സംസ്ഥാനബജറ്റിന്റെ കേന്ദ്രബിന്ദു സാമൂഹ്യസുരക്ഷയായിരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. മലയാളികള്‍ക്ക് സമ്പൂര്‍ണ സമൂഹ്യസുരക്ഷിതത്വകവചം തീര്‍ക്കും. ഗള്‍ഫിലെ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുക്കും. വളര്‍ച്ചയ്ക്ക് ഉതകുന്ന പുതിയ വ്യവസായങ്ങള്‍ക്ക് പരിഗണന ലഭിക്കും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടും. ധനകമ്മി നിയന്ത്രണത്തിൽ കേന്ദ്രം കൈകടത്തുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്നും ഐസക് പറഞ്ഞു. 

 

പ്രതീക്ഷയോടെ ഓഖി ദുരിതബാധിതർ, കെഎസ്ആർടിസി പെൻഷൻകാർ..

 

ഇന്ന് രാവിലെ ഒൻപതിനാണ് ധനമന്ത്രി തോമസ് ഐസക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുക. പദ്ധതി ചെലവ് നിയന്ത്രിക്കും. വകുപ്പുകളുടെ ആഡംബരവാഹനം വാങ്ങല്‍ ഉള്‍പ്പടെയുള്ള ധൂര്‍ത്ത് നിയന്ത്രിക്കും. വരുമാനവര്‍ധനയ്ക്ക് വിവിധ ഫീസുകള്‍ വര്‍ധിപ്പിക്കുമന്നും സൂചനയുണ്ട്. ഭൂനികുതി, റോയല്‍റ്റി, പാട്ടത്തുക, പിഴത്തുക എന്നിവ ഉയര്‍ത്തിയേക്കും. ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ചേക്കും. 

 

ഓഖിയുടെ പശ്ചാത്തലത്തില്‍ മല്‍സ്യബന്ധനമേഖലയ്ക്ക് 500കോടിരൂപയുടെ പാക്കേജ്  പ്രഖ്യാപിക്കുന്നതിനും സാധ്യതയുണ്ട്. കെ.എസ്.ആര്‍.ടിസിയുടെ പ്രതിസന്ധിപരിഹരിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും. കിഫ്ബി വഴി ഇക്കുറി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കില്ല.