപത്തിമൂന്നു വയസുകാരനൊപ്പമാണ്. കരുക്കളെല്ലം വെട്ടിവീഴ്ത്തിയിട്ടും പോർക്കളത്തിൽ ഒറ്റയ്ക്ക് പൊരുതിയവൻ.  ഫ്രാൻസിന്റെ ഫൈനൽ വരെയുള്ള യാത്രയിൽ  തേര് തെളിച്ചയാള്‍. ലുസൈലിലെ അവസാനകളിയിൽ പോരാട്ടം ലയണൽ മെസിയെന്ന ഇതിഹാസവും കിലിയൻ എംബപെയെന്ന പ്രതിഭസവും തമ്മിലായിരുന്നു.ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിലായ ഫ്രാൻസ്. 

 

ചാമ്പ്യൻമാർ തോറ്റെന്നു ഉറപ്പിച്ച സമയം. എന്നാൽ തോല്‍ക്കാന്‍ തയാറല്ലാതെ എംബാപ്പെ നെഞ്ചുവിരിച്ച് നിന്നു. രണ്ടാം പകുതിയിൽ 97 സെക്കന്റ്കൾക്കിടയിൽ 2 ഗോളുകൾകൊണ്ട് അർജന്റീനയുടെ നെഞ്ചിൽ തീ കോരിയിട്ടു അയാൾ. അധികസമയത്തേക്ക് നീണ്ട കളിയിൽ മെസിയിലൂടെ തിരിച്ചുവന്ന അർജന്റീനക്ക് ഹാട്രിക് ഗോളിലൂടെ മറുപടി നൽകി എംബാപെ. 56 വർഷത്തിന് മുന്നേ പശ്ചിമജർമനിക്കെതിരായ ഫൈനലിൽ  ഇഗ്ലണ്ടിന്റെ ജഫ് ഹസ്റ്റ് നേടിയ ഹാട്രിക്കിന് ശേഷം ഫൈനലിൽ പിറക്കുന്ന രണ്ടാം ഹാട്രിക്, ടൂർണമെന്റിൽ 8 ഗോളുകളുമായി സ്വർണപാദൂകാവും അയാൾക്ക് സ്വന്തം. 19 ാം വയസില്‍ ആദ്യ ലോകകപ്പ് നേട്ടം. യൂറോകപ്പ് ചാംപ്യന്‍, 23–ാം വയസില്‍ രണ്ടാം ലോകകപ്പ് ഫൈനല്‍, ലോകകപ്പില്‍ ഇതുവരെ 12 ഗോളുകള്‍,ഷൂട്ടൗട്ടില്‍ ജയം അർജന്റീനക്കൊപ്പമെങ്കിലും കപ്പിനും മെസിക്കുമിടയില്‍ മറക്കാതെ കയ്യടിക്കണം എംബാപെക്ക്. കാരണം തോല്‍വിയിലും തലയുയര്‍ത്തിത്തന്നെയാണയാള്‍ മടങ്ങുന്നത്വരാൻ പോകുന്ന കാലം തന്റെതാണെന്ന് അടിവരയിട്ടുകൊണ്ട്.