manju-kerala-can

കരുതലായി ആശ്വാസമായി തെന്നൽ പോലെ ഒഴുകിയെത്തി മഞ്ജു വാര്യരുടെ പാട്ട്. മലയാള ടെലിവിഷൻ രംഗത്തെ വേറിട്ട പ്രതിബദ്ധതാ പദ്ധതിയായ മനോരമ ന്യൂസ് കേരളാ കാന്‍റെ  നാലാം  പതിപ്പിന് തുടക്കമായി. അതിന്റെ ഭാഗമായി മഞ്ജുവാര്യർ തന്നെ പാടിയ പാട്ട് വലിയ വേദനയക്കുള്ള ആശ്വാസം കൂടിയായി മാറുകയാണ്. മൂന്ന് വർഷം മുമ്പ് മഞ്ജു പാടിയ പാട്ടും ശ്രദ്ധേയമായിരുന്നു. രതീഷ്‌വേഗയാണ് നാലാം പതിപ്പിലെ ഗാനത്തിനും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. 

 

കേരള കാന്‍റെ മൂന്ന് പതിപ്പുകള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയും സഹകരണവുമാണ് നാലാം പതിപ്പിനും ഊര്‍ജം. വിവിധ  കാന്‍സറുകള്‍, ചികില്‍സാ സൗകര്യങ്ങള്‍, അതിജീവനമാര്‍ഗങ്ങള്‍,  ചികില്‍സാരംഗത്തെ പ്രതിസന്ധികള്‍, കെണികള്‍ തുടങ്ങി രോഗത്തിന്‍റെ സാമൂഹിക സാമ്പത്തികതലംവരെ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്തു. 

 

ബോധവല്‍കരണമായിരുന്നു ആദ്യഘട്ടത്തിന്‍റെ ലക്ഷ്യമെങ്കില്‍ രോഗനിര്‍ണയത്തിനായിരുന്നു രണ്ടാഘട്ടത്തില്‍ ഊന്നല്‍. ആദ്യഘട്ടത്തില്‍ കൊച്ചി കാന്‍സര്‍ സൊസൈറ്റിക്ക് 50 ലക്ഷവും രണ്ടാംഘട്ടത്തില്‍ മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്ക് 50 ലക്ഷവും കൈമാറി. മൂന്നാം ഘട്ടത്തിന്‍റെ ലക്ഷ്യമായ ചികില്‍സ ഉറപ്പക്കലിനുവേണ്ടി എം.വി. ആര്‍ കാന്‍സര്‍ സെന്‍ററിന്‍റെ സഹകരണത്തോടെ ഒരു കോടിയുടെ ചികില്‍സാ പദ്ധതി നടപ്പാക്കി. ഇവയുടെ പ്രയോജനം ഇപ്പോഴും ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു

 

ഒരു കോടിയുടെ  സൗജന്യ ചികില്‍സ അര്‍ഹര്‍ക്ക് ലഭ്യമാക്കുക എന്നതാണ് നാലാം ഘട്ടത്തിന്‍റെയും ലക്ഷ്യം. അതിനായി കല്യാണ്‍ ജുവലേഴ്സും അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സും നടി മഞ്ജു വാരിയറും മനോരമ ന്യൂസിനൊപ്പം കൈകോര്‍ക്കുന്നു