കോൽകളി മൽസരം നടക്കുമ്പോൾ സദസിലേക്ക് കോൽകളി വേഷത്തിൽ ഒരു അതിഥിയെത്തി.. മൂന്നു വയസുള്ള ഈസ. രാത്രി ഏറെ വൈകിയും ഈസയായിരുന്നു പിന്നെ അവിടുത്തെ താരം.മൂന്നു വയസേയൊള്ളൂ ഈസക്ക്. കൈലി തുണിയും ടവലും ധരിച്ച് പനക്കോലും കൈയ്യിൽ പിടിച്ച് അവന്റെ ഒരു വരവുണ്ടായിരുന്നു. ഒരു ഒന്നൊന്നര വരവ്. ഹൈസ്കൂൾ വിഭാഗം കോൽകളി മൽസരം നടക്കുന്ന വേദി നാല് ടൗൺ ഹാളിൽ പിന്നെ അവനൊരു താരമായി.
കൊല്ലം തഴവ സ്വദേശിയായ കോൽകളി അധ്യാപകൻ ആഷിഖിന്റെ മകനാണ് കുഞ്ഞു ഈസ. പിതാവിന്റെ കോൽകളി അധ്യാപനമാണ് ഈസയുടെ താൽപര്യത്തിനു പിന്നിൽ.പിതാവ് കോൽക്കളി പഠിപ്പിക്കുന്ന തഴവ ആദിത്യ വിലാസം ജി എച്ച് എസിലേക്ക് മിക്ക ദിവസങ്ങളിലും ഈസയും പോകും. വിദ്യാർഥിക്കൊപ്പം പനക്കോലെടുക്കും. കൂടെ പാടും. അവന്റെതായ താളത്തിൽ കൊട്ടും.
മകന്റെ താൽപര്യം മനസിലാക്കിയ ആഷിഖ് അവനു വേണ്ടിയുള്ള വസ്ത്രവും കോലും തയ്യാറാക്കുകയായിരുന്നു.ഒരു പാട്ടു പാടുമോ എന്ന ചോദ്യത്തിന് ഒച്ചയില്ലാത്തൊരു പാട്ടു പാടി തന്നിട്ടുണ്ട് ഈസ.ഇനിയുള്ള കലോൽസവത്തിനെല്ലാം വരുമെന്നും സ്കൂളിൽ ചേരുന്ന കാലം കോൽകളിക്കുണ്ടാകും എന്നുമാണ് ഈസയുടെ ഉറപ്പ്.
A three-year-old boy became a star on the Kolkali stage