ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു അര്‍ജന്‍റീനയുടെ ഹീറോ. ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവും ആരാധകരുടെ പ്രിയപ്പെട്ട എമിക്കാണ്

 

ചിറകുവിരിച്ച് ഗോള്‍ പോസ്റ്റില്‍ അയാള്‍ നിക്കുമ്പോള്‍ ഏത്   പെനല്‍റ്റി ഷൂട്ടൗട്ടും ടീമിന് നിസാരം. പുറമെ കാണുന്നവര്‍ക്ക് അവന്‍ അഹങ്കാരിയോ ധിക്കാരിയോ ഒക്കെയാകും. എന്നാല്‍ അര്‍ജന്‍റീനയ്ക്ക് എമിലിയാനോ മാര്‍ട്ടിനെസ് അവരുടെ രക്ഷകനാണ്. അര്‍ജന്‍റീനയും ഫുട്ബോളും ഉള്ള കാലത്തോളം വാഴ്ത്തിപ്പെടും ഈ പേര്. 

 

കോപ്പ അമേരിക്കയ്ക്ക് മുന്‍പുവരെ എമി അര്‍ജന്റൈന്‍ നിരയിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ല. എമിയുടെ മികവ് പുറത്തുവന്നത് കോപ്പ അമേരിക്ക സെമിഫൈനലില്‍. കൊളംബിയയുടെ മൂന്ന് കിക്കുകള്‍ തടുത്തിട്ട് സെമിയിലേക്ക് വഴികാട്ടി.

 

അടുത്തത് ഖത്തറില്‍ നെതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടറിലും കണ്ടു എമി മാജിക്. ഡച്ച് ടീമിന്‍റെ രണ്ട് കിക്കുകള്‍ തടുത്തിട്ട് വീണ്ടും ഷൂട്ടൗട്ട് വിപ്ലവം. ഫൈനലില്‍ എക്സ്ട്രാ ടൈമിന്‍റെ അവസാന നിമിഷങ്ങളില്‍ കോളോ മുവാനിയുടെ ഷോട്ട് എമിയില്‍ തട്ടി നിന്നില്ലെങ്കില്‍ തീര്‍ന്നേനേ അര്‍ജന്‍റീന. ഈ വിജയം റഷ്യന്‍ ലോകകപ്പ് ഗാലറിയിലിരുന്ന് കാണേണ്ടി വന്ന എമിലിയാനോ മാര്‍ട്ടിനെസിന്‍റെ മധുരപ്രതികാരം കൂടിയാണ്.