കേരള കോൺഗ്രസ് എം കളംമാറ്റിയിട്ടും കോട്ടയം യുഡിഎഫിനൊപ്പമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. വോട്ട് വിഹിതത്തിൽ നേരിയ കുറവുണ്ടായാലും ഫ്രാൻസിസ് ജോർജ് യുഡിഎഫിനുവേണ്ടി മണ്ഡലം പിടിക്കുമെന്നാണ് പ്രവചനം. മുന്നണിമാറ്റം കേര കോൺഗ്രസ് എമ്മിന് നഷ്ടമായെന്ന് ഒരു തിരഞ്ഞെടുപ്പുകൂടി തെളിയിക്കുകയാണ്. സിറ്റിങ് എംപി തോമസ് ചാഴികാടനേക്കാൾ ഫ്രാൻസിസ് ജോർജിന് 7.9 ശതമാനം വോട്ട് അധികം ലഭിക്കും.
എക്സിറ്റ് പോളിൽ 41.33 ശതമാനം പേരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാൻസിസ് ജോർജിന് വോട്ട് ചെയ്തത്. തോമസ് ചാഴിക്കാടന് ലഭിച്ചത് 33.43 ശതമാനവും. എന്‍.ഡി.എയ്ക്കായി രംഗത്തിറങ്ങിയ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി 20.2 ശതമാനം വോട്ട് നേടി.
2019നെ അപേക്ഷിച്ച് യുഡിഎഫിനും എല്‍.ഡി.എഫിനും വോട്ട് കുറയുമെന്നാണ് എക്സിറ്റ് പോൾ ഫലം. എന്‍ഡിഎ 2.99 ശതമാനം വോട്ട് കൂടുതൽ നേടും. യു.ഡി.എഫിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 4.9 ശതമാനം വോട്ട് കുറയും. എല്‍ഡിഎഫിന് 0.57 ശതമാനത്തിന്‍റെ കുറവ് മാത്രമേ ഉണ്ടായുള്ളൂ.
2019ൽ 1,06,259 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് തോമസ് ചാഴികാടൻ ഇപ്പോഴത്തെ മന്ത്രി വി.എൻ.വാസവനെ തോൽപ്പിച്ചത്. യുഡിഎഫിലായിരുന്ന ചാഴികാടന് 4,21,046 (46.24%) വോട്ടും വാസവന് 3,14,787 (34.57%) വോട്ടും എൻഡിഎ സ്ഥാനാർഥിയായിരുന്ന പി.സി.തോമസിന് 1,55,135 (17.04%) വോട്ടും ലഭിച്ചു.