കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിപദവി കയ്യാളാന്‍ ഏറ്റവും യോഗ്യതയുള്ളതാര്‍ക്കെന്ന സര്‍വേയില്‍ ഒന്നാമത് പിണറായി വിജയന്‍. മനോരമന്യൂസ്–വിഎംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 27.5 ശതമാനം പേര്‍ പിണറായിയെ പിന്തുണച്ചു. പിണറായി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് ശശി തരൂരിനാണ്. 14.45 ശതമാനം പേര്‍ തരൂര്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സിപിഎമ്മില്‍ നിന്ന് പിണറായി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പിന്തുണ കെ.കെ.ശൈലജയ്ക്കാണ്. 14.37 ശതമാനം. പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് നാലാം സ്ഥാനത്ത്. 8.76 ശതമാനം പേര്‍ സതീശനെ പിന്തുണച്ചു. എം.വി.ഗോവിന്ദന്‍ (5.62), കെ.സി.വേണുഗോപാല്‍ (5.57), രമേശ് ചെന്നിത്തല (5.24), വി.മുരളീധരന്‍ (5.08), സുരേഷ് ഗോപി (4.85), തോമസ് ഐസക് (4.59), പി.കുഞ്ഞാലിക്കുട്ടി (2.87) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ തിരുവനന്തപുരത്ത് പിണറായിക്ക് മൃഗീയഭൂരിപക്ഷമുണ്ട്. 87.29 ശതമാനം പേര്‍ പിണറായിയെ പിന്തുണച്ചു. പത്തനംതിട്ട (67.42), ഇടുക്കി (55.74), കാസര്‍കോട് (32.62) വയനാട് (28.8), എറണാകുളം (28.52), കോട്ടയം (27.45) എന്നിവിടങ്ങളിലും പിണറായി ആരാധകര്‍ കൂടുതലുണ്ട്. എന്നാല്‍ കണ്ണൂരില്‍ 19.41 ശതമാനം പേര്‍ മാത്രമാണ് പിണറായിയെ പിന്തുണച്ചത്. കെ.കെ.ശൈലജയ്ക്ക് ഏറ്റവും പിന്തുണ കോട്ടയം മണ്ഡലത്തിലാണ്. 34.03 ശതമാനം. ഇടുക്കിയില്‍ 21.58 ശതമാനം പേരും എറണാകുളത്ത് 19.72 ശതമാനവും കൊല്ലത്ത് 19.62 ശതമാനവും ശൈലജയ്ക്കൊപ്പമാണ്. ആലത്തൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ശൈലജ ജനപിന്തുണയില്‍ പിണറായിയെ പിന്നിലാക്കി.
ശശി തരൂരിന് സംസ്ഥാനത്തുടനീളം ഏറെക്കുറെ സമാനമായ പിന്തുണ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ മണ്ഡലമായ തിരുവനന്തപുരം ഞെട്ടിച്ചു. തരൂരിനെ മുഖ്യമന്ത്രിയായി കാണാന്‍ അവിടെ അധികംപേര്‍ ആഗ്രഹിക്കുന്നില്ല. സര്‍വേയില്‍ പങ്കെടുത്ത 1.86 ശതമാനം പേര്‍ മാത്രമാണ് തിരുവനന്തപുരത്ത് തരൂരിനെ പിന്തുണച്ചത്. കോഴിക്കോട് (20.32), വടകര (19.83), കൊല്ലം (18.93), ആലത്തൂര്‍ (18.88), വയനാട് (18.27) എന്നിവിടങ്ങളിലാണ് തരൂര്‍ ആരാധകര്‍ കൂടുതല്‍.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ ഒന്നാംസ്ഥാനത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയാണ്. കോഴിക്കോട്ടും 7.8 ശതമാനം കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചു. ശശി തരൂരിന് പിന്നിലാണെങ്കിലും പ്രതിപക്ഷനേതാവ് വി.ഡി.സതീശന് വയനാട്, എറണാകുളം, കണ്ണൂര്‍, മലപ്പുറം, ചാലക്കുടി, പൊന്നാനി, ആലത്തൂര്‍ മണ്ഡലങ്ങളില്‍ ഭേദപ്പെട്ട പിന്തുണ ലഭിച്ചു. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ 8 ശതമാനത്തിലധികം പേര്‍ സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. വി.മുരളീധരന് പിന്തുണ കൂടുതല്‍ ആറ്റിങ്ങലിലാണ്. 12.09 ശതമാനം. ചാലക്കുടി, കോഴിക്കോട്, പാലക്കാട് മണ്ഡലങ്ങളിലും 8 ശതമാനത്തിലധികം പേര്‍ മുരളീധരനെ പിന്തുണച്ചു.
വടകര, വയനാട് മണ്ഡലങ്ങളിലാണ് രമേശ് ചെന്നിത്തലയ്ക്ക് 10 ശതമാനത്തിലധികം പേരുടെ പിന്തുണ ലഭിച്ചത്. ചാലക്കുടി, ആലപ്പുഴ മണ്ഡലങ്ങളില്‍ 8 ശതമാനം പേര്‍ വീതം ചെന്നിത്തലയെ മുഖ്യമന്ത്രിപദത്തില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആലത്തൂര്‍. ചാലക്കുടി, ആലപ്പുഴ, തൃശൂര്‍, വടകര, കോഴിക്കോട്, മലപ്പുറം മണ്ഡലങ്ങളില്‍ കെ.സി.വേണുഗോപാലും സ്വാധീനം തെളിയിച്ചു.
Shashi Tharoor second best CM choice after Pinarayi Vijayan says, Manorama News-VMR Mood of the State Survey. KK Shailaja in third position.