cancer

TAGS

ആര്‍സിസിയില്‍ രോഗികളുടെ ആധിക്യവും അപര്യാപ്തതകളും കാരണം തൈറോയ്ഡ് കാന്‍സര്‍ ബാധിതരെ റേഡിയോ അയഡിന്‍ ചികില്‍സയ്ക്കായി അയക്കുന്നത്  കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക്. ഇരുപത്തിരണ്ട് സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ ചികില്‍സാ സംവിധാനമുള്ളപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ആര്‍സിസിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും മാത്രമാണ് പരിമിത സൗകര്യങ്ങളെങ്കിലുമുളളത്. ചികിത്സയൊരുക്കേണ്ട ന്യൂക്ളിയര്‍ മെഡിസിന്‍ വിഭാഗം തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല. ഇരുപത്തിരണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഡിപ്പാര്‍ട്മെന്റ് നോക്കുകുത്തിയാകുമ്പോള്‍ ലാഭം കൊയ്യുന്നത് സമീപത്തെ സ്വകാര്യ ആശുപത്രികളാണ്.  

തൈറോയ്ഡ് അര്‍ബുദ ബാധിതയായ ഇവരെ ‍‍‍ഞങ്ങള്‍  കണ്ടത് കോഴിക്കോട്ടേയ്ക്ക് റഫര്‍ ചെയ്ത ചീട്ടുമായി ആര്‍ സി സിയ്ക്ക് പുറത്തിറങ്ങിയപ്പോഴായിരുന്നു. ആര്‍ സി സിയില്‍ റേഡിയോ അയഡിന്‍ ചികില്‍സയ്ക്ക് മാസങ്ങള്‍ കാത്തിരിക്കണം. ഇതിനിടെ രോഗം ഗുരുതരമാകുമെന്നതിനാലാണ് കോഴിക്കോടേയ്ക്ക് അയയ്ക്കുന്നത്. രോഗത്തിന്റെ അവശതകള്‍ക്കിടയിലാണ് യാത്രാദുരിതമുള്‍പ്പെടെ ഇവര്‍ അനുഭവിക്കേണ്ടി വരുന്നത്.

ഈ ചികില്‍സ നല്കുന്ന ന്യൂക്ളിയര്‍ മെഡിസിന്‍ വിഭാഗം ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ഒരുമിച്ചാണ് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് ഇപ്പോഴും ഒപി സൗകര്യം മാത്രം. ന്യൂക്ളിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ അത്യാവശ്യം വേണ്ട പെറ്റ് സ്കാന്‍, സ്പെറ്റ് സ്കാന്‍ സൗകര്യങ്ങള്‍ പോലും ഇവിടില്ല. സൗകര്യങ്ങളൊരുക്കാന്‍ 2014, 2015 ബജറ്റുകളില്‍ എട്ടും പത്തും കോടി വീതം വകയിരുത്തിയെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇങ്ങനെ നോക്കുകുത്തിയാകുമ്പോള്‍ ഒരു തവണത്തെ ചികില്‍സയ്ക്ക് മാത്രം ഒന്നരലക്ഷം രൂപ വരെയാണ് സ്വകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്നത്.